തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ കെ ഫോൺ എന്ന പദ്ധതി നിർദ്ദേശിച്ചത് ശിവശങ്കർ ഐഎഎസാണ്. സ്വർണ്ണ കടത്തിൽ ശിവശങ്കർ കുടുങ്ങിയതോടെ കെ ഫോണും അവതാളത്തിലായി. പദ്ധതിയുടെ മുമ്പോട്ട് പോക്കു തന്നെ അവതാളത്തിലായി. പ്രഖ്യാപിത ലക്ഷ്യമൊന്നും നടന്നില്ല. ഇതോടെ വമ്പൻ പദ്ധതികൾ നടപ്പാക്കാനുള്ള പിണറായി സർക്കാരിന്റെ ശേഷി കുറവും ചർച്ചയായി. കെ ഫോണിനൊപ്പം വിഴിഞ്ഞവും ശബരിമല വിമാനത്താവളവും ചർച്ചകളിൽ നിറഞ്ഞു. ഇതിനെല്ലാം കാരണം എല്ലാം അറിയാവുന്ന ഉദ്യോഗ്‌സഥന്റെ അഭാവമായിരുന്നു.

സ്വർണ്ണ കടത്തിൽ കസ്റ്റംസ് കുറ്റപത്രം നൽകിയിട്ടും ശിവശങ്കർ തിരികെ സർവ്വീസിലെത്തി. സ്പോർട്സ് യുവജനകാര്യ ക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ശിവശങ്കർ. അതിനിടെ സിൽവർലൈൻ പദ്ധതി വിവാദത്തിൽ നിൽക്കെ, കെഫോൺ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ സർക്കാർ നിർദ്ദേശം എത്തുകയാണ്. ജൂണിൽ പദ്ധതി തീർക്കുന്നതിനായി ഓരോ മാസവും 3,000 കിലോമീറ്റർ വീതം ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കും. 35,000 കിലോമീറ്ററിൽ കേബിൾ സ്ഥാപിക്കേണ്ടതുണ്ട്. ഇന്നലെ വരെ ഇതിൽ 14,500 കിലോമീറ്റർ പൂർത്തിയായി. ഇത് വേഗത്തിലാക്കാനാണ് സർക്കാർ തീരുമാനം. കായിക വകുപ്പിൽ ഇരുന്ന് എല്ലാം ഇനി ശിവശങ്കർ നിരീക്ഷിക്കും. പദ്ധതി വേഗത്തിലുമാക്കും.

സിൽവർ ലൈൻ പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാകില്ലെന്നു വാദിക്കുന്നവർ രണ്ടു വർഷം കൊണ്ടു പൂർത്തിയാകുമെന്നു പ്രഖ്യാപിച്ച കെഫോൺ പദ്ധതി പൂർത്തിയാകാത്തതു ചൂണ്ടിക്കാട്ടിയിരുന്നു . ഇതോടെയാണു പദ്ധതി 'ടോപ് ഗിയറി'ലേക്കു മാറ്റാൻ നിർദ്ദേശം. 2017 മേയിൽ ഭരണാനുമതി ലഭിക്കുകയും 2019 മാർച്ചിൽ പ്രവൃത്തി തുടങ്ങുകയും ചെയ്ത പദ്ധതിയുടെ ആദ്യഘട്ടം നേരത്തേ ഉദ്ഘാടനം ചെയ്‌തെങ്കിലും പരീക്ഷണ ഘട്ടത്തിലാണ്. എവിടെയാണ് ഇത് നടപ്പാക്കിയതെന്ന് പൊതുജനത്തിന് കൃത്യമായി അറിയുകയുമില്ലെന്നും ആക്ഷേപം എത്തി. ഇതും പരിഹരിക്കും. കേരളം ഉടനീളം പാവങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് എന്ന പ്രഖ്യാപനവുമായാണ് ഈ പദ്ധതി തുടങ്ങിയത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ഏഴു ജില്ലകളിലായി 3019 സർക്കാർ ഓഫിസുകളാണ് ആദ്യഘട്ടത്തിൽ പ്രവർത്തനസജ്ജമായത് എന്നാണ് സർക്കാർ പറയുന്നത്. ഇതുൾപ്പെടെ സംസ്ഥാനത്താകെ 7,000 സർക്കാർ ഓഫിസുകളിൽ കെഫോൺ നെറ്റ്‌വർക്കിന് ആവശ്യമായ ഉപകരണങ്ങൾ സ്ഥാപിച്ചു. സ്‌കൂൾ, ആശുപത്രി, അക്ഷയ കേന്ദ്രങ്ങൾ, സർക്കാർ ഓഫിസുകൾ ഉൾപ്പെടെ 30,000 ഓഫിസുകളിലാണ് ഇതു പൂർത്തിയാകേണ്ടത്. 375 പോയിന്റ് ഓഫ് പ്രസൻസ് (പിഒപി) യൂണിറ്റുകളിൽ 216 എണ്ണത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. 141 പ്രീ ഫാബ് ഷെൽറ്ററുകൾ പൂർത്തിയായി. നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ച ഓഫിസുകളുടെ വിശദാംശം ഉൾപ്പെടുത്തിയുള്ള വെബ്‌സൈറ്റ് തയാറായി.

2600 കിലോമീറ്ററിലാണ് ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കേണ്ടത്. ഇതിൽ 2045 കിലോമീറ്റർ പൂർത്തിയായി. പദ്ധതി കമ്മിഷൻ ചെയ്യുന്നതിനൊപ്പം സർവീസ് പ്രൊവൈഡറെ ടെൻഡറിലൂടെ കണ്ടെത്തണം. ഇതിനുള്ള നടപടി വരും ദിവസങ്ങളിൽ തുടങ്ങും. ഇതിനെല്ലാം ശിവശങ്കറിന്റെ മേൽനോട്ടും പരോക്ഷമായി ഉണ്ടാകും. കെ ഫോണിൽ സർക്കാരിന് വന്ന പേരു ദോഷം മാറ്റാനാണ് ഇത്. പദ്ധതി പൂർണമായി ജൂണിൽ കമ്മിഷൻ ചെയ്താലും ഏതാനും മാസങ്ങൾ കൂടി പരീക്ഷണത്തിനു ചെലവിടേണ്ടി വരും.

1,548 കോടി രൂപയുടെ പദ്ധതി പൂർത്തിയാകുമ്പോൾ സർക്കാർ ഓഫിസുകൾക്കു പുറമേ, ബിപിഎൽ കുടുംബങ്ങൾക്കും സൗജന്യ ഇന്റർനെറ്റ് ലഭിക്കുമെന്നാണു സർക്കാർ വാഗ്ദാനം. രണ്ടു വർഷം കൊണ്ടു പൂർത്തിയാകുമെന്നു പറഞ്ഞ പദ്ധതി വൈകിയത്, കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോൾ നിർമ്മാണം തടസ്സപ്പെട്ടതു കൊണ്ടാണെന്നാണു വിശദീകരണം. ഐടി സെക്രട്ടറിയായിരുന്നു മുമ്പ് ശിവശങ്കർ. ഈ കാലത്താണ് കെ ഫോൺ പദ്ധതി അവതരിപ്പിക്കപ്പെട്ടത്.