- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിപിയുടെ കൊലയാളി സംഘത്തിലെ കൊടി സുനി ഒഴികെ എല്ലാവരും പുറത്ത്; അഭിനന്ദിനെതിരെ വധഭീഷണി ഉയരുന്നത് തിരുവഞ്ചൂരിന് ഭീഷണി എത്തിയതിന് പിന്നാലെ; ക്വട്ടേഷൻ ഏറ്റെടുത്തെന്നും കത്തിൽ മുന്നറിയിപ്പ്; പി ജെ ബോയ്സിന്റെ പേരിൽ എത്തിയ ഭീഷണിക്കത്ത് പോസ്റ്റു ചെയ്തത് കോഴിക്കോട് എസ്.എം സ്ട്രീറ്റിൽ നിന്നും; പിന്നിൽ സിപിഎം; ഭീഷണികൊണ്ട് വായടപ്പിക്കാൻ നോക്കേണ്ടെന്ന് കെ കെ രമ
വടകര: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ കൊലയാളി സംഘത്തിൽ കൊടി സുനി ഒഴികെ എല്ലാവരും പരോളിലാണ്. പരോളിൽ ഇറങ്ങിയവരിൽ ചിലർ വിവാഹം കഴിച്ച് മധുവിധു ആഘോഷിക്കുകയാണ്. മറ്റു ചിലർ സ്വർണ്ണക്കടത്ത് ക്വട്ടേഷനിലൂടെ കാശുണ്ടാക്കുന്നു. സിപിഎമ്മിനെതിരെ ചാനൽ ചർച്ചകളിൽ നിരന്തര വിമർശനം ഉന്നയിച്ചതിന്റെ പേരിൽ കൂടിയാണ് ആർ.എംപി സംസ്ഥാന സെക്രട്ടറി എൻ.വേണുവിനും കെ കെ രമ എംഎൽഎയുടെ മകനുമെതിരെ വധഭീഷണി എത്തിയത്. ഈ വിധഭീഷണിയെ നിസ്സാരമായി കാണാൻ സാധിക്കില്ലെന്നാണ് ടിപി കേസ് പ്രതികൾ ഇപ്പോൾ എവിടെയാണെന്ന് പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്.
സ്വർണ്ണക്കടത്തിൽ ആരോപണ വിധേയരായിട്ടു കൂടി ഇവരുടെ പരോൾ റദ്ദാക്കി തിരിച്ചയക്കാൻ സർക്കാർ തയ്യാറാകുന്നില്ല. കൊലയാളികൾക്ക് എല്ലാ ഒത്താശയും ചെയ്യുന്നത് സിപിഎം തന്നെയാണ് താനും. ഇക്കാര്യത്തിൽ പ്രതികരണം നടത്താൻ അധികമാരും തയ്യാറാകാത്ത ഘട്ടത്തിൽ പലപ്പോഴും പ്രതികരണവുമായി രംഗത്തുവരുന്നത് കെ കെ രമയായിരുന്നു. അതുകൊണ്ട് കൂടിയാണ് ഇപ്പോൾ ഭീഷണിക്കത്ത് എത്തിയത് എന്നതാണ് സംശയം. തന്റെ മകനുമെതിരെ വന്ന ഭീഷണിക്കത്തിന് പിന്നിൽ സിപിഎം ആണെന്ന് കെ.കെ രമ എംഎൽഎയും വ്യക്തമാക്കുന്ന സാഹചര്യം ഇതാണ്.
സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘങ്ങൾക്കെതിരേയും ഗുണ്ടാപ്രവർത്തനത്തിനെതിരേയും നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുന്നത് അവരെ അസ്വസ്ഥമാക്കുന്നുണ്ട്. ഓല പീപ്പി കാണിച്ച് പേടിപ്പിക്കേണ്ടെന്നും സിപിഎമ്മിന്റെ ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾക്കെതിരേ ഇനിയും സംസാരിച്ചുകൊണ്ടിരിക്കുമെന്നും കെ.കെ രമ വടകരയിൽ പറഞ്ഞു. തന്റെ മകനെ കത്തിൽ പരാമർശിക്കുന്നത് തന്നെ ഉദ്ദേശിച്ചാണ്. മകൻ രാഷ്ട്രീയത്തിലൊന്നും സജീവമല്ലാത്ത ആളാണ്. ഇത്തരം ഭീഷണിക്കത്തുകൾ മുൻപും നിരന്തരം വന്നിട്ടുണ്ട്, പരാതി കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും രമ ചൂണ്ടിക്കാട്ടി.
കോഴിക്കോട് എസ്.എം സ്ട്രീറ്റിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരവഞ്ചൂരിന് എതിരായ ഭീഷണിക്കത്തും വന്നത് കോഴിക്കോട്ടു നിന്നായിരുന്നു. ഇവിടേയുള്ള സി.സി.ടി.വി ദൃശ്യങ്ങളും മറ്റും നോക്കിയാൽ കത്തിന് പുറകിൽ ആരാണെന്ന് വ്യക്തമാവും. ഇത് നിസ്സാരമായ കാര്യമല്ല, പരാതി നൽകിയിട്ടുണ്ട്. പ്രതികളെ പിടികൂടാൻ പൊലീസ് ശ്രമിക്കണമെന്നും കെ.കെ രമ പറഞ്ഞു. അതേസമയം ടി.പിയുടെ മകനെ വളരാൻ അനുവദിക്കില്ലെന്നാണ് ഭീഷണി കത്തിൽ ഉള്ളത്. ആർ.എംപി നേതാവായ എൻ വേണുവിനെയും കൊലപ്പെടുത്തുമെന്നും കത്തിൽ ഭീഷണിയുണ്ട്. ചാനൽ ചർച്ചയിൽ തലശ്ശേരി എംഎൽഎ എ.എൻ ഷംസീറിനെതിരെ സംസാരിക്കരുതെന്നും ഭീഷണിക്കത്തിൽ പറയുന്നു
2014ലും തന്നെ കൊലപ്പെടുത്തുമെന്ന് കാണിച്ച് ഭീഷണിക്കത്ത് കിട്ടിയിട്ടുണ്ടെന്നും വേണു പറയുന്നു. എൻ. വേണുവിനെ അഭിസംബോധന ചെയ്താണ് കത്തു തുടങ്ങുന്നത്. ''സിപിഎമ്മിനെതിരെ മാധ്യമങ്ങളിൽ ചർച്ചയ്ക്കു വന്നാൽ ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി തീർത്തതു പോലെ 100 വെട്ടുവെട്ടി തീർക്കും. കെ.കെ.രമയുടെ മകൻ അഭിനന്ദിനെ അധികം വളർത്തില്ല. അവന്റെ മുഖം പൂക്കുല പോലെ നടുറോഡിൽ ചിന്നിച്ചിതറും. ജയരാജേട്ടനും ഷംസീറും പറഞ്ഞിട്ടു തന്നെയാണ് ഞങ്ങൾ ആ ക്വട്ടേഷൻ എടുത്തത്. ഒഞ്ചിയം പഞ്ചായത്ത് മുൻ പ്രസിഡന്റിന്റെ വെട്ടിയ കണക്ക് കണ്ണൂരിലെ പാർട്ടിക്ക് തരണ്ട. അത് വടകര ചെമ്മരത്തൂരിലെ സംഘമാണ് ചെയ്തത്. അവർ ചെയ്തതു പോലെയല്ല ഞങ്ങൾ ചെയ്യുക'' എന്നും കത്തിൽ പറയുന്നു.
റെഡ് ആർമി കണ്ണൂർ ആൻഡ് പിജെ ബോയ്സ് എന്ന പേരിലാണ് കത്തയച്ചിരിക്കുന്നത്. നേരത്തെ കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ടിപി വധക്കേസ് പ്രതികളായ കൊടി സുനിയുടെയും മഹമ്മദ് ഷാഫിയുടെയും പൊടിക്കൽ ക്വട്ടേഷനുകളുടെ കൂടുതൽ വിവരങ്ങൾ വരുന്നതിനിടെയാണ് തിരുവഞ്ചൂര് രാധാകൃഷ്ണന് വധഭീഷണി എത്തിയത്. തിരുവഞ്ചൂർ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ടിപി വധക്കേസിലെ കൊടി സുനിയെ സാഹസികമായി മുടക്കോഴിമലയിൽ പോയി പിടികൂടിയത്. കേസ് അന്വേഷണത്തിൽ സർക്കാർ ഇടപെടില്ലെന്നും തിരുവഞ്ചൂർ അന്ന് നിലപാടെടുത്തിരുന്നു. ഏതായാലും തിരുവഞ്ചൂരിനോട് ടിപി കേസ് പ്രതികൾക്കുള്ള പകയാണ് എംഎൽഎ ഹോസ്റ്റലിലേക്ക് വന്ന ഊമക്കത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന ലഭിച്ചതും.
10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയേയും മക്കളേയും ഉൾപ്പെടെ വധിക്കുമെന്നാണ് ഊമക്കത്തിൽ പറഞ്ഞിരുന്നത്. തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ക്രിമിനൽ പട്ടികയിൽ പെടുത്തിയതിന്റെ പ്രതികാരമാണെന്നു കത്തിൽ പറയുന്നു. ടിപി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാമെന്ന് തിരുവഞ്ചൂർ പ്രതികരിച്ചിരുന്നു. തനിക്കെതിരായ ഭീഷണിക്കത്തിന്റെ ഉറവിടം കണ്ടെത്തണം. ഭീഷണിയിൽ ഭയപ്പെടുന്നില്ല, പ്രത്യേക സുരക്ഷ ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.വളരെ വാശിയും വേദനയുമുള്ള കത്താണിതെന്നും ആഭ്യന്തരമന്ത്രിയായിരിക്കെ തന്റെ കൃത്യനിർവഹണം മൂലം ജയിലിലാക്കപ്പെട്ട ആളായിരിക്കാം കത്തെഴുതിയതെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോട് പറഞ്ഞു.
'വളരെ വാശിയും വേദനയുമുള്ള കത്താണിതെന്നാണ് മനസ്സിലായത്. എനിക്കങ്ങനെ നിത്യ ശത്രുക്കളൊന്നുമില്ല. ഞാൻ രാഷ്ട്രീയത്തിൽ എല്ലാവരുമായിട്ടും നല്ല സൗഹൃദത്തിലും നല്ല സംതൃപ്തിയിലും കഴിഞ്ഞു കൂടുന്ന ആളാണ്. ഉത്തരവാദിത്വം കൃത്യതയോടു കൂടി സംസ്ഥാനത്തിന്റെ പൊതുതാൽപര്യം കണക്കിലെടുത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭയപ്പാടില്ലാതെ ജനങ്ങൾക്ക് ജീവിക്കാൻ പറ്റുന്നതിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആ നടപടികളിൽ ക്ഷതമേറ്റ ആരെങ്കിലുമായിരിക്കും. അങ്ങനെയെങ്കിൽ എനിക്കവരോട് സഹതപിക്കുകയേ നിവൃത്തിയുള്ളൂ' തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ