- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ കെ ശൈലജയെ ഒഴിവാക്കിയത് ദേശീയ മാധ്യമങ്ങളിൽ വലിയ വാർത്ത; ശൈലജയ്ക്ക് ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ച കേന്ദ്ര നേതാക്കൾ കടുത്ത അതൃപ്തിയിൽ; അടുത്ത സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ചയായേക്കും; സൈബർ ഇടത്തിൽ പ്രതിഷേധം തുടരുമ്പോഴും പാർട്ടി തീരുമാനം മാറില്ലെന്ന് വ്യക്തമാക്കി എ വിജയരാഘവൻ
തിരുവനന്തപുരം: റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു കയറിയിട്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താതെ കെ കെ ശൈലജയെ പുറന്തള്ളിയതിൽ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ കടുത്ത എതിർപ്പെന്ന് റിപ്പോർട്ടുകൾ. ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് അടുത്ത സിപിഎം കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തും. വിഷയം ഉന്നയിക്കാൻ ചില കേന്ദ്ര നേതാക്കൾ തീരുമാനിച്ചു. കെ കെ ശൈലജയെ ഒഴിവാക്കിയത് ദേശീയ മാധ്യമങ്ങളിൽ അടക്കം വലിയ വാർത്തയായിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര കമ്മിറ്റി ഈ വിഷയം പരിശോധിക്കാൻ ഉദ്ദേശിക്കുന്നത്.
പല നേതാക്കൾക്കും വിഷയത്തിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. പുതുമുഖങ്ങളെ മന്ത്രിസഭയിൽ കൊണ്ടുവരുമെന്ന് പറഞ്ഞപ്പോഴും കെ കെ ശൈലജയ്ക്ക് ഇളവുണ്ടാകുമെന്നായിരുന്നു കേന്ദ്ര നേതാക്കൾ കരുതിയിരുന്നത്. പഴയ ടീമിനെ മുഴുവനായി മാറ്റുകയെന്നത് സംസ്ഥാന കമ്മിറ്റി ഏക കണ്ഠമായി എടുത്ത തീരുമാനമെന്നാണ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്.
കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോ യോഗവും അടുത്ത മാസം ചേരാനാണ് സാധ്യത അപ്പോൾ ഈ വിഷയം ചർച്ച ചെയ്യും. റിയാസിനെ മന്ത്രിയാക്കതിനെ പറ്റിയും ചോദ്യങ്ങൾ ഉയരും. ദേശീയ തലത്തിൽ സിപിഎമ്മിനെതിരെ ആരോപണങ്ങൾ ഉയരാനുള്ള സാധ്യത നിലനിൽക്കെയാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം.
അതേസമയം രണ്ടാം പിണറായി മന്ത്രിസഭയിൽ കെ.കെ. ശൈലജ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയ പാർട്ടി തീരുമാനം മാറില്ലെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ വ്യക്തമാക്കി. ശൈലജയ്ക്ക് വേണ്ടിയുള്ള പ്രചാരണം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പാർട്ടിയുടേത് രാഷ്ട്രീയവും സംഘടനാപരവുമായ തീരുമാനമാണെന്നും വിജയരാഘവൻ പറഞ്ഞു. കെ.കെ. ശൈലജയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണം ഉയർന്നുവരുന്ന സാഹചര്യത്തിലാണ് വിജയരാഘവന്റെ പ്രതികരണം.
രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ പുതിയ ആളുകൾ വരണമെന്ന് പാർട്ടിയാണ് തീരുമാനിച്ചതെന്നും അതാണ് നടപ്പിലാക്കിയതെന്നും കെകെ ശൈലജ ടീച്ചർ പ്രതികരിച്ചു. പാർട്ടി തീരുമാനമാണ് കഴിഞ്ഞ മന്ത്രിസഭയിലെ ആരും ഇത്തവണ തുടരേണ്ടതില്ലെന്നത്. അത് എല്ലാവരും അംഗീകരിച്ചു. മാധ്യമങ്ങൾ ഉയർത്തുന്ന വെട്ടിനിരത്തൽ ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി. മന്ത്രിയെന്ന നിലയിൽ കഴിവിന്റെ പരമാവധി താൻ ചെയ്തെന്നും തന്റെ സ്ഥാനത്ത് മറ്റൊരാൾ വന്നാലും അത് തന്നെ ചെയ്യുമെന്നും അവർ വ്യക്തമാക്കി.
''എംഎൽഎ എന്നത് അത്ര ചെറിയ ജോലിയൊന്നുമല്ല. പാർട്ടി നിശ്ചയിക്കുന്നത് എന്താണോ, അതാണ് ചെയ്യുന്നത്. മണ്ഡലത്തിലെ ജനങ്ങൾ അവരുടെ എംഎൽഎയായിരിക്കാനാണ് വലിയ ഭൂരിപക്ഷത്തിൽ എന്നെ വിജയിപ്പിച്ചത്. ബാക്കി തീരുമാനിക്കേണ്ടത് പാർട്ടിയും മുന്നണിയുമാണ്. അത് എന്തായാലും മട്ടന്നൂരിലെ ജനവും ഞാനും അംഗീകരിക്കേണ്ടതാണ്. ഇടതുമുന്നണിയുടെ തുടർഭരണമാണ് ജനം ആഗ്രഹിച്ചത്. അതിൽ ഇന്ന അംഗം വേണമെന്ന് അവർ വിചാരിക്കില്ല. ആരോഗ്യമന്ത്രിയെന്ന നിലയിൽ എന്റെ സ്ഥാനത്ത് വേറൊരാൾ വന്നാലും അത് ഉത്തരവാദിത്വത്തോടെ തന്നെ ചെയ്യും. ഇടതുമുന്നണി സർക്കാരാണ് എല്ലാ പ്രവർത്തനങ്ങളും ചെയ്തത്. അതിൽ ആരോഗ്യമന്ത്രിയെന്ന നിലയിൽ എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം ഞാൻ ചെയ്തു. എനിക്ക് നൽകിയ പിന്തുണ, അടുത്ത വരുന്ന വ്യക്തിക്കും ജനങ്ങൾ നൽകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ എന്നെക്കാളും മികച്ച രീതിയിൽ ഇനി വരുന്നയാൾ ചെയ്യും.''
''ഒരുപാട് കഴിവുള്ളവരാണ് അടുത്ത മന്ത്രിമാർ. അവർക്ക് പ്രത്യേക ഉപദേശത്തിന്റെ കാര്യമില്ല. അഞ്ചു വർഷത്തെ അനുഭവത്തിന്റെ പുറത്ത്, സത്യസന്ധമായി പ്രവർത്തിക്കുക, പ്രശ്നങ്ങൾ കണ്ട് ഉടൻ പരിഹരിക്കാൻ ശ്രമിക്കുക എന്നാണ് അവരോട് പറയാനുള്ളത്. ആരോഗ്യവകുപ്പ് മന്ത്രിസ്ഥാനത്തേക്ക് എല്ലാവരും യോഗ്യരാണ്. ആരാണ് വകുപ്പ് കൈകാര്യം ചെയ്യുകയെന്നാണ് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ചരിത്രവിജയമാണ് ഇടതുമുന്നണി ഇത്തവണ നേടിയത്. നല്ല ഭൂരിപക്ഷത്തിലാണ് വന്നത്. അതുകൊണ്ട് പ്രതിസന്ധികളെയെല്ലാം അതിജീവിക്കാനുള്ള കരുത്ത് മുന്നണിക്ക് കൂടിയെന്നാണ് എന്റെ വിശ്വാസം.സോഷ്യൽമീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾക്ക് രണ്ടുദിവസത്തെ ആയുസ് മാത്രമായിരിക്കും. അതാണ് സമൂഹത്തിന്റെ രീതി.' ശൈലജ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ