എല്ലാം പെർഫെക്ട് ഒകെയെന്ന് മുഖ്യമന്ത്രിയും പരിവാരങ്ങളും പറയുമ്പോൾ സ്വന്തം പാളയത്തിൽ നിന്നുയർന്ന വിമർശനം; കോവിഡ് സഹായം അപര്യാപ്തമെന്ന് പറഞ്ഞ ശൈലജയുടെ വാക്കുകളിൽ ഞെട്ടൽ; ഭരണപക്ഷം ക്ഷീണത്തിൽ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കോവിഡ് പ്രതിരോധം പ്രതിപക്ഷം നിയമസഭയിൽ ആയുധമാക്കുമ്പോൾ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ വിമർശനം. കോവിഡ് മൂലം പ്രതിസന്ധിയിൽ ആയവർക്ക് സർക്കാർ സഹായം ഒരുക്കണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് ശൈലജ ഇന്ന് രംഗത്തുവന്നത്. ശ്രദ്ധ ക്ഷണിക്കലായാണ് വിഷയം അവർ ഉയർത്തുകൊണ്ടുവന്നത്. സർക്കാർ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെങ്കിലും അത് സാധാരണക്കാരിലേക്ക് എത്തുന്നില്ലെന്ന പ്രതിപക്ഷ വിമർശനത്തെ ശരിവെക്കുന്ന വിധത്തിലായിരുന്നും ശൈലജയുടെ വാക്കുകൾ.
മുൻ സർക്കാരിലെ സമർത്ഥയായ മന്ത്രി എന്ന വിശേഷണം സ്വന്തമാക്കിയ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് സർക്കാരിനെ വിമർശിച്ച് ശ്രദ്ധേയയായത്. കോവിഡ് കാലത്ത് പ്രതിസന്ധിയിലായ ജന വിഭാഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ അപര്യാപ്തമാണെന്നായിരുന്നു മുഖം നോക്കാതെ മുന്മന്ത്രിയുടെ വിമർശനം. മുഖ്യമന്ത്രിയും പരിവാരങ്ങളും എല്ലാം ശരിയാണെന്ന് ആവർത്തിക്കുന്നതിന് ഇടയിലായാണ് സ്വന്തം പാളയത്തിൽ നിന്നുള്ള വിമർശനവും ഉയർന്നു വന്നത്.
ഇപ്പോൾ പ്രഖ്യാപിച്ച പദ്ധതികൾ താൽക്കാലിക പരിഹാരം മാത്രമേ ആകുന്നുള്ളൂ എന്ന് അവർ സൂചിപ്പിച്ചു. കൈത്തറി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വേഗത്തിൽ വിതരണം ചെയ്യണമെന്നും ഓണം റിബേറ്റ് 10% കൂട്ടണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു. ക്ഷേമനിധി മതിയാവില്ല. പ്രത്യേക പാക്കേജ് വേണം. പലിശ രഹിത വായ്പ വേണം തുടങ്ങിയ കാര്യങ്ങളും അവർ ഉന്നയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലൊക്കെ പ്രതിപക്ഷം സഭയിൽ ഉന്നയിച്ച തരത്തിലുള്ള വിമർശനമാണ് ഇന്ന് ഭരണപക്ഷ ബെഞ്ചിൽ നിന്നും ഉയർന്നത് എന്നതാണ് പ്രത്യേകത. ശ്രദ്ധക്ഷണിക്കലിന് മറുപടി പറഞ്ഞ വ്യവസായ മന്ത്രി പി രാജീവ് നിലവിലെ സർക്കാർ പദ്ധതികളാണ് വിശദീകരിച്ചത്. കെ കെ ശൈലജയുടെ നിർദ്ദേശങ്ങൾ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ശൈലജ ഉയർത്തിയ വിമർശനം പ്രതിപക്ഷ നേതാവ് ഈ മാസം 27ാം തീയ്യതി അടിയന്തര പ്രമേയത്തിന് അനുമതി തേടിയതും ഈ വിഷയത്തിൽ ആയിരുന്നു. ഇതോടെ ശൈലജ ഉയർത്തി വിഷയം പ്രതിപക്ഷം കൈയടികളോടെ സ്വീകരിക്കുന്ന അവസ്ഥയിലായി. കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖ മന്ത്രിമാരിൽ ഒരാളായ കെ കെ ശൈലജക്ക് ഇക്കുറി മന്ത്രിസ്ഥാനവും നൽകിയിരുന്നില്ല. കോവിഡ് മരണക്കണക്ക് കുറച്ചു കാണിക്കുന്നതിൽ അടക്കം അവർ വിമർശനവും കേൾക്കേണ്ടി വന്നു. ഇതിനിടെയാണ് സർക്കാറിനെ വെട്ടിലാക്കുന്ന വിധത്തിലുള്ള പരാമർശവും സർക്കാറിൽ നിന്നും ഉണ്ടായത്.
അതേസമയം ടീച്ചർ സഭയിൽ ഈ വിഷയം ഉയർത്തിയതിന് പിന്നാലെ കോവിഡ് രണ്ടാംതരംഗത്തിന്റെ പ്രത്യാഘാതം അനുഭവിക്കുന്ന ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ എന്നിവരുൾപ്പെടെയുള്ളവർക്ക് പ്രത്യേക സാമ്പത്തിക പാക്കേജുമായി സംസ്ഥാന സർക്കാർ രംഗത്തുവരികയും ചെയ്തു. 5600 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. വ്യാപാരികളുടെ രണ്ടുലക്ഷമോ അതിൽ താഴെയോ ഉള്ള വായ്പളുടെ പലിശയുടെ നാല് ശതമാനം വരെ ആറു മാസത്തേക്ക് സർക്കാർ അടയ്ക്കും. സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകൾക്ക് ഇളവ് നൽകും.
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും വായ്പ എടുത്തവർക്ക് അടുത്ത ജൂലായ് വരെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. കെ എഫ് സി വായ്പയുടെ പലിശ 9.5 നിന്ന് എട്ടും ഉയർന്ന പലിശ 12 ൽ നിന്ന് 10.5 ശതമാനമായും കുറച്ചു. ഇതിനൊപ്പം കോവിഡ് പ്രതിരോധ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്ക് 90 ശതമാനംവരെ വായ്പ നൽകുന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. സർക്കാർ വാടകയ്ക്ക് നൽകിയ മുറികളുടെ വാടക ജൂലായ് മുതൽ ഡിസംബർ 31 വരെ ഒഴിവാക്കി. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ കെട്ടിട നികുതി ഡിസംബർ വരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ