തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചർച്ചക്കിടെ പിണറായി സർക്കാറിനെതിരെ ആഞ്ഞടിച്ചു മുസ്ലിംലീഗ് നേതാവ് കെ എം ഷാജി. മുഖ്യമന്ത്രി പിണറായി വിജയൻ ജൂനിയർ മാൻഡ്രോക്ക് അല്ല സീനിയർ മാൻഡ്രേക്കാണെന്ന് ഷാജി ആരോപിച്ചു. കൊവിഡിന് മുമ്പ് ക്വാറന്റൈൻ കണ്ടുപിടിച്ച മുഖ്യമന്ത്രിയാണ് പിണറായിയെന്ന് കെ.എം ഷാജി. ആദ്യം വി എസ് അച്യുതാനന്ദനെയും പിന്നെ പാർട്ടി സെക്രട്ടറിയേയും ക്വാറന്റൈനിലാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. കള്ളക്കടത്ത് വഴി ഖുറാൻ പഠിപ്പാക്കാമെന്ന് പഠിപ്പിച്ച മന്ത്രിയാണ് ജലീൽ. ശൈലജ ടീച്ചറും ചന്ദ്രശേഖനും മുഖ്യമന്ത്രിക്ക് വലത്തും ഇടത്തും ഇരുന്ന് പ്രാണായാമം നടത്തുകയാണ്. അഴിമതിയുടെ നാറ്റം നാല് കൊല്ലം സഹിച്ചിട്ട് അവസാനം മറ്റൊരു മന്ത്രി ഭയങ്കര സുഗന്ധം എന്നാണ് പറയുന്നതെന്നും ഷാജി ആരോപിച്ചു.

റേഷൻ ഷാപ്പിലെ ശർക്കര വാരി അഴിമതി നടത്തിയ സർക്കാരാണിത്. തന്നെപ്പറ്റി മാത്രം പറയരുതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കോവിഡ് കാലത്ത് ജനങ്ങൾ തെരുവിലിറങ്ങാത്തത് കക്കാനുള്ള ജനവിധിയായി കരുതരുത്. മുഖ്യമന്ത്രിയാണ് പ്രധാന പ്രതി. ചോദ്യങ്ങളോട് പ്രധാനമന്ത്രി കാട്ടുന്ന അസഹിഷ്ണുതയാണ് മുഖ്യമന്ത്രിക്കുമുള്ളത്. എതിരാളികളെ കൂടി തകർക്കുന്ന സർക്കാരാണിതെന്നും ഷാജി പറയുന്നു.ഡയലോഗ് സർക്കാർ മാറ്റിവയ്ക്കണം. ഏത് അന്വേഷണവും നേരിടാമെന്ന് ഇടയ്ക്കിടെ പറയണ്ട. മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക്കല്ല സീനിയർ മാൻഡ്രാക്കാണെന്നും ഷാജി പരിഹസിച്ചു.

ഐഎഎസ് ഉദ്യോഗസ്ഥൻ കാറിടിച്ചു കൊലപ്പെടുത്തിയ കെ എം ബഷീറിന്റെ രക്തത്തിലും വാളയാറിലെ പെൺകുട്ടികളുടെ രക്തത്തിലും അലന്റേയും താഹയുടേയും അമ്മമാരുടേ കണ്ണുനീരിലുമെല്ലാം സർക്കാരിനെതിരായ അവിശ്വാസമുണ്ട്. സ്പ്രിങ്ലർ, സ്വർണ്ണക്കടത്ത് സംഭവങ്ങളിൽ പ്രതിസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നല്ല മുഖ്യമന്ത്രി എന്ന് തന്നെയെന്നാണ് പറയേണ്ടത്. മുഖ്യമന്ത്രി തന്നെയാണ് ഒന്നാം പ്രതി. മുഖ്യമന്ത്രിയില്ലാതെ ഓഫീസുണ്ടാകില്ല. ശിവശങ്കറിനെ നയിച്ചത് മുഖ്യമന്ത്രിയുടെ രക്തബന്ധുവാണ്. കളവുമുതൽ ബന്ധുക്കൾ അങ്ങാടിയിൽ വിൽക്കാൻ വരുമ്പോഴാണ് എല്ലാ കള്ളന്മാരും പിടിക്കപ്പെടുന്നതെന്നും ഷാജി പറഞ്ഞു.

ഏത് അന്വേഷണം നേരിടാമെന്ന് സർക്കാർ ഇടയ്ക്കിടെ പറയുന്നുണ്ട്. 'ഇപ്പ ശരിയാക്കിത്തരാം' എന്ന് സിനിമയിൽ പറയുന്നതുപോലെയാണത്. ' ഇതിങ്ങനെ കൂടെക്കൂടെ പറയണമെന്നില്ല'. ചക്കരക്കുടത്തിൽ കൈയിട്ട് വാരിയെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഈ സർക്കാർ റേഷൻ ഷോപ്പിലെ ശർക്കരയിൽ വരെ അഴിമതി നടത്തി. ജനങ്ങളുടെ കോടതിയിൽ നിങ്ങൾക്ക് ജയിക്കാനാവില്ല. ലോക പ്രസിദ്ധ സംഘടനയായ റെഡ് ക്രസന്റിനെ നാട്ടിൽ കൊണ്ടുവന്നു നാറ്റിക്കാൻ ശ്രമിച്ചു. യുഡിഎഫ് കൊണ്ടുവന്ന ജനക്ഷേമ പദ്ധതികൾ എൽഡിഎഫ് സർക്കാർ അട്ടിമറിച്ചെന്നും മുസ്ലിം ലീഗ് എംഎൽഎ കൂട്ടിച്ചേർത്തു.

നേരത്തെ സംസാരിച്ച വി ഡി സതീശനും വലിയ ആരോപണമാണ് സർക്കാറിനെതിരെ ഉന്നയിച്ചത്. ലൈഫ് മിഷനിൽ വൻ തട്ടിപ്പ് നടന്നിട്ടുണ്ട്. ധാരണാപത്രം ഒപ്പിട്ട ശേഷം സർക്കാർ തുടർ കരാറിൽ ഏർപ്പെട്ടില്ലെന്ന് വി ഡി സതീശൻ ആരോപിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ ആകെ ഒമ്പതര കോടി രൂപയാണ് കൈക്കൂലി കൊടുത്തിട്ടുള്ളത്. നാലരക്കോടിയുെട കാര്യമേ പുറത്തു വന്നുള്ളു. ബെവ്‌കോ ആപ് സംബന്ധിച്ചും അഴിമതി നടന്നു. ബെവ്‌കോ ആപ്പിലെ സഖാവിന് ഈ അഞ്ചുകോടിയുമായി ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ സർക്കാരിന് മറുപടിയുണ്ടോ എന്നും സതീശൻ ചോദിച്ചു.

20 കോടി രൂപയുടെ പദ്ധതിക്ക് വേണ്ടി നാലരക്കോടി രൂപ താൻ കൈക്കൂലി കൊടുത്തെന്ന് യൂണിടാക് നിർമ്മാണക്കമ്പനിയുടെ മുതലാളി എൻഫോഴ്‌സ്‌മെന്റിന് മൊഴി കൊടുത്തതാണ്. അടുത്ത ദിവസം സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രി പറയുന്നുനാലരക്കോടി കൈക്കൂലി കൊടുത്തത് എനിക്കറിയാമായിരുന്നു എന്ന്. ഈ തുക മാത്രമല്ല കൈക്കൂലിയായി പോയിരിക്കുന്നത്. അഞ്ച് കോടി രൂപ കൂടി കൈക്കൂലിയായി പോയിട്ടുണ്ട്. ആ അഞ്ച് കോടി രൂപ എവിടെയാണ്.

പത്തുകോടിയിൽ താഴെ മാത്രമാണ് നിർമ്മാണച്ചെലവ്. അന്വേഷിക്കാൻ തയ്യാറാണോ എന്ന് സർക്കാരിനെ താൻ വെല്ലുവിളിക്കുന്നു. ഒമ്പതരക്കോടി രൂപയാണ് കൈക്കൂലി കൊടുത്തിരിക്കുന്നത്, അത് ഇന്ത്യയിലെ തന്നെ റെക്കോഡാണ്. 46 ശതമാനം കമ്മീഷൻ ഒരു പ്രോജക്ടിൽ കൈക്കൂലിയായി കൊടുത്തു. പാവങ്ങളുടെ ലൈഫ് മിഷൻ സർക്കാർ കൈക്കൂലി മിഷനാക്കിയെന്നും വി ഡി സതീശൻ ആരോപിച്ചു.