തിരുവനന്തപുരം: നേമത്തെ ഗ്ലാമർ പോരാട്ടത്തിനായി തലസ്ഥാന നഗരിയിൽ പറന്നിറങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരന് വൻ വരവേല്പ്. വിമാനത്താവളത്തിൽ നേതാവ് വന്നിറങ്ങിയപ്പോൾ കോൺഗ്രസ് പ്രവർത്തകരുടെ ആവേശം കൊടുമുടിയേറി. അവിടെ കേട്ട ചില മുദ്രാവാക്യങ്ങൾ ഇങ്ങനെ: കണ്ണേ...കരളേ നേതാവേ...ഞങ്ങളുടെ ഓമന നേതാവേ..നിങ്ങൾ കാട്ടും ധീരതയും നിങ്ങൾ കാട്ടും പോരാട്ടവും ഞങ്ങളെയാകെ നയിച്ചീടും...വർഗ്ഗീയതയെ തോൽപ്പിക്കും...വർഗ്ഗീയതയെ താൽപ്പിക്കും..സ്വാഗതം, സ്വാഗതം,,,കേരളത്തിലേക്ക് സ്വാഗതം ..തളരല്ലേ...പതറല്ലേ...മുന്നോട്ടങ്ങനെ മുന്നോട്ട്..ചോര തരാം നീരുതരാം .ചങ്കിലെ ചോര അതും തരാം...കെഎമ്മേ നേതാവേ...ഞങ്ങളുടെ ഓമന നേതാവേ ..നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ.

ഫേസബുക്ക് ലൈവിന് കിട്ടുന്ന കമന്റുകളും ആവേശം തുളുമ്പുന്നതാണ്.

കോൺഗ്രസ്സ് പാർട്ടിയുടെ എന്ത് റിസ്‌ക്കും ഏറ്റെടുക്കാൻ തന്റെടമുള്ള നേതാവാണ് താങ്കൾ. ഇരട്ട ചങ്ക് ഒന്നും ഇല്ലെങ്കിലും താങ്കളുടെ ചങ്കൂറ്റം കേരളത്തിൽ കോൺഗ്രസ്സ് പാർട്ടിയുടെ നിലനിൽപ്പാണ്. അഭിവാദ്യങ്ങൾ.

മുരളിയുടെ പേര് കേട്ടപ്പോൾ തന്നെ സങ്കിക്കും കമ്മിക്കും ഒരുപോലെ മുട്ടിടിക്കുന്നു

നേമത്ത് കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നു കോൺഗ്രസ് അവിടെയാണ് ചങ്കൂറ്റത്തോടെ മുരളീധരൻ മൽസരിക്കാനിറങ്ങുന്നത് ... വെല്ലുവിളി ഏറ്റെടുക്കുന്നത്.. ചങ്കൂറ്റമുണ്ടാ ധർമ്മടം വിട്ട് നേമത്ത് മൽസരിക്കാൻ ?
അല്ലാതെ ഇരട്ടച്ചങ്കൻ എന്ന് പറഞ്ഞ് തള്ളിയാ പോരാ

ശത്രുവിനെ അതിന്റെ മടയിൽ പോയി ആക്രമിക്കുന്നവൻ. പാർട്ടി പ്രതിസന്ധിയിൽ ആകുമ്പോൾ പ്രതിരോധിക്കാൻ മുന്നിൽ നിക്കുന്നവൻ. പോരാട്ടവീര്യത്തിന് ഇന്ന് ഒരു പേരെ ഉള്ളൂ കണ്ണോത്ത് കരുണാകരന്റെ മകൻ കെ മുരളീധരൻ

ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെ ഡൽഹിയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കെ മുരളീധരനെ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെപിസിസി സെക്രട്ടറി ജി.വി ഹരി, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കമ്പറ നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ മറ്റ് നേതാക്കളും യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് മണ്ഡലത്തിൽ തന്റെ വോട്ടർന്മാരെ നേരിൽ കാണാൻ തുറന്ന വാഹനത്തിൽ എത്തിയ മുരളീധരന് വൻ സ്വീകരണമാണ് ലഭിച്ചത്.

ആയിരക്കണക്കിന് പ്രവർത്തകരാണ് മുരളിയെ സ്വീകരിക്കാനെത്തിയത്. പ്രവർത്തകർക്ക് പുറമെ മണ്ഡലത്തിലെ വോട്ടർന്മാരും കൂട്ടത്തോടെ റോഡിലിറങ്ങി. ഇവിടെയുണ്ടായ ആവേശം വോട്ടായി മാറുമെന്ന് മുരളീധരൻ പറഞ്ഞു. വിജയം ഉറപ്പാണ്. ബിജെപിയെ നേരിടാൻ സജ്ജമാണ്. യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ജഗതി പാലത്തിന് സമീപത്തു നിന്നുമാണ് റോഡ് ഷോ ആരംഭിച്ചത്. മണ്ഡലത്തിലെ ജഗതി, പൂജപ്പുര തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തിയ ശേഷം എട്ടുമണിയോടെ കരമനയിൽ സമാപിച്ചു.