കോഴിക്കോട്: കോൺഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേരുന്ന കെപി അനിൽകുമാറിനെതിരെ വിമർശനവുമായി നേതാക്കൾ. കെ പി അനിൽകുമാറിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചു. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവർ അച്ചടക്കലംഘനം കാണിച്ചാൽ കടുത്ത നടപടി സ്വീകരിക്കും. കോഴിക്കോട് ഡിസിസി അധ്യക്ഷനാകാൻ അനിൽകുമാറിന് മോഹമുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പേര് ആരും പരിഗണനയ്ക്കായി നിർദ്ദേശിച്ചില്ല. അനിൽകുമാറിനെ പുറത്താക്കാൻ പാർട്ടി നേരത്തെ തിരുമാനിച്ചതാണെന്നും സുധാകരൻ പറഞ്ഞു.

അതേസമയം പുകഞ്ഞ കൊള്ളി പുറത്തെന്നാണ് കെ മുരളീധരനും പ്രതികരിച്ചു. അനിൽകുമാറിന്റെ രാജി ചർച്ച ചെയ്യേണ്ട ആവശ്യം പോലുമില്ലെന്ന് മുരളീധരൻ പ്രതികരിച്ചു. അതേസമയം അനിൽ കുമാറിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയും രംഗത്തു വന്നു. പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിക്കൊപ്പം നിൽക്കാത്തവർ കോൺഗ്രസ് വികാരം ഉൾക്കൊള്ളാത്തവരാണെന്ന് ഷാഫ് പറമ്പിൽ വിമർശിച്ചു.

അനിൽ കുമാറിന്റെ അത്ര അവസരം ലഭിക്കാത്ത ധാരാളം പ്രവർത്തകരിപ്പോഴും കോൺഗ്രസ്സിനൊപ്പം നിൽക്കുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റോ കെപിസിസി ഭാരവാഹിയോ ആകാത്തവരാണ് നിരവധി പേരെന്നും ഷാഫിപറമ്പിൽ കൂട്ടി ചേർത്തു. കോൺഗ്രസിൽ നിന്നും രാജിവെച്ച കെപി അനിൽകുമാർ എകെജി സെന്ററിലെത്തി. താൻ രാഷ്ട്രീയ പ്രവർത്തനം നിർത്തില്ലെന്നും അന്തസോടെ ആത്മാഭിമാനത്തോടെ പൊതുപ്രവർത്തനം തുടരുമെന്നുമാണ് കെപി അനിൽകുമാർ സിപിഐഎമ്മിൽ ചേരുമെന്ന അറിയിപ്പിനിടെ പറഞ്ഞത്. കോടിയേരി ബാലകൃഷ്ണനാണ് കെപി അനിൽകുമാറിനെ സ്വീകരിച്ചത്.

ഇന്ന് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അനിൽകുമാർ കോൺഗ്രസിൽ നിന്നും രാജി വെച്ചതായി പ്രഖ്യാപിക്കുന്നത്. ഏകാധിപത്യമാണ് ഇപ്പോൾ കോൺഗ്രസിൽ നടക്കുന്നത്. കോൺഗ്രസിലുള്ള ജനങ്ങളുടെ പ്രതീക്ഷ നഷ്ടമായി. ജനാധിപത്യം വെല്ലുവിളി നേരിടുമ്പോൾ കോൺഗ്രസ് കാഴ്‌ച്ചക്കാരന്റെ റോളിലാണ്. നീതി നിഷേധത്തിനെതിരെയാണ് താൻ പ്രതികരിച്ചതെന്നും അതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നെന്നും അനിൽകുമാർ രാജി പ്രഖ്യാപിച്ച് കൊണ്ട് പറഞ്ഞു.