തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ യുഡിഎഫ്- ബിജെപി വോട്ടുകച്ചവടം നടന്നെന്ന ആരോപണം ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സംസ്ഥാനത്ത് ബിജെപിക്ക് വോട്ട് കുറഞ്ഞതിനാലാണ് മുഖ്യമന്ത്രിക്ക് ദുഃഖമെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി. യു ഡി എഫിനെ അടിക്കാനുള്ള വടിയായി മുഖ്യമന്ത്രി ബിജെപിയെ കാണുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു തിരഞ്ഞെടുപ്പിൽ ജയിച്ചാൽ കൂടുതൽ വിനയം ജനങ്ങളോട് കാണിക്കുന്നതിന് പകരം മുഖ്യമന്ത്രി പ്രതിപക്ഷത്തെയാകെ ചീത്ത വിളിക്കുകയാണ്. വിളിക്കാനുള്ളതൊക്കെ വിളിച്ചിട്ട് ക്രിയാത്മകമായ പിന്തുണ പ്രതിപക്ഷത്തോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരിക്കുകയാണെന്ന് മുരളീധരൻ പറഞ്ഞു.

ബിജെപിയുടെ ഏറ്റക്കുറച്ചിൽ കണ്ട് യു ഡി എഫ്- എൽ ഡി എഫ് വിജയത്തെ കാണുന്നത് തെറ്റാണ്. കേരളത്തിലെ 99 സീറ്റിന്റെ ബലത്തിൽ ഇന്ത്യ പിടിക്കാൻ പോകുന്നുവെന്ന് പറയുന്നത് അഹങ്കാരം തലയ്ക്ക് പിടിച്ചതുകൊണ്ടാണ്. ഒരു സമുദായ സംഘടനകളേയും ചീത്തവിളിക്കാൻ യു ഡി എഫ് പോയിട്ടില്ല. അവർക്ക് ആരേയും വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഭരണമാറ്റം ഉണ്ടാകണമെന്ന് പറയാനുള്ള അവകാശം ഒരു സാമുദായിക സംഘടനയ്ക്കുണ്ട്. അതാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി പറഞ്ഞതെന്ന് കെ മുരളീധരൻ അഭിപ്രായപ്പെട്ടു.വിമർശിക്കുന്നവരെ മുഴുവൻ കല്ലെറിയുന്ന സ്വഭാവത്തിലേക്കാണ് രണ്ടാം പിണറായി സർക്കാരിന്റെ തുടക്കം.

ഒരു ലോട്ടറി അടിച്ചതുകൊണ്ട് എന്തും ചെയ്യാമെന്ന ധാർഷ്ട്യം വേണ്ട. ഇതിനെക്കാൾ വലിയ പരീക്ഷണങ്ങൾ കോൺഗ്രസ് നേരിട്ടിട്ടുണ്ട്. പഞ്ചാബിലും തമിഴ്‌നാട്ടിലും പത്ത് വർഷം കോൺഗ്രസ് പ്രതിപക്ഷത്തിരുന്നിട്ടുണ്ട്. എന്നാൽ സി പി എം അവർ ഭരിച്ച ബംഗാളിലും ത്രിപുരയിലും വട്ടപൂജ്യമായെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.നേമത്ത് ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിച്ചതിൽ യു ഡി എഫിന് സന്തോഷമുണ്ട്. പല വാർഡുകളിലും യു ഡി എഫ് നല്ല മുന്നേറ്റം നടത്തി. ആ മുന്നേറ്റമാണ് എൽ ഡി എഫിനെ വിജയത്തിലേക്ക് നയിച്ചത്. ശിവൻകുട്ടിക്ക് മൂവായിരത്തോളം വോട്ടാണ് നേമത്ത് കുറഞ്ഞത്.

പതിനയ്യായിരത്തോളം വോട്ട് ബിജെപിക്ക് കുറഞ്ഞപ്പോൾ ഇരുപത്തിരണ്ടായിരത്തോളം വോട്ടാണ് യു ഡി എഫിന് വർദ്ധിച്ചതെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.നേമത്തെ യു ഡി എഫിന് നഷ്ടപ്പെട്ട വോട്ടുകളെല്ലാം തിരിച്ചുവന്നു. ന്യൂനപക്ഷ മേഖലയിൽ ഏകീകരണമുണ്ടാക്കാൻ യു ഡി എഫിന് സാധിച്ചില്ല. മുരളീധരന് വോട്ട് ചെയ്താൽ കുമ്മനം ജയിക്കുമെന്ന എസ് ഡി പി ഐ പ്രചാരണമാണ് യു ഡി എഫ് വോട്ടുകൾ മറിച്ചത്. അതിന്റെ മെച്ചം എൽ ഡി എഫിനുണ്ടായി.പാർട്ടി വീണുകിടക്കുന്ന സമയത്ത് കൂടുതൽ പ്രസ്താവന നടത്തി പ്രവർത്തകരെ മുറിവേൽപ്പിക്കരുത്. പ്രതിപക്ഷ നേതാവ് ആരാകണമെന്ന് എം എൽ എമാർ തീരുമാനിക്കും. സംഘടനാ കാര്യങ്ങളിൽ രാഷ്ട്രീയകാര്യ സമിതി ഉചിതമായ തീരുമാനമെടുക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.

കോൺഗ്രസ് വീഴ്ചകൾ തിരുത്തി മുന്നോട്ട് പോകും. ന്യൂനപക്ഷ വോട്ടുകൾ എന്തുകൊണ്ട് യു.ഡി.എഫിന് എതിരായി കേന്ദ്രീകരിച്ചുവെന്ന് പരിശോധിക്കും. വീഴ്ചകൾ വിലയിരുത്താൻ രാഷ്ട്രീയ കാര്യ സമിതി ഉടൻ ചേരുന്നുണ്ട്. കോൺഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും കോൺഗ്രസിന്റെ തകർച്ച ആരും സ്വപ്നം കാണ്ടേണ്ടെന്നും മുരളീധരൻ പറഞ്ഞു.