- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
മത്സരിക്കാൻ കോൺഗ്രസ്സുകാർ മടിച്ചു നിന്നപ്പോൾ കരുത്തനായ തൊഴിലാളി നേതാവ് ഡോ എആർ മേനോനെതിരെ മത്സരിക്കാൻ ധൈര്യം കാട്ടിയ നേതാവ്; കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ശക്തി കേന്ദ്രമായിരുന്ന മാളയിൽ മൂവർണ്ണക്കൊടി പാറിച്ച ലീഡർ; പതറാതെ പോരാടിയ നേതാവിന്റെ മകനും വെല്ലുവിളികൾ ഹരം; കെ മുരളീധരൻ നേമം ചലഞ്ച് ഏറ്റെടുക്കുമ്പോൾ
കണ്ണൂരിൽ നിന്നും ചിത്രരചന പഠിക്കാനെത്തി തൃശൂരിലെ രാഷ്ട്രീയക്കളരിയിൽ അഭ്യാസങ്ങൾ പഠിച്ച് കേരളത്തെ കീഴടക്കിയ ചരിത്രമാണ് ലീഡർ എന്ന് അണികൾ സ്നേഹത്തോടെ വിളിക്കുന്ന കെ. കരുണാകരനുള്ളത്. അമ്മാവൻ രാഘവൻ നായർ റൈറ്ററായി ജോലിചെയ്തിരുന്ന തട്ടിൽ എസ്റ്റേറ്റിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയതുമുതൽ കരുണാകരന്റെ ജീവിതം തന്നെ വെല്ലുവിളികളെ ഏറ്റെടുക്കാനുള്ളതായിരുന്നു. ഏത്ര കടുത്ത പ്രതിസന്ധികൾക്കിടയിലും ചുണ്ടിലൂറുന്ന കള്ളച്ചിരിയൂം കണ്ണിറുക്കലും അദ്ദേഹത്തിന്റെ ട്രേഡ് മാർക്കായിരുന്നു. എന്തും ഒരു നർമ്മമായി ആസ്വദിച്ചിരുന്ന ആ കാർട്ടൂണിസ്റ്റിനെ ക്ഷീണിപ്പിക്കാൻ ഒരു രാഷ്ട്രീയ പ്രതിസന്ധിക്കും കഴിഞ്ഞിരുന്നില്ല.
അച്ഛന്റെ നിഴലിൽ എത്തിയ ആളെന്നും കിങ്ങിണിക്കുട്ടനെന്നുമൊക്കെ വിളിച്ചു കളിയാക്കുമ്പോഴും, കേരള ജനത അറിയാതെ തന്നെ ആ കരുണാകരന്റെ മകൻ ഇന്ന് കരുണാകരനൊപ്പം വളർന്നിരിക്കുന്നു എന്ന യാഥാർത്ഥ്യം അംഗീകരിക്കാതിരിക്കാൻ വയ്യ. 2004-ലെ ഉപതെരഞ്ഞെടുപ്പിൽ അന്ന് മന്ത്രികൂടിയായിരുന്നമുരളീധരൻ വടക്കാഞ്ചേരിയിൽ പരാജയപ്പെടുകയായിരുന്നു. അന്ന് പരാജയത്തിന്റെ കാരണമന്വേഷിച്ച മാധ്യമപ്രവർത്തകരോട് പറയാൻ മുരളിക്ക് ഒരു കാരണമേ ഉണ്ടായിരുന്നുള്ളു, എതിർസ്ഥാനാർത്ഥിക്ക് തന്നേക്കാൾ അധികം വോട്ടുകിട്ടി എന്ന കാരണം. പരാജയത്തിലും കൈവിടാത്ത കരുണാകരന്റെ നർമ്മബോധം മകനും കിട്ടിയിട്ടുണ്ടെന്ന് തെളിഞ്ഞത് അന്നായിരുന്നു.
മുരളീധരന്റെ ആദ്യകാല രാഷ്ട്രീയം
തെരഞ്ഞെടുപ്പ് ആലോചനായോഗത്തിനിടെ കരുണാകരൻ മൂത്രമൊഴിക്കാൻ പോയപ്പോൾ ആന്റണിയാണ് കോഴിക്കോട് സീറ്റിലേക്ക് കെ. മുരളീധരന്റെ പേര് നിർദ്ദേശിച്ചത് എന്ന വാർത്ത അക്കാലത്ത് ഏറെ പ്രചാരം നേടിയ ഒന്നായിരുന്നു. സേവദളുമായി ഒത്തുചേർന്ന് പ്രവർത്തിച്ചിരുന്നെങ്കിലും അച്ഛന്റെ നിഴലിൽ സ്ഥാനാർത്ഥിത്വം ലഭിച്ചയാളായായിരുന്നു അന്ന് മുരളീധരനെ കണക്കാക്കിയിരുന്നത്. ഏതായാലും 1989-ലെ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടുനിന്നും ജയിച്ച് എം പിയായ അദ്ദേഹം 1991-ലും ജയം ആവർത്തിച്ച് കരുത്തു തെളിയിച്ചു. പക്ഷെ പിന്നീട് അത് നിലനിർത്താനായില്ല.
പിന്നീട് പാർട്ടി പ്രവർത്തനത്തിലേക്ക് തിരിഞ്ഞ അദ്ദേഹം കെ പി സി സി പ്രസിഡണ്ട് വരെയായി. അച്ഛന്റെ നിഴലിലായിരുന്നു ഈ സ്ഥാനങ്ങളൊക്കെയും നേടിയതെന്ന് അന്ന് തുടർച്ചയായ ആരോപണം ഉയർന്നിരുന്നു. ഏതായാലും കെ പി സി സി ക്ക് സ്വന്തമായൊരു ഓഫീസ് ഉണ്ടായത് മുരളിയുടെ കാലത്തായിരുന്നു. തുടർന്ന് വീണ്ടും പാർലമെന്റ് രാഷ്ട്രീയത്തിലേക്ക് തിരിയാനായിരുന്നു ആന്റണി മന്ത്രിസഭയിൽ വിദ്യൂച്ഛക്തി മന്ത്രിയായത്. ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ, നിയമസഭകാണാൻ പോലുമാകാതെ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടിവന്നു.
തുടർന്നുള്ള രാഷ്ട്രീയ പോരുകളും, ഡി ഐ സി യുടെ രൂപീകരണവുമെല്ലാം മുരളീധരനിലെ രാഷ്ട്രീയ നേതാവിന്റെ പരാജയത്തെ സൂചിപ്പിക്കുന്നതായിരുന്നു. കരുണാകരന്റെ മകൻ എന്ന നിലയിലല്ലാതെ രാഷ്ട്രീയത്തിൽ ഒരിടവും കണ്ടെത്താൻ കഴിയാത്ത നേതാവ് എന്നായിരുന്നു അന്നൊക്കെ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.പിന്നീട്, വളരെ ബുദ്ധിമുട്ടിയാണെങ്കിലും കോൺഗ്രസ്സിൽ തിരിച്ചെത്തിയശേഷമാണ് പക്വതയ്യാർജ്ജിച്ച രാഷ്ട്രീയ നേതാവ് എന്ന നിലയിൽ മുരളി കേരള രാഷ്ട്രീയത്തിൽ പ്രമുഖ സ്ഥാനം നേടിയെടുക്കുന്നത്.
തൃശ്ശൂരിലെ കരുണാകരനെ അനുസ്മരിപ്പിച്ച് വട്ടിയൂർക്കാവിലേക്ക്
കണ്ണൂരിൽ ജനിച്ചുവളർന്ന് തൃശ്ശൂരിലെ രാഷ്ട്രീയത്തിലെത്തിയ കരുണാകരന്റെ യാത്രയെ ഓർമ്മിപ്പിക്കുന്നതായിരുന്നു തൃശ്ശൂരിൽ ജനിച്ചുവളർന്ന് കോഴിക്കോട് കർമ്മമണ്ഡലമാക്കിയ മുരളീധരന്റെ വട്ടിയൂർക്കാവിലേക്കുള്ള വരവ്. കേരള നിയമസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ ശക്തനായിരുന്ന തൊഴിലാളി യൂണിയൻ നേതാവ് ഡോ. എ. ആർ. മേനോനോട് മത്സരിക്കാൻ കോൺഗ്രസ്സിലെ ഒരു നേതാവിനും കരളുറപ്പുണ്ടായില്ല. അതേറ്റെടുത്തത് കെ. കരുണാകരനായിരുന്നു. അതുപോലെയാണ് വട്ടിയൂർക്കാവിന്റെ സ്ഥിതിയും.
നേരത്തേ തിരുവനന്തപുരം നോർത്ത് മണ്ഡലമായിരുന്ന കാലത്ത് കെ അനിരുദ്ധനേയുംഎം വിജയകുമാറിനേയുമൊക്കെ പോലുള്ള തലയെടുപ്പുള്ള ഇടതുനേതാക്കളെ ജയിപ്പിച്ച മണ്ഡലമായിരുന്നു അത്. അവിടേയ്ക്കാണ് വട്ടിയൂർക്കാവുമായി യാതൊരു ബന്ധവുമില്ലാത്ത മുരളി എത്തുന്നത്. മാത്രമല്ല, കുറച്ചുകാലം കോൺഗ്രസ്സിൽനിന്നും വിട്ടുമാറി നിന്നിട്ടുള്ള വരവായിരുന്നു അത്. തുടരെ തുടരെ പരാജയങ്ങൾ ഏറ്റുവാങ്ങിയതിനു ശേഷമുള്ള വരവ്. അന്ന് കരുണാകരനെതിരെ നിന്ന എ. ആർ. മേനോൻ ഒരു കോൺഗ്രസ്സുകാരനായിരുന്നെങ്കിൽ മുരളിക്കെതിരെ നിന്നതും ഒരു മുൻ കോൺഗ്രസ്സുകാരനായ ചെറിയാൻ ഫിലിപ്പായിരുന്നു.
അന്ന്, എ ആർ മേനോൻ എന്ന അതികായനോട് പൊരുതി യുവാവായ കരുണാകരൻ ആയിരത്തിൽ താഴെ വോട്ടുകൾക്കാണെങ്കിലും, പരാജയപ്പെട്ടെങ്കിൽ ഇവിടെ വിജയം മുരളിയുടെ ഭാഗത്തായിരുന്നു. 2016 ആയപ്പോഴേക്കും സ്ഥിതിഗതികൾ ആകെ മാറിയിരുന്നു. കേന്ദ്രത്തിൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ രാജ്യമാകെ മോദി തരംഗം ആഞ്ഞടിക്കാൻ തുടങ്ങി. ഇതോടെ പുത്തൻ കരുത്തു നേടിയ ബിജെപിയും കേരള രാഷ്ട്രീയത്തിൽ ശ്രദ്ധനേടാൻ തുടങ്ങി. ഏറെ ജനപ്രീതിയുള്ള നേതാവായ കുമ്മനം രാജശേഖരൻ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായി എത്തി.
കടുത്ത മത്സരം നടന്നുവെങ്കിലും മുരളീധരൻ എന്ന പാകം വന്ന രാഷ്ട്രീയ നേതാവിനു മുൻപിൽ പിടിച്ചു നിൽക്കാൻ കുമ്മനം രാജശേഖരനായില്ല. ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ടാണ് അന്ന് മുരളീധരൻ വിജയിച്ചത്. ഇതോടെ മുരളി പാർട്ടിക്കുള്ളിലും കരുത്തനായി മാറുകയായിരുന്നു. ഗ്രൂപ്പ് സമവാക്യങ്ങൾക്കപ്പുറത്തേക്കും സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള ചങ്കൂറ്റം കാണിക്കുന്ന മുരളിക്ക് പാർട്ടിക്കുള്ളിൽ ശത്രുക്കൾ ഏറെയുണ്ടെങ്കിലും, ഇളകാത്ത അടിത്തറ മുരളിക്ക് ഉണ്ടായിരിക്കുന്നു എന്ന തിരിച്ചറിവ് അവരെയെല്ലാം നിശബ്ദരാക്കുകയായിരുന്നു.
മാളയിലെ കമ്മ്യുണിസ്റ്റ് സംഹാരത്തിന്റെ തനിയാവർത്തനം വടകരയിൽ
1957-ൽ ഇടത് സ്വതന്ത്രനായ എ ആർ മേനോനോട് തോറ്റ കരുണാകരന് പാർട്ടി പക്ഷെ 1960-ലെ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ല. പിന്നീട് 1967-ൽ അന്ന് പുതിയതായി രൂപീകരിച്ച മാളയിലായിരുന്നു അദ്ദേഹത്തിന് സീറ്റ് നൽകിയത്. കമ്മ്യുണിസ്റ്റ് പാർട്ടിക്ക് നല്ല കരുത്തുണ്ടായിരുന്ന ഈ മണ്ഡലത്തിലേക്കാണ് കരുണാകരനെ പാർട്ടി മത്സരിക്കാൻ അയച്ചത്, അതും കമ്മ്യുണിസ്റ്റ് പാർട്ടിക്ക് അനുകൂലമായ ഒരു വികാരം നിലനിൽക്കുന്ന തെരഞ്ഞെടുപ്പിൽ.പക്ഷെ പാലം കുലുങ്ങിയാലും കുലുങ്ങാത്ത കരുണാകരൻ ആ വെല്ലുവിളി ഏറ്റെടുത്തു. കമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിലെ അതികായനായിരുന്ന കെ എ തോമസിനെ അന്ന് കരുണാകരൻ മലർത്തിയടിച്ചത്. മാള കരുണാകരന്റെ വികാരമായതും കരുണാകരൻ മാളയുടെ മാണിക്യമായതുമെല്ലാം പിന്നീടുള്ള ചരിത്രം.
കെ. പി. ഉണ്ണിക്കൃഷ്ണൻ എന്ന രാഷ്ട്രീയ അതികായൻ വളരെക്കാലമായി പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലം 1996-ൽ ഒ ഭരതനിലൂടെ സി പി എം പിടിച്ചെടുക്കുകയായിരുന്നു. എം. കെ. പ്രേമജം, പി. സതീദേവി എന്നിവരിലൂടെ 2004 വരെ ഈ മണ്ഡലം സി പി എമ്മിന്റെ കൈയിൽ തന്നെ തുടർന്നു. പിന്നീടാണ് മുല്ലപ്പള്ളി രാമചന്ദ്രൻ 2009-ൽ ഇത് പിടിച്ചെടുക്കുന്നത്. എന്നിരുന്നാൽ കൂടി ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള ഒരു മണ്ഡലമാണിത്.
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ അജണ്ടയാക്കി തെരഞ്ഞെടുപ്പിനെ നേരിടുകയുംപി. ജയരാജനെ പോലെ തലയെടുപ്പുള്ള ഒരു നേതാവ് സി പി എമ്മിന്റെ സ്ഥാനാർത്ഥിയായി എത്തുകയും ചെയ്തപ്പോഴാണ് തുടർച്ചയായി രണ്ടുതവണ മത്സരിച്ച സീറ്റിൽ വീണ്ടും മത്സരിക്കണമോ എന്ന ആശങ്ക മുല്ലപ്പള്ളിക്ക് ഉണ്ടായത്. മണ്ഡലത്തിൽ ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യം, പി ജയരാജൻ എന്ന നേതാവിനുള്ള ജനപിന്തുണ ഇതെല്ലാം മറ്റ് കോൺഗ്രസ്സ് നേതാക്കളേയും വടകരയിലേക്ക് പോകുന്നതിൽ നിന്നും പിന്തിരിപ്പിച്ചു.
എന്നാൽ, ഏതൊരു വെല്ലുവിളിയേയുംചിരിച്ചുകൊണ്ട് നേരിടുക എന്ന സ്വഭാവം രക്തത്തിലൂടെ പകർന്നു കിട്ടിയ കെ. മുരളീധരന് വടകരയിലെ വെല്ലുവിളി ഏറ്റെടുക്കുന്നതിനെ കുറിച്ച് രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവന്നില്ല. കരുണാകരന്റെ മകന് പ്രതിസന്ധികളെ നേരിടാതെ ഒഴിഞ്ഞുമാറാൻ കഴിയുമോ? പിന്നീട് അവിടെ കണ്ടത് 1967-ൽ മാളയിൽ സംഭവിച്ചതിന്റെ തനിയാവർത്തനമായിരുന്നു. 84,663 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പി. ജയരാജൻ എന്ന അതികായനെ മുരളീധരൻ മലർത്തിയടിച്ചത്.
പ്രതിസന്ധികളിൽ തളരാത്ത പിതാവും പുത്രനും
കേരളത്തിലാകെ ഇടതുപക്ഷ തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പായിരുന്നു 1967-ലേത്. അന്ന് കോൺഗ്രസ്സിന് ലഭിച്ചത് വെറും ഒമ്പത് അംഗങ്ങൾ മാത്രം. കമ്മ്യുണിസ്റ്റ് കൊടുങ്കാറ്റിൽ കോൺഗ്രസ്സിലെ പല വന്മരങ്ങളും കടപുഴകി വീണ തെരഞ്ഞെടുപ്പിൽ, അസംബ്ലിയിൽ കോൺഗ്രസ്സിനെ നയിക്കുവാനുള്ള നിയോഗം കരുണാകരന്റെ ചുമലിൽ വന്നുവീണു. ഭൂമിയിലെ രാജാക്കന്മാർ എന്ന ചിത്രത്തിൽ ബാലൻ. കെ. നായർ അവതരിപ്പിക്കുന്ന കഥാപാത്രം മോഹൻലാലിന്റെ കഥാപാത്രത്തോട് പറയുന്ന ഒരു വാചകമുണ്ട്, '' എടോ, ഒമ്പത് എം എൽ എ മാരുമായി പ്രതിപക്ഷത്തിരുന്ന് നെഞ്ചത്തടിച്ച് കരഞ്ഞിട്ടുണ്ട് ഞാൻ'' എന്ന്. എന്നാൽ, യഥാർത്ഥ ജീവിതത്തിൽ കരയാനൊന്നും കരുണാകരന് ആവുമായിരുന്നില്ല. പോരാട്ടം ജീവിതവ്രതമാക്കിയ ആ പോരാളിയാണ് ഒമ്പത് എം എൽ എ മാരിൽ നിന്നും കോൺഗ്രസ്സിനെ കേരളത്തിലെ ഒരു ഭരണകക്ഷിയായി ഉയർത്തിക്കൊണ്ടുവന്നത്.
അടിയന്തരാവസ്ഥയിൽ കിരീടം വയ്ക്കാത്ത രാജാവായി വാണ കരുണാകരന് പക്ഷെ അതിനുശേഷം അഭിമുഖീകരിക്കേണ്ടി വന്നത് സമാനതകളില്ലാത്ത പ്രതിസന്ധികളായിരുന്നു. കേസുകൾ ഒരുഭാഗത്ത് കുമിഞ്ഞുകൂടിയപ്പോൾ, പാർട്ടിക്കുള്ളിലും എതിരാളികൾ ശക്തരാവുകയായിരുന്നു. കൊലപാതകിയെന്നും ക്രൂരനെന്നുമൊക്കെയുള്ള വിളികൾ സ്വന്തം പാർട്ടിക്കാർ തന്നെ ഉയർത്താൻ തുടങ്ങി. അവസാനം മുഖ്യമന്ത്രിസ്ഥാനം വരെ രാജിവയ്ക്കേണ്ടതായും വന്നു.എന്നിട്ടും തളരാതെ പോരാടി തിരിച്ചുവന്ന കരുണാകരന്റെ പുത്രനാണ് താനെന്ന് മുരളിയും സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു.
വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിലെ തോൽവിയും, പി വി നരസിംഹ റാവു പ്രധാനമന്ത്രിയായതോടെ കോൺഗ്രസ്സിൽ കരുണാകരന്റെ പിടി അയഞ്ഞതുമെല്ലാം മുരളിയുടെ രാഷ്ട്രീയ ഭാവിയെ പ്രതികൂലമായി ബാധിച്ചു തുടങ്ങി. ഇനിയൊരു തിരിച്ചുവരവ് അസാധ്യമാകുമെന്ന ഘട്ടത്തിലാണ് ഡി ഐ സി രൂപീകരിക്കുന്നത്. എന്നാൽ, ഇരുമുന്നണികളും കൂടെകൂട്ടാതിരുന്ന ഘട്ടത്തിൽ തന്റെ സ്വപ്നങ്ങൾ തകരുമെന്നു കണ്ടപ്പോഴും മുരളി തളർന്നില്ല. കോൺഗ്രസ്സിലേക്ക് തിരിച്ചു വന്നു.
കർശന ഉപാധികളോടെയായിരുന്നു മുരളിയെ കോൺഗ്രസ്സിൽ തിരിച്ചെടുത്തത്. അനുസരണയുള്ള കുട്ടിയെപ്പോലെ അതെല്ലാം അനുസരിച്ച്, പാർട്ടി അണികൾക്കിടയിൽ സ്വാധീനം വർദ്ധിപ്പിക്കുവാനായിരുന്നു ആദ്യനാളുകളിൽ അദ്ദേഹം ശ്രമിച്ചത്. കരുണാകരന്റെ മകനെ ആരും രാഷ്ട്രീയം പഠിപ്പിക്കേണ്ടതില്ലെന്ന് മുരളീധരൻ തെളിയിച്ചു. അണികൾക്കിടയിൽ സ്വാധീനമുണ്ടാക്കിയെടുത്ത്, ഗ്രൂപ്പുകൾക്ക് അതീതമായി തലയുയർത്തി നിൽക്കുന്ന നേതാവ് എന്ന പ്രതിച്ഛായയും കരസ്ഥമാക്കി.
പാർട്ടിയെ രക്ഷിക്കാൻ മുരളീധരൻ
കരുണാകരന്റെ ആശ്രിതവാത്സല്യം വിശ്വപ്രസിദ്ധമാണ്. മറ്റെന്തിനേക്കാൾ അദ്ദേഹത്തിന് വലുതായിരുന്നു കോൺഗ്രസ്സും കോൺഗ്രസ്സ് പ്രവർത്തകരും. തന്റെ കൂടെ നിൽക്കുന്ന അണികളോടെ പ്രത്യേക വാത്സല്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ആ വാത്സല്യം അനുഭവിച്ച് നേതാക്കന്മാരായവർ പിന്നീട് അദ്ദേഹത്തെ തള്ളിപ്പറഞ്ഞപ്പോഴും അദ്ദേഹം തളർന്നില്ല. പാലം വലിക്കുമെന്നറിഞ്ഞിട്ടും 1996-ൽ അദ്ദേഹം തൃശ്ശൂരിൽ തെരഞ്ഞെടുപ്പിന് നിന്നു.
പിതാവിന്റെ പാതതന്നെയാണ് മുരളിയും രാഷ്ട്രീയത്തിൽ പിന്തുടരുന്നത്. അണികൾക്ക് ആവേശമുയർത്തി എന്നും അണികൾക്കൊപ്പം നിലയുറപ്പിക്കുന്ന ഒരു നേതാവാണ് ഇന്ന് മുരളി. അദ്ദേഹത്തിന്റെ നേമത്തേക്കുള്ള വരവിൽ ലഭിച്ച വൻ സ്വീകരണം തന്നെ അതിനുള്ള തെളിവാണ്. ഒരിക്കൽ കരുണാകരനെ ജയിപ്പിച്ച മണ്ഡലം കൂടിയാണ് നേമം എന്നത് ഒരുപക്ഷെ നിയതിയുടെ ഒരു കുസൃതിയാകാം. എന്തായാലും പാർട്ടിക്ക് ആകെ ഉന്മേഷം പകരാൻ ലീഡറുടെ മകൻ ഒരു കനത്ത വെല്ലുവിളി ഏറ്റെടുത്ത് നേമത്തെത്തിയിരിക്കുകയാണ്. പാലം വലികളും പിന്നിൽ നിന്നു കുത്തലുകളും ഒന്നും ഭയക്കാതെ. അല്ലെങ്കിൽ, ഭയം എന്ന വാക്ക് കരുണാകരൻ തന്റെ മക്കളെ പഠിപ്പിച്ചിട്ടില്ലല്ലൊ!
നേമവും കരുണാകരനും
കെ.കരുണാകരൻ ഒരു തിരഞ്ഞെടുപ്പിൽ രണ്ടിടത്തു മത്സരിക്കാൻ തീരുമാനിച്ചപ്പോൾ തിരഞ്ഞെടുത്ത രണ്ടാം മണ്ഡലം, 1982-ലെ തിരഞ്ഞെടുപ്പിലാണ് കേരളം മുഴുവൻ ശ്രദ്ധിച്ച മത്സരത്തിന് നേമത്ത് അരങ്ങൊരുങ്ങിയത്. സാക്ഷാൽ കെ.കരുണാകരൻ തന്റെ പ്രിയപ്പെട്ട മാളയ്ക്കു പുറമേ നേമത്തും അന്നു മത്സരത്തിനിറങ്ങി. സിപിഎമ്മിലെ പി.ഫക്കീർഖാനെ കരുണാകരൻ പരാജയപ്പെടുത്തിയെങ്കിലും രണ്ടിടത്തും ജയിച്ചതോടെ ഇവിടെനിന്നു രാജിവച്ച് മാള നിലനിർത്തുകയായിരുന്നു. ഈ മണ്ഡലത്തിലേക്കാണ് കെ മുരളീധരന്റെ വരവ്. ഇനി ആരു ജയിക്കുമെന്ന പ്രവചനങ്ങൾ അസാധ്യം.
കരുണാകരൻ മാളയിലെ തോൽവിയിലെ ഭയം കാരണമായിരുന്നു നേമത്ത് മത്സരിച്ചത്. എന്നാൽ കെ മുരളീധരൻ എന്ന കരുണാകരന്റെ മകൻ ഇന്ന് നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയാകുന്നത് മറ്റ് നേതാക്കളുടെ തോൽവി ഭയം കാരണമാണ്. കഴിഞ്ഞ തവണ ബഹുദൂരം പിന്നിലായിരുന്നു ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. അങ്ങനെ കോൺഗ്രസിന് വേരുകൾ അറ്റു പോയെന്ന് ഏവരും നേമത്തെ വിലയിരുത്തി. ഈ നേമത്തേയ്ക്കാണ് വടകര അങ്കം ജയിച്ച കരുത്തിൽ മുരളീധരൻ കീഴടക്കാൻ എത്തുന്നത്. ന്യൂനപക്ഷ വോട്ടും പിടിച്ച് ഹൈന്ദവ വോട്ട് ബാങ്കിൽ കടന്നു കയറിയും ജയം ഉറപ്പിക്കുകയാണ് ലക്ഷ്യം.
കുറച്ചു കാലമായി നേമത്ത് സിപിഎമ്മും ബിജെപിയും തമ്മിലാണ് മത്സരം. മുരളി എത്തുന്നതോടെ ഇത് അതിശക്തമായ ത്രികോണ പോരായി മാറും. വട്ടിയൂർക്കാവിന്റെ പഴയ പതിപ്പായിരുന്ന തിരുവനന്തപുരം നോർത്തിൽ സിപിഎം നേതാവ് എം വിജയകുമാറായിരുന്നു ദീർഘകാലം എംഎൽഎ. മുരളീധരൻ എത്തുമ്പോൾ നോർത്ത വട്ടിയൂർക്കാവായി. ഈ മണ്ണ് മുരളി സ്വന്തമാക്കി. കഴിഞ്ഞ തവണ ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചപ്പോൾ വട്ടിയൂർക്കാവ് എംഎൽഎ സ്ഥാനം രാജിവച്ചു. അങ്ങനെ നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രശാന്ത് സിപിഎമ്മിനായി ജയിച്ചു കയറി. വട്ടിയൂർക്കാവിലും വ്യക്തിപ്രഭാവമായിരുന്നു മുരളിയുടെ കരുത്ത്. ഈ രാഷ്ട്രീയ മികവ് തന്നെയാണ് നേമത്തും കരുണാകരന്റെ മകന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന് സാധ്യതകൾ നൽകുന്നത്.
1977ലെ അടിയന്തരാവാസ്ഥയ്ക്ക് ശേഷമാണ് കരുണാകരൻ ആദ്യമായി കേരളത്തിലെ മുഖ്യമന്ത്രിയായത്. രാജൻ കേസിലെ വിധികാരണം രാജിവച്ചപ്പോൾ എകെ ആന്റണി മുഖ്യമന്ത്രിയായി. പിന്നീട് പികെ വാസുദേവൻ നായരും. സിപിഎമ്മും സിപിഐയും ഒരു പക്ഷത്ത് എത്തിയപ്പോൾ 1977ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിയ ഐക്യമുന്നണി ശിഥിലമായി. 1980ലെ തെരഞ്ഞെടുപ്പിൽ ഇകെ നയനാർ മുഖ്യമന്ത്രിയായി. എകെ ആന്റണിയുടെ കോൺഗ്രസും ഈ മുന്നണിയുടെ ഭാഗം. ഈ സഖ്യത്തെ കാസറ്റിങ് വോട്ടിന്റെ കരുത്തിൽ തകർത്ത് വീണ്ടും കരുണാകരൻ മുഖ്യമന്ത്രിയായി. എന്നാൽ സ്പീക്കറായിരുന്ന ലോലപ്പൻ നമ്പാടൻ വീണ്ടും കളം മാറി. ഇതോടെ കരുണാകരൻ സർക്കാർ വീണു.
നേമത്തെ കൈവിട്ട ലീഡർ
1980ലെ സർക്കാരിനെ രാഷ്ട്രീയ നാടകങ്ങളിലൂടെ മറിച്ചിട്ടത് മാളയിൽ തിരിച്ചടിയാകുമോ എന്ന് കരുണാകരൻ ഭയന്നിരുന്നു. അങ്ങനെയാണ് നേമത്തും മത്സരിക്കാൻ തീരുമാനിച്ചത്. മാളയിൽ ജയിച്ചതോടെ നേമത്തെ കരുണാകരൻ കൈവിട്ടു. തൊട്ടടുത്തു നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്ന് സിപിഎം. മണ്ഡലം പിടിച്ചു. പിന്നീട് തുടർച്ചയായി നാലു തവണ സിപിഎം. മണ്ഡലം നിലനിർത്തുകയും ചെയ്തു. ഇതിന് ശേഷം കരുണാകരൻ തന്നെ നേമത്തിന് പ്രതിവിധി കണ്ടെത്തി. ശക്തൻ എന്ന വിശ്വസ്തനെ ഇറക്കി നേമം സ്വന്തമാക്കി. ശക്തനെ ഗതാഗത മന്ത്രിയുമാക്കി. പിന്നീട് ഈ നേമത്തിന്റെ മുഖം മാറി. പുനർ നിർമ്മാണത്തിലൂടെ നേമത്തിന്റെ സ്വഭാവം തന്നെ മാറി.
ഇപ്പോൾ നേരത്തേയുണ്ടായിരുന്ന തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിന്റെ മുക്കാൽ ഭാഗങ്ങളും ഉൾപ്പെട്ട കോർപ്പറേഷൻ പരിധിയിലെ പ്രദേശങ്ങളാണ് മണ്ഡലത്തിലുള്ളത്. പഴയ നേമം മണ്ഡലത്തിന്റെ ഗ്രാമീണമേഖലകൾ ഇപ്പോഴത്തെ കാട്ടാക്കട മണ്ഡലത്തിന്റെ ഭാഗമാണ്. ഈ മണ്ഡലം ശിവൻകുട്ടിയിലൂടെ സിപിഎം സ്വന്തമാക്കി. പിന്നെ രാജഗോപാലിലൂടെ ബിജെപി താമര വിരിയിച്ചു. കോൺഗ്രസിന് ഇനി ജീവന്മരണ പോരാട്ടമാണ്. ഇതിന് വേണ്ടിയാണ് കരുണാകര പുത്രനായ കെ മുരളീധരനെ പരിഗണിക്കുന്നത്. ലോക്സഭാ, നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ബിജെപി. ഇവിടെ തങ്ങളുടെ അപ്രമാദിത്വം നിലനിർത്തുന്നുവെന്നത് രാഷ്ട്രീയ എതിരാളികൾക്കും വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ യു.ഡി.എഫും എൽ.ഡി.എഫും നേമം പിടിക്കാൻ ശക്തമായ പോരാട്ടത്തിനു തയ്യാറെടുക്കുകയാണ്.
1957-ലെ ആദ്യ തിരഞ്ഞെടുപ്പിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ എ.സദാശിവനാണ് നേമത്തുനിന്നു വിജയിച്ചത്. 1960-ൽ പി.എസ്പി.യിലെ വിശ്വംഭരനും 1965-ലും 1967-ലും സിപിഐ.യിലെ എം.സദാശിവനും 1970-ൽ പി.എസ്പി.യിലെ ജി.കുട്ടപ്പനും ഇവിടെനിന്നു നിയമസഭയിലെത്തി. 1977-ൽ കോൺഗ്രസിലെ എസ്.വരദരാജൻ നായർ സിപിഎമ്മിലെ പള്ളിച്ചൽ സദാശിവനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുത്തു. കോൺഗ്രസിലെ പിളർപ്പിനെത്തുടർന്ന് കോൺഗ്രസി(യു)ലെത്തിയ വരദരാജൻ നായർ, 1980-ൽ ഇവിടെ തോറ്റു. കോൺഗ്രസി(ഐ)ലെ ഇ.രമേശൻ നായരായിരുന്നു വിജയി. 1982-ൽ കരുണാകരൻ രാജിവച്ചതിനെത്തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ വി.ജെ.തങ്കപ്പൻ, രമേശൻ നായരെ പരാജയപ്പെടുത്തി മണ്ഡലം സിപിഎമ്മിന്റെ കൈയിലെത്തിച്ചു.
1987-ൽ 20755 വോട്ടിനും 1991-ൽ 6835 വോട്ടിനും വി.ജെ.തങ്കപ്പൻ വിജയം തുടർന്നു. 1996-ൽ സിപിഎമ്മിലെതന്നെ വെങ്ങാനൂർ ഭാസ്കരൻ കോൺഗ്രസിലെ കെ.മോഹൻകുമാറിനെ പരാജയപ്പെടുത്തി. എന്നാൽ, 2001-ൽ വെങ്ങാനൂർ ഭാസ്കരനെ പരാജയപ്പെടുത്തി കോൺഗ്രസിലെ എൻ.ശക്തൻ മണ്ഡലം യു.ഡി.േെഎഫിലക്കത്തിച്ചു. 2006-ലും പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ശക്തൻ ജയം തുടർന്നു. മണ്ഡലം രൂപം മാറിയപ്പോൾ ശിവൻകുട്ടിയും രാജഗോപാലും നേമത്തെ പ്രതിനിധീകരിച്ചു. ഇവിടയൊണ് കരുത്ത് കാട്ടൻ ഇപ്പോൾ മുരളീധരൻ എത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ