കണ്ണൂർ: നരേന്ദ്ര മോദി സർക്കാറിന്റെ കാർബൺ കോപ്പിയായി പിണറായി സർക്കാർ മാറിയെന്ന് മുൻ കെ പി സി സി പ്രസിഡന്റ് കെ മുരളീധരൻ എം പി. വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ കോൺഗ്രസ് ദേശ വ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി നടത്തിയ ജനജാഗരൺ അഭിയാൻ പദയാത്രക്ക് സമാപനം കുറിച്ച് കൊണ്ട് സ്റ്റേഡിയം കോർണറിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കുടിയായ കെ മുരളീധരൻ.

ക്രൂഡോയിൽ വില ഗണ്യമായി കുറഞ്ഞിട്ടും രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുന്നില്ല. റോക്കറ്റ് പോലെ കുതിക്കുകയാണ്. ഈ കുതിപ്പ് തടയാൻ കാരണമായത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ എതിരായി തിരിഞ്ഞതോടെയാണ്. ജനങ്ങൾ തിരിച്ചടി നൽകിയില്ലായിരുന്നുവെങ്കിൽ ആയിരം രൂപ വരെ ഇന്ധനത്തിന് വിലകൂടുമായിരുന്നു. ഇന്ധന വില വർദ്ധനവിന് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായപ്പോഴാണ് അതുവരെ വില വർദ്ധിച്ചു കൊണ്ടിരുന്ന ഇന്ധന നിരക്ക് കുറക്കാൻ തീരുമാനിച്ചതെന്നും മുരളീധരൻ പറഞ്ഞു.

കേന്ദ്രം ഇന്ധന വില കുറച്ചപ്പോൾ സംസ്ഥാനങ്ങളും കുറക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പറഞ്ഞത്. എന്നാൽ ധനകാര്യ മന്ത്രി പറഞ്ഞത് പഞ്ചാബും രാജസ്ഥാനും കുറച്ചില്ലെന്നാണ്. എന്നാൽ രണ്ട് സംസ്ഥാനങ്ങളിലും വില കുറച്ചതോടെ ഉത്തരം മുട്ടിയ ധനമന്ത്രി ഇപ്പോൾ പറയുന്നത് വികസനത്തിന് പണമില്ലെന്നാണ്. കേന്ദ്രവും പറയുന്നത് വികസനത്തിന് പണമില്ലെന്നാണ്. ഇരു സർക്കാരുകളും ഒരേ വാദമുഖങ്ങളാണ് വിപണിയിൽ നടപ്പിലാക്കുന്നത്.

ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് പാക്കിസ്ഥാൻ മാത്രമായിരുന്നു ഇന്ത്യയുടെ ശത്രു.എന്നാൽ ഇന്ന് 45 രാജ്യവും സന്ദർശനം നടത്തുന്ന മോദിക്ക് ഒരു രാജ്യത്തെ എങ്കിലും മിത്രമാക്കാൻ സാധിച്ചിട്ടുണ്ടോയെന്ന് മുരളിധരൻ ചോദിച്ചു. ഒരു ആശയവുമില്ലാതെ സംഘ രാഷട്രീയം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ഇവിടെയാണെങ്കിൽ അക്രമരാഷ്ട്രീയവും നടത്തുന്നു.

രാജ്യത്തിന്റെ അവസ്ഥ നമ്മളൊക്കെ കരുതുന്നതിനേക്കാൾ ഭീകരമാണ്. ബിജെപി സർക്കാർ ചരിത്രം മാറ്റിയെഴുതുമ്പോൾ സവർക്കർ നായകനും ഗാന്ധി വില്ലനുമായി മാറും .വികലമായ ചിന്തയുള്ളവരാണ് രാജ്യത്ത് ഭരണം നടത്തുന്നത്. കോൺഗ്രസിന് എന്തെങ്കിലും സംഭവിക്കുമോ എന്നാണ് പേടിയെന്ന് ഇന്ദിരാഗാന്ധി പറഞ്ഞിരുന്നു. കാരണം കോൺഗ്രസിന് എന്തെങ്കിലും സംഭവിച്ചാൽ അത് രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെയാണ് ബാധിക്കുന്നത്. കോൺഗ്രസ് അൽപ്പം ദുർബലപ്പെട്ടപ്പോൾ അവിടങ്ങളിൽ കയറി ഇറങ്ങി കോൺഗ്രസ് നേതാക്കളെ വലിച്ച് കൊണ്ടുപോവുകയായിരുന്നു ബിജെപി. ഇപ്പോൾ മമതയും അതേ പാത തുടരുകയാണ്.

മമതയുടെ കഴിവ് ബംഗാളിൽ മാത്രമാണ് ഉള്ളത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറാൻ ശ്രമിക്കുന്നത് ബിജെ പിയെ സഹായിക്കാനാണ്. മുമ്പ് ബിജെപിയെസഹായിച്ച മമത 'ഇന്ന് കോൺഗ്രസിനെ ദുർബലപ്പെടുത്തി ബിജെപിയെ സഹായിക്കാനുള്ള നീക്കത്തിലാണ് .മമത വിചാരിച്ചാലൊന്നും കോൺഗ്രസ് ദുർബലമാകില്ല. മമത കുടുക്കാൻ .നോക്കുന്നത് കോൺഗ്രസ് നേതാക്കളെയാണ്. എന്തുകൊണ്ട് ബിജെപി ആർ എസ് എസ് പ്രവർത്തകരെ കൂടെ കൂട്ടാൻ ശ്രമിക്കാതിരുന്നത്. അവരുടെ ലക്ഷ്യവും കോൺഗ്രസിനെ ദുർബലപ്പെടുത്തുകയാണെന്ന് വേണം കരുതാൻ.

പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായം നൽകാൻ സർക്കാരിന്റെ കൈയിൽ പണമില്ല. പൊട്ടിപൊളിഞ്ഞ റോഡുകൾ നന്നാക്കാനും പണമില്ല. അതേ സമയം ജനങ്ങൾക്ക് ഉപകാരമില്ലാത്ത കെ റെയിൽ പദ്ധതി നടപ്പിലാക്കാൻ പണം ഉണ്ട്. കെ റെയിൽ ജനങ്ങൾക്ക് ഉപകാരമാകില്ല. കേരളത്തെ രണ്ടായി വിഭജിക്കപ്പെടുന്ന അവസ്ഥയാണ് കെ റെയിൽപദ്ധതി നടപ്പിലാകുമ്പോൾ സംഭവിക്കുക.

ആന്റണി മുഖ്യമന്ത്രി ആയിരുന്ന പോൾ എക്സ്പ്രസ് ഹൈവേ കൊണ്ടു വരാൻ ശ്രമിച്ചു. അന്ന് എൽഡിഎഫ് ചോദിച്ചു പുല്ലു തിന്നുന്ന പശുവിന് എന്തിനാണ് കയർ എന്ന് .അവരാണ് ഇന്ന് കെ റെയിലിന്റെ പേരിൽ മതിൽ കെട്ടാനിറങ്ങിയത്.

സംസ്ഥാനത്തെ മന്ത്രിമാർക്ക് വകുപ്പിനെ കുറിച്ച് പോലും അറിയില്ല. എല്ലാം അറിയുന്നത് മുഖ്യമന്ത്രി മാത്രം.സർവ്വാധിപനെ പോലെ നടിക്കുന്ന മുഖ്യമന്ത്രി പിണറായിക്ക് ബംഗാളിന്റെയും ത്രിപുരയുടെയും അനുഭവം ഉണ്ടാകുമെന്ന് മുരളീധരൻ സൂചിപ്പിച്ചു. ചടങ്ങിൽ വെച്ച് കഥയുടെ കുലപതി ടി പത്മനാഭനെ കെ മുരളീധരൻ എം പി ഡിസിസി യുടെ ഉപഹാരവും ഷാളും നൽകി ആദരിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷതവഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ,സണ്ണീ ജോസഫ് എം എൽ,എ, സജീവ് ജോസഫ് എം എൽ എ, മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, അഡ്വ. ടി ഒ മോഹനൻ ,യുഡിഎഫ് ജില്ലാ ചെയർമാൻ പി ടി മാത്യു,ചന്ദ്രൻ തില്ലങ്കേരി , കെ സി മുഹമ്മദ് ഫൈസൽ,സുരേഷ് ബാബു എളയാവൂർ, ആദരവ് ഏറ്റുവാങ്ങിയ കഥാകൃത്ത് ടി പത്മനാഭനും സംസാരിച്ചു.