തിരുവനന്തപുരം: സഹോദരങ്ങളായ എം വി താമരാക്ഷനും വി ദിനകരനും ഒന്നിച്ച് നിയമസഭയിൽ എത്തിയത് രണ്ടുവട്ടമാണ്. 1982 മുതൽ 87 വരെയും 90 മുതൽ 91 വരെയും ഇരുവരും ഒന്നിച്ച് നിയമസഭാ സാമാജികരായി. രണ്ടുവട്ടവും ദിനകരൻ അമ്പലപ്പുഴയെ പ്രതിനിധീകരിച്ചപ്പോൾ താമരാക്ഷൻ 82ൽ മാരാരിക്കുളത്തുനിന്നും 90ലെ ഉപതിരഞ്ഞെടുപ്പിൽ ഹരിപ്പാട്ടുനിന്നും സഭയിലെത്തി.

ഇത്തവണയും സമാനമായ ഒരു സഹോദര സമാഗമത്തിന് നിയമസഭാ വേദിയാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്നത്. നേമത്ത് നിന്നും ജനവിധി തേടിയ കെ മുരളീധരനും തൃശൂരിൽ നിന്നും ജനവിധി തേടിയ പത്മജ വേണുഗോപാലും ഇത്തവണ പുതുചരിത്രം കുറിക്കുമോ എന്നായിരുന്നു ആകാംക്ഷ.

ഏതെങ്കിലും സഹോദരനും സഹോദരിയും ഒരുമിച്ച് ഇതുവരെ കേരള നിയമസഭയിൽ എത്തിയിട്ടില്ല. ഇത്തവണ അപൂർവ നേട്ടത്തിലേക്ക് കെ കരുണാകരന്റെ പ്രിയ പുത്രനും പുത്രിയും കടന്നെത്തുമോ എന്നായിരുന്നു ഉറ്റുനോക്കിയിരുന്നത്. എന്നാൽ തുടർഭരണത്തിനായുള്ള ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തിൽ വലിയ പരാജയം നേരിട്ടവരിൽ കെ. മുരളീധരനും അദ്ദേഹത്തിന്റെ സഹോദരി പത്മജ വേണുഗോപാലും ഉൾപ്പെട്ടു.



കടുത്ത മത്സരം പ്രതീക്ഷിച്ച നേമത്ത് ഒരിക്കൽ പോലും ലീഡിലേക്കുയരാൻ സാധിക്കാതിരുന്ന മുരളീധരൻ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി നേമത്ത് വിജയം ഉറപ്പിച്ചപ്പോൾ കെ മുരളീധരൻ വീണ്ടും ലോക്‌സഭയിലേക്ക് മടങ്ങുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ച മുരളീധരനേറ്റ കടുത്ത തിരിച്ചടി കൂടിയായി മൂന്നാം സ്ഥാനത്തേക്കുള്ള ഈ വീഴ്ച. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഒ. രാജഗോപാൽ വിജയിച്ച മണ്ഡലം എൽ.ഡി.എഫ് തിരിച്ചുപിടിച്ചു. നേമത്ത് ഇനി ബിജെപിയെ വാഴിക്കില്ലെന്ന ഇടതുപക്ഷ നിലപാടിനൊപ്പം നേമത്തെ ജനങ്ങൾ നിലയുറപ്പിക്കുന്ന കാഴ്ചയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

കഴിഞ്ഞ തവണ വട്ടിയൂർക്കാവിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുരളീധരന് കടുത്ത തിരിച്ചടിയാണ് ഈ തോൽവി. അതേസമയം മുരളീധരന്റെ സഹോദരിയും തൃശൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ പത്മജ വേണുഗോപാലിനെ കാത്തിരുന്നതും തോൽവി തന്നെ. എൽ.ഡി.എഫിന്റെ പി. ബാലചന്ദ്രനാണ് ഇവിടെ വിജയിച്ചത്.

ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ ഇവിടെ ലീഡ് ചെയ്തിരുന്നുവെങ്കിലും ഒടുവിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പോസ്റ്റൽ വോട്ട് എണ്ണുന്ന ഘട്ടത്തിൽ പത്മജയ്ക്കായിരുന്നു ലീഡ്. എന്നാൽ ആദ്യ മണിക്കൂറുകൾ പിന്നിട്ടപ്പോൾ ലീഡ് നില മാറിമറിഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ലീഡ് പിടിച്ചു. എന്നാൽ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ലീഡ് വീണ്ടും മാറിമറിയുകയായിരുന്നു.