തിരുവനന്തപുരം: കേരളത്തിൽ ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലമാണ് നേമം. ഇക്കുറി ഇവിടെ നിന്നും ആര് വിജയിച്ചു കയറുമെന്ന കാര്യത്തിൽ പ്രവചനം പോലും അസാധ്യമാണ്. അത്രയ്ക്ക് തീപാറിയ മത്സരമാണ് നടക്കുന്നത്. ഇതിനിടെ വോട്ടുകച്ചവട ആരോപണങ്ങളു മണ്ഡലത്തിൽ ശക്തമായി ഉയർന്നു. എന്നാൽ, ഈ ആരോപണങ്ങളെ തള്ളിക്കളയുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേമത്തെ യു.ഡി.എഫ് വോട്ട് പലവഴിക്ക് ചോർന്നിട്ടുണ്ടാകാമെന്ന് മുരളീധരൻ വ്യക്തമാക്കി. ചോർച്ചക്ക് കാരണം യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി.സുരേന്ദ്രൻപിള്ളയോടുള്ള ഇഷ്ടക്കേടും ബിജെപി സ്ഥാനാർത്ഥി ഒ.രാജഗോപാലിന് ലഭിച്ച സഹതാപവുമാണെന്ന് മുരളീധരൻ പറഞ്ഞു. എന്നാൽ വോട്ട് കച്ചവടമല്ല ബിജെപിയുടെ വിജയകാരണമെന്നാണ് കുമ്മനം രാജശേഖരന്റെ അവകാശവാദം.

നേമത്ത് വോട്ടുകച്ചവടം നടത്തിയെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയ കാര്യം. '1984 മുതൽ യുഡിഎഫിന്റെ സമീപനം ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. യുഡിഎഫിന്റെ ഒരു പ്രമുഖനായ നേതാവ് നേമത്ത് നാമനിർദ്ദേശം നൽകാൻ പറഞ്ഞപ്പോൾ മത്സിരക്കുന്നില്ലെന്നാണ് ഞാനാദ്യം പറഞ്ഞത്. യുഡിഎഫിനെ എനിക്കറിയാവുന്നതുകൊണ്ടായിരുന്നു അത്. എന്നാലിപ്പോൾ യുഡിഎഫ് അവിടെ ശക്തമാണെന്നും വലിയ മാറ്റമുണ്ടെന്നും പറഞ്ഞു. അങ്ങനെയാണ് ഞാൻ നിന്നത്. ചിലർക്ക് ചിലയിടത്ത് ജയിക്കാനായി ചിലരെ ബലിയാടാക്കുകയണ് യുഡിഎഫ് ചെയ്തത്' സുരേന്ദ്രൻ പിള്ള പറഞ്ഞു.

ഘടക കക്ഷികൾക്ക് സീറ്റ് കൊടുക്കക, വോട്ടുകച്ചവടം നടത്തുക എന്നതാണ് കോൺഗ്രസിന്റെ രീതി. അവർ മത്സരിക്കുന്ന സീറ്റുകളിൽ അവർക്കതിന് പ്രതിഫലം ലഭിക്കും. നേമത്ത് വോട്ട് കച്ചവടം നടന്നെന്ന് ഒ.രാജഗോപാൽ തന്നെ പറഞ്ഞതാണ്. നേമത്തെ ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും ശ്രദ്ധിക്കണം. താൻ പറയാതെ തന്നെ ഇക്കാര്യം മുരളീധരന് അറിയാം. പ്രവർത്തകരെ കുറ്റംപറയില്ല. ചില നേതാക്കളാണ് കച്ചവടത്തിന് പിന്നിൽ. നിലവിൽ ത്രികോണ മത്സരം വന്നതോടെ എൽഡിഎഫ് സ്ഥാനാർത്ഥി വി.ശിവൻകുട്ടിക്ക് സാധ്യതയേറിയെന്നും സുരേന്ദ്രൻ പിള്ള പറഞ്ഞു.

2016 ൽ നേമത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തിയാണ് സുരേന്ദ്രൻ പിള്ള. ബിജെപി സ്ഥാനാർത്ഥി ഒ.രാജഗോപാൽ നേമത്ത് വിജയിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി സുരേന്ദ്രൻ പിള്ള മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. വി.സുരേന്ദ്രൻപിള്ളയ്ക്ക് കിട്ടിയത് 13860 വോട്ട് മാത്രവുമായിരുന്നു. ഇതിന് കാരണം കോൺഗ്രസ് ബി.െജ.പിക്ക് വോട്ട് വിറ്റതാണെന്ന് ഇന്ന് ഇടത് പക്ഷത്തുള്ള സുരേന്ദ്രൻ പിള്ള ആരോപിക്കുമ്പോൾ കച്ചവടം തള്ളിക്കളയുകയാണ് കെ.മുരളീധരൻ.

പക്ഷേ യു.ഡി.എഫിന്റെ വോട്ടുകൾ ചോർന്നൂവെന്നതിൽ മുരളിക്ക് സംശയമില്ല. എന്നാൽ യു.ഡി.എഫ് വോട്ട് കിട്ടിയില്ല, നേമത്ത് ബിജെപിക്ക് ഫിക്‌സഡ് വോട്ടുള്ളതുകൊണ്ടാണ് ജയിക്കുന്നതെന്നാണ് കുമ്മനത്തിന്റെ വാദം. ഇങ്ങിനെ 2016ലെ വോട്ട് പോയ വഴി, ഇത്തവണയും നേമത്തെ ത്രികോണ പോരിന്റെ വീര്യം കൂട്ടുകയാണ്. വോട്ട് കച്ചവട ആരോപണം മറികടക്കാൻ ശക്തനായ സ്ഥാനാർത്ഥിയെ കോൺഗ്രസ് കളത്തിലിറക്കിയിരിക്കുകയാണ്.