- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കെ. സുധാകരനു ഗ്രൂപ്പില്ലാത്തതു നന്നായി; പക്ഷെ, ഇതിന്റെ പേരിൽ പുതിയ ഗ്രൂപ്പ് ഉണ്ടാകരുത്; കോൺഗ്രസിനെ നയിക്കാൻ കെ. സുധാകരനു കഴിയും: ഉപദേശവുമായി കെ മുരളീധരൻ
കോഴിക്കോട്: കെ സുധാകരനു ഗ്രൂപ്പ് ഇല്ലാത്തതു നല്ല കാര്യമാണെന്നും അതിന്റെ പേരിൽ പുതിയ ഗ്രൂപ്പുകൾ ഉണ്ടാവരുതെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പുതിയ കെപിസിസി അധ്യക്ഷന് ആശംസകൾ നേരവേയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ബിജെപിയോടു കോൺഗ്രസ് മൃദുസമീപനം സ്വീകരിക്കുന്നു എന്ന ദുഷ്പേര് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ന്യൂനപക്ഷങ്ങൾ കോൺഗ്രസിനെ കൈവിട്ടത് അതുകൊണ്ടാണെന്നും കെ. മുരളീധരൻ പറഞ്ഞു.
'കെ. സുധാകരനു ഗ്രൂപ്പില്ലാത്തതു നന്നായി. പക്ഷെ ഇതിന്റെ പേരിൽ പുതിയ ഗ്രൂപ്പ് ഉണ്ടാകരുത്. സുധാകരന്റെ ശൈലി ദോഷം ചെയ്യില്ല. ഓരോരുത്തർക്കും ഓരോ ശൈലിയാണ്. കെപിസിസി. പ്രസിഡന്റ് സ്ഥാനത്തേക്കു മുതിർന്ന നേതാക്കൾ ആരുടെയും പേരു നിർദേശിക്കാതിരുന്നതിൽ തെറ്റില്ല. പാർട്ടിയിലെ ജംബോ കമ്മിറ്റികൾ പിരിച്ചുവിടണം. സുധാകരൻ വന്നപ്പോൾ അണികൾ ഒറ്റക്കെട്ടായി,' മുരളീധരൻ പറഞ്ഞു.
കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായുള്ള പോരാട്ടം കോൺഗ്രസ് ഏറ്റെടുക്കണം എന്നും ബിജെപി. തന്നെയാണു മുഖ്യശത്രുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ അതിശക്തമായി മുന്നോട്ടു പോകാൻ സുധാകരനു കഴിയുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം കോൺഗ്രസിൽ ഗ്രൂപ്പ് ഇല്ലാതായിട്ടില്ലെന്നും കെ. സുധാകരനും ഈ ഗ്രൂപ്പിന് അതീതമല്ലെന്നുമായിരുന്നു കോൺഗ്രസ് നേതാവ് കെ.സി. ജോസഫ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. താൻ പ്രത്യേകം ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ലെന്നും ഗ്രൂപ്പിന് അതീതമായി പ്രവർത്തിക്കുമെന്നുമാണു കെ. സുധാകരൻ ഇതിന് മറുപടി പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ