- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ പി അനിൽകുമാറിന് സിപിഎം ഉന്നത ചുമതല നൽകിയേക്കും; കോഴിക്കോട് ജില്ലാ സമ്മേളന സംഘാടകസമിതി രക്ഷാധികാരിയാകുന്നത് ഉന്നത നേതാക്കൾക്കൊപ്പം; അനിൽകുമാറിന്റെ ആദ്യ ദൗത്യം കോൺഗ്രസ് വിട്ടുവരുന്ന നേതാക്കൾക്കുള്ള സൂചന
തിരുവനന്തപുരം: കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ കെപി അനിൽകുമാറിനും പിഎസ് പ്രശാന്തിനും പാർട്ടി സ്ഥാനങ്ങൾ നൽകുന്നത് വൈകുമെങ്കിലും ഇരുവർക്കും മുന്തിയ പരിഗണനകൾ തന്നെ സിപിഎം നൽകും. കെപി അനിൽകുമാറിന് പാർട്ടി നൽകന്ന പ്രഥമദൗത്യം സൂചിപ്പിക്കുന്നത് അതാണെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ അഭിപ്രായം.
സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതിയിൽ രക്ഷാധികാരിയായാണ് അനിൽകുമാറിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരിം, മുന്മന്ത്രി ടിപി രാമകൃഷ്ണൻ, മന്ത്രിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ മുഹമ്മദ് റിയാസ് തുടങ്ങിയ ഉന്നതനേതാക്കൾക്കൊപ്പമാണ് കെപി അനിൽകുമാറും സംഘാടകസമിതിയുടെ രക്ഷാധികാരിയായിരിക്കുന്നത്. സിപിഎമ്മിലെത്തിയതിന് തൊട്ടടുത്ത ദിവസമാണ് കെപി അനിൽകുമാറിന് ആദ്യ ചുമതല നൽകിയിരിക്കുന്നത്.
ജനുവരി 10 മുതൽ 12 വരെയാണ് സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനം തീരുമാനിച്ചിട്ടുള്ളത്. സംഘാടക സമിതിയിൽ ജില്ലാസെക്രട്ടറിക്കും മുകളിൽ കേന്ദ്രകമ്മിറ്റി അംഗത്തിനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾക്കുമൊപ്പമാണ് അനിൽകുമാറിന്റെ സ്ഥാനം. ഇത് മറ്റ് പാർട്ടികളിൽ നിന്നും സിപിഎമ്മിലേയ്ക്ക് വരാനിരിക്കുന്നവർക്കുള്ള സന്ദേശമായാണ് രാഷ്ട്രീയനിരീക്ഷകർ കാണുന്നത്. സിപിഎമ്മിലേയ്ക്ക് വന്നാൽ അംഗീകാരം ലഭിക്കാൻ പ്രയാസമാണെന്നതുകൊണ്ട് സിപിഎമ്മിലേയ്ക്ക് വരാൻ മറ്റ് പാർട്ടികളിലുള്ള നേതാക്കൾക്ക് വിമുഖതയാണെന്ന് സിപിഎം നേതൃത്വത്തിനറിയാം. ഇപ്പോൾ കോൺഗ്രസിൽ നിന്ന് വരുന്നവർക്ക് ഉയർന്ന സ്ഥാനങ്ങൾ നൽകി ആ പ്രതിച്ഛായ തിരുത്താനാണ് അവരുടെ ശ്രമം. അതുവഴി കെപിസിസി- ഡിസിസി ഭാരവാഹി ലിസ്റ്റുകൾ കൂടി വരുന്നതോടെ അതൃപ്തരായ കൂടുതൽപേരെ സിപിഎമ്മിലേയ്ക്ക് ആകർഷിക്കാമെന്നാണ് അവരുടെ വിലയിരുത്തൽ.
അതേ സമയം തന്നെ കെ.പി അനിൽകുമാർ ദേശാഭിമാനി വരിക്കാരനായി. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ അനിൽകുമാറിന്റെ വീട്ടിലെത്തിയാണ് വരിസംഖ്യ ഏറ്റുവാങ്ങിയത്. അനിൽകുമാറിന് നല്ല രീതിയിൽ പ്രവർത്തിക്കാനുള്ള അവസരം സിപിഎം ഉറപ്പാക്കുമെന്ന് പി. മോഹനൻ പറഞ്ഞു. കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്നും രാജി പ്രഖ്യാപിച്ച ശേഷം കോഴിക്കോട് എത്തിയ കെപി അനിൽകുമാറിന് പാർട്ടി ജില്ലാ സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയിരുന്നു.
പാർട്ടി ഏൽപിക്കുന്ന ചുമതല ആത്മാർത്ഥമായി നിർവ്വഹിക്കുമെന്ന് അനിൽകുമാർ അറിയിച്ചു. കോൺഗ്രസിന് ഇപ്പോൾ കാഴ്ചക്കാരന്റെ റോൾ മാത്രമാണ്. ഡിസിസി പ്രസിഡണ്ടുമാരെ നിയന്ത്രിച്ചിരുന്ന താൻ ഒരു ഡിസിസി പ്രസിഡണ്ട് സ്ഥാനത്തിനായി വാശി പിടിക്കുമോയെന്നും കെ പി അനിൽ കുമാർ ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ