- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദേവസ്വം മന്ത്രിസ്ഥാനത്ത് കെ രാധാകൃഷ്ണനെ നിയോഗിച്ചു ഞെട്ടിച്ചു പിണറായി സർക്കാർ; ദളിത് വിഭാഗത്തിൽ നിന്നുള്ള ദേവസ്വം മന്ത്രി രണ്ടാം മന്ത്രിസഭയിൽ; പുതുമുഖമായിട്ടും പി എ മുഹമ്മദ് റിയാസിന് പൊതുമരാമത്ത് അടക്കം സുപ്രധാന വകുപ്പുകൾ; വൈദ്യുതി വകുപ്പ് കെ കൃഷ്ണൻകുട്ടിക്കും നൽകി; വകുപ്പ് വിഭജനത്തിലും സർപ്രൈസുകൾ ഒളിപ്പിച്ച് സിപിഎം
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ സർപ്രൈസുകൾ തുടരുന്നു. ഒന്നാം പിണറായി സർക്കാർ ഏറെ പരീക്ഷണങ്ങൾ നേരിടേണട്ി വന്ന ദേവസ്വം വകുപ്പിലാണ് സിപിഎം വിപ്ലവകരമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഈ വകുപ്പിൽ ചേലക്കരയിൽ നിന്നുള്ള എംഎൽഎ കെ. രാധാകൃഷ്ണന് നൽകി വിപ്ലവകരമായ തീരുമാനമെടുത്തിരിക്കായാണ് സർക്കാർ. കേന്ദ്രകമ്മിറ്റി അംഗവും പാർട്ടിയുടെ പുതുമുഖമല്ലാത്ത ഏക മന്ത്രിയായ കെ രാധാകൃഷ്ണന് ദേവസ്വം നൽകി എന്നതാണ് വകുപ്പ് നിർണയത്തിലെ ഹൈലൈറ്റ്.
ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ നിലപാടുകളുടെ പേരിൽ സംഘപരിവാർ സംഘടനങ്ങളും സവർണ സമുദായ സംഘടനകളും ദേവസ്വം വകുപ്പിനെതിരെ പരസ്യമായി രംഗത്ത് വരികയും സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ദേവസ്വം വകുപ്പിൽ നേരത്തെ നടന്ന ദളിത് നിയമനങ്ങൾ പോലും ഏറെ ചർച്ച ചെയ്യപ്പെട്ട സംസ്ഥാനമാണ് കേരളം. അത്തരമൊരു പശ്ചാത്തലത്തിൽ പിന്നോക്ക വിഭാഗ വകുപ്പും ദേവസ്വം വകുപ്പും ഒരേ മന്ത്രി കൈകാര്യം ചെയ്യുന്നുവെന്ന ഈ പ്രഖ്യാപനം ചരിത്രപരമാകുകയാണ്.
1996-ൽ നായനാർ മന്ത്രിസഭയിൽ പിന്നോക്ക ക്ഷേമന്ത്രിയായ കെ.രാധാകൃഷ്ണൻ നിലവിൽ സിപിഎം. കേന്ദ്ര കമ്മിറ്റി അംഗവും ദളിത് ശോഷൻ മുക്തി മഞ്ച് അഖിലേന്ത്യ പ്രസിഡന്റുമാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയമടക്കം ഏറെ ചർച്ചയാകുന്ന കാലത്താണ് മുതിർന്ന സിപിഎം നേതാവും ജനകീയനുമായ കെ.രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയാവുന്നത്. 2001, 2006, 2011 കാലത്തും ചേലക്കരയുടെ എംഎൽഎ ആയ രാധാകൃഷ്ണൻ 2001-ൽ ചീഫ് വിപ്പും 2006-ൽ നിയമസഭാ സ്പീക്കറുമായിരുന്നു. 2016-ൽ മത്സരിച്ചില്ലെങ്കിലും ഇത്തവണ വീണ്ടും നറുക്ക് വീഴുകയായിരുന്നു.
അതേസമയം മറ്റൊരു ഹൈലൈറ്റ് പി.എ മുഹമ്മദ് റിയാസിന് പൊതുമരാമത്ത് വകുപ്പ് ലഭിച്ചതാണ്. കഴിഞ്ഞ മന്ത്രിസഭയിൽ സീനിയറായ ജി സുധാകരൻ കൈകാര്യം ചെയ്ത വകുപ്പാണ് ഇത്തവണ താരതമ്യേന ജൂനിയറായ റിയാസിന് ലഭിക്കുന്നത്. ആദ്യ തവണ എംഎൽഎയായ റിയാസിനാണ് സുപ്രധാന വകുപ്പു നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
പ്രതീക്ഷിച്ചത് പോലെ ഉന്നത വിദ്യാഭ്യാസം ആർ ബിന്ദുവിന് നൽകിയപ്പോൾ തീർത്തും അപ്രതീക്ഷിതമായി പൊതുവിദ്യാഭ്യാസ നേമത്തെ ബിജെപിയെ തറപറ്റിച്ച് ജയിച്ചുകയറിയ വി.ശിവൻകുട്ടിക്ക് നൽകി. ആലപ്പുഴ ജില്ലയുടെ പ്രതിനിധിയായ സജി ചെറിയാനാണ് ഫിഷറീസ് സാംസ്കാരിക വകുപ്പുകളുടെ ചുമതല നൽകിയത്. സിപിഎം കൈവശം വച്ചിരുന്ന പ്രധാന വകുപ്പിൽ ഒന്നായ വൈദ്യുതി വകുപ്പ് ഘടകകക്ഷിക്ക് വിട്ടുനൽകിയതാണ് മറ്റൊരു പ്രത്യേകത. ജെഡിഎസിന്റെ കെ കൃഷ്ണൻകുട്ടിയാണ് വൈദ്യുതി മന്ത്രി. ജലവിഭവ വകുപ്പ് മന്ത്രിയായി മികച്ച പ്രകടനം കാഴ്ചവച്ചത് കൂടി കണക്കിലെടുത്താണ് അദ്ദേഹത്തിന് കൂടുതൽ പ്രധാനമുള്ള വകുപ്പ് ഇത്തവണ സിപിഎം നൽകുന്നത്.
കടന്നപ്പള്ളി കഴിഞ്ഞ മന്ത്രിസഭയിൽ കൈകാര്യം ചെയ്ത വകുപ്പുകളായ തുറമുഖവും ടൂറിസവും അടക്കം ഇത്തവണ പുതിയ ഘടകകക്ഷിയായ അഹമ്മദ് ദേവർകോവിലിന് നൽകി. കെ.ടി ജലീൽ കൈകാര്യം ചെയ്ത ന്യൂനപക്ഷ ക്ഷേമം ഇത്തവണ അദ്ദേഹത്തിന് പകരം മന്ത്രിസഭയിൽ എത്തുന്ന വി അബ്ദുറഹ്മാന് നൽകി. പ്രവാസി കാര്യവും അബ്ദുറഹ്മാന് തന്നെയാണ്. പ്രധാന വകുപ്പുകളായ ധനകാര്യം കെ.എൻ ബാലഗോപാലിനും തദ്ദേശ സ്വയംഭരണം എം.വി ഗോവിന്ദനും നൽകിയപ്പോൾ പി രാജീവിനാണ് വ്യവസായം നൽകിയത്.
മന്ത്രിമാരും വകുപ്പുകളും
പിണറായി വിജയൻ- പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, പരിസ്ഥിതി
കെ.എൻ. ബാലഗോപാൽ- ധനകാര്യം
വീണ ജോർജ്- ആരോഗ്യം
പി. രാജീവ്- വ്യവസായം
കെ.രാധാകൃഷണൻ- ദേവസ്വം, പാർലമെന്ററി കാര്യം, പിന്നാക്കക്ഷേമം
ആർ.ബിന്ദു- ഉന്നത വിദ്യാഭ്യാസം
വി.ശിവൻകുട്ടി - പൊതുവിദ്യാഭ്യാസം, തൊഴിൽ
എം വി ഗോവിന്ദൻ- തദ്ദേശസ്വയംഭരണം, എക്സൈസ്
പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം
വി.എൻ. വാസവൻ- സഹകരണം, രജിസ്ട്രേഷൻ
കെ. കൃഷ്ണൻകുട്ടി- വൈദ്യുതി
ആന്റണി രാജു- ഗതാഗതം
എ.കെ. ശശീന്ദ്രൻ- വനം വകുപ്പ്
റോഷി അഗസ്റ്റിൻ- ജലവിഭവ വകുപ്പ്
അഹമ്മദ് ദേവർകോവിൽ- തുറമുഖം
സജി ചെറിയാൻ- ഫിഷറീസ്, സാംസ്കാരികം
വി. അബ്ദുറഹ്മാൻ- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം
ജെ.ചിഞ്ചുറാണി- ക്ഷീരവകുപ്പ്, മൃഗസംരക്ഷണം
കെ.രാജൻ- റവന്യു
പി.പ്രസാദ്- കൃഷി
ജി.ആർ. അനിൽ- സിവിൽ സപ്ലൈസ്
മറുനാടന് മലയാളി ബ്യൂറോ