- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയാൽ ബാക്കി സർക്കാർ ഏറ്റെടുക്കുമോ? കെ റെയിലിന്റെ സാമൂഹികാഘാത പഠനത്തിലെ ചോദ്യാവലിയിൽ സാമൂഹ്യ പ്രസക്തമായ ചോദ്യങ്ങളില്ല; വിമർശനം കടുക്കുമ്പോൾ കോട്ടയത്ത് സാമൂഹിക ആഘാത പഠനത്തിന് ഉത്തരവിറങ്ങി; സർവേ കല്ലുകൾ പിഴുതുമാറ്റിയവരെ കേസെടുത്തു കൈകാര്യം ചെയ്യാൻ സർക്കാറും
കോഴിക്കോട്: കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന പിടിവാശിയിലാണ് സംസ്ഥാന സർക്കാർ. ഇതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ അവർ നടത്തി വരികയും ചെയ്യുന്നു. ഡിപിആർ പുറത്തുവിട്ട ശേഷമാണ് സാമൂഹിക ആഘാത പഠനം അടക്കം നടത്തുന്നത്. അതേസമയം സാമൂഹിക ആഘാത പഠനത്തിന്റെ ചോദ്യാവലിക്കെതിരെ അടക്കം വിമർശനങ്ങൾ ഉയരുകയാണ് ഇപ്പോൾ. സാമൂഹികാഘാതപഠനമെന്ന പേരിൽ പ്രാഥമിക വിവരശേഖരണത്തിനുള്ള സർവേയാണ് ഇപ്പോൾ നടക്കുന്നതെന്നാണ് കെറെയിൽ വിരുദ്ധ സമരസമിതി ആരോപിക്കുന്നത്.
17 പേജുള്ള വിവരശേഖരണ ചോദ്യാവലിയാണ് പുറത്തുവന്നിരിക്കുന്നത്. സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാതപഠനത്തിനായി 14 ജില്ലകളിലും 14 ഏജൻസികളെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരടക്കമുള്ള ജില്ലകളിലാണ് വിവരശേഖരണം തുടങ്ങിയിരിക്കുന്നത്. ചോദ്യാവലിയുടെ ആദ്യ ഭാഗത്ത് പദ്ധതിബാധിത വസ്തുവിൽ പദ്ധതി സംബന്ധമായി സ്ഥാപിച്ചിട്ടുള്ള അതിർത്തിക്കല്ലിന്റെ നമ്പർ ചോദിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധത്തെതുടർന്ന് കല്ലിടൽ ഇതുവരെ പൂർത്തിയായിട്ടില്ല. പൊലീസിന്റെ സഹായത്തോടെ കല്ലിട്ട ഇടങ്ങളിൽ പദ്ധതിബാധിതർ കല്ലു പിഴുതെടുത്ത് പൊതുസ്ഥലത്ത് കൂട്ടിയിട്ട് റീത്തുവയ്ക്കുകയും ചെയ്തുവരുന്നുണ്ട്.
ഭൂവുടമ അതിർത്തിക്കകത്താണോ അതോ പുറത്താണോ എന്നതാണ് മറ്റൊരു ചോദ്യം. പദ്ധതി കടന്നുപോവുന്ന സർവേനമ്പറുകൾ പ്രഖ്യാപിച്ചുവെന്നതല്ലാതെ, ഏതൊക്കെ സ്ഥലമാണ് ഏറ്റെടുക്കുകയെന്ന് ഇതുവരെ തഹസിൽദാരോ വില്ലേജ് ഓഫിസറോ പഞ്ചായത്ത് അംഗമോ വീടുകളിൽ അറിയിച്ചിട്ടില്ല. എത്രസ്ഥലമാണ് ഏറ്റെടുക്കുക, വീട് പൂർണമായും ഏറ്റെടുക്കുമോ, ഭാഗികമായാണോ വീടും സ്ഥലവും നഷ്ടപ്പെടുക, ബാക്കി നൽകുന്ന വീടുംസ്ഥലവും അതുപോലെ നിലനിർത്തുമോ, അതോ സർക്കാരിനു കൈമാറുമോ തുടങ്ങിയ ചോദ്യങ്ങളും ചോദ്യാവലിയിലുണ്ട്. എന്നാൽ ഏതൊക്കെ കെട്ടിടം ഏറ്റെടുക്കുമെന്നും ഏതൊക്കെ സ്ഥലം ഏറ്റെടുക്കുമെന്നും കൃത്യമായി അറിയിക്കാതെ ഭൂവുടമകൾക്ക് ഉത്തരം നൽകാൻ കഴിയില്ലെന്ന് സമരസമിതി പ്രവർത്തകർ പറഞ്ഞു.
'കെ റെയിൽ കമ്പനി പുതിയ തട്ടിപ്പുമായാണ് രംഗത്തുവന്നിരിക്കുന്നത്. കണ്ണൂരിൽ കണ്ടങ്കാളിയെന്ന ഗ്രാമത്തിൽ വിവരശേഖരണമെന്ന പേരിൽ സർവേ തുടങ്ങി. അവർ നൽകിയ ചോദ്യാവലിയിൽ ഒരു സാമൂഹിക ആഘാത ചോദ്യങ്ങളുമില്ല. വീടിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയാൽ ബാക്കി സർക്കാർ ഏറ്റെടുക്കുമോ എന്ന ജനങ്ങളുടെ ചോദ്യത്തിന് സർക്കാരാണ് ഉത്തരം നൽകേണ്ടത്. പൗരപ്രമുഖരുമായുള്ള ചർച്ചയിൽ ഈ ചോദ്യത്തിന് കെ റെയിൽ പ്രതിനിധികളോ മന്ത്രിമാരോ ഉത്തരം നൽകിയില്ല. ആശങ്കയകറ്റി മുന്നോട്ടുപോവുമെന്നാണ് മന്ത്രി ഇപ്പോഴും പറയുന്നത്. ജനങ്ങളെ അങ്കലാപ്പിലാക്കി പുകമറ സൃഷ്ടിക്കാനുള്ള നീക്കമാണ് ഇപ്പോഴും നടത്തുന്നതെന്ന് കെ റെയില് വിരുദ്ധ ജനകീയ സമിതി ജനറൽ കൺവീനർ എസ്.രാജീവൻ പറഞ്ഞു.
അതേസമയം സാമൂഹിക ആഘാത സർവേ മറ്റു ജില്ലകളിലേക്കും കടന്നിട്ടുണ്ട്. കെ റെയിൽ പദ്ധതിക്കു സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി കോട്ടയം ജില്ലയിൽ സാമൂഹിക ആഘാത പഠനത്തിന് റവന്യു വകുപ്പ് ഉത്തരവിറക്കി. 272.50 ഏക്കർ ഭൂമിയാണ് ജില്ലയിലെ 4 താലൂക്കുകളിലായി ഏറ്റെടുക്കേണ്ടി വരികയെന്ന് ഉത്തരവിൽ പറയുന്നു.
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാകും ഭൂമിയേറ്റെടുക്കൽ. കൊച്ചിയിലെ 'ആരോ' എന്ന സ്ഥാപനത്തെയാണ് പഠനത്തിനായി ചുമതലപ്പെടുത്തിരിക്കുന്നത്. ചങ്ങനാശേരി, കോട്ടയം, മീനച്ചിൽ, വൈക്കം താലൂക്കുകളിലെ മാടപ്പള്ളി, തോട്ടയ്ക്കാട്, വാകത്താനം, ഏറ്റുമാനൂർ, മുട്ടമ്പലം, നാട്ടകം, പനച്ചിക്കാട്, പേരൂർ, പെരുമ്പായിക്കാട്, പുതുപ്പള്ളി, വിജയപുരം, കാണക്കാരി, കുറവിലങ്ങാട്, കടുത്തുരുത്തി, മൂളക്കുളം, ഞീഴൂർ വില്ലേജുകളിലാണ് പഠനം നടത്തുക. ഡിപിആർ പ്രകാരം ഈ വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുക.
അതേസമയം പദ്ധതിക്കെതിരെ വിമർശനവും പ്രതിഷേധവും കടുക്കുമ്പോൾ പാറക്കടവ് വില്ലേജിൽ സ്ഥാപിച്ച അതിർത്തിക്കല്ലുകൾ പിഴുതെറിഞ്ഞ സംഭവത്തിൽ അങ്കമാലി പൊലീസ് 14 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്. സമര സമിതി നേതാക്കളായ എസ്.രാജീവൻ, എം.ബി.ബാബുരാജ്, പഞ്ചായത്തംഗം നിതിൻ സാജു, ജെയിൻ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു 10 പേർക്കെതിരെയുമാണു കേസ്.
പാറക്കടവ് വില്ലേജിൽ പുളിയനം ത്രിവേണി, പാരണി പാടശേഖരങ്ങളിൽ സ്ഥാപിച്ച അതിർത്തി കല്ലുകളാണു കഴിഞ്ഞ ദിവസങ്ങളിൽ പിഴുതുമാറ്റിയത്. കല്ലുകൾ പിഴുതുമാറ്റിയ വകയിൽ 25,000 രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടുവെന്നും കെറെയിൽ നൽകിയ പരാതിയിൽ പറയുന്നു. അവധി ദിവസമായതിനാൽ ഇന്നലെ കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയില്ല. പൊലീസ് സഹായത്തോടെ തിങ്കളാഴ്ച മുതൽ കല്ലിടൽ പുനരാരംഭിക്കുമെന്നു കെറെയിൽ അധികൃതർ പറഞ്ഞു.
സമരത്തിനു നേതൃത്വം നൽകിയതു പ്രധാനമായും മറ്റു ജില്ലകളിൽ നിന്ന് എത്തിയവരാണെന്നും ഇതു സംബന്ധിച്ച വിഡിയോ സന്ദേശം പൊലീസിനു കൈമാറുമെന്നും അധികൃതർ പറഞ്ഞു. ജില്ലയിൽ 17 വില്ലേജുകളിലായി 116 ഹെക്ടർ ഭൂമിയാണു സിൽവർ ലൈൻ പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്.
സാമൂഹിക ആഘാത പഠനത്തിനു മുന്നോടിയായി അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്ന ജോലികളാണു നടക്കുന്നത്. സാമൂഹിക ആഘാത പഠനത്തിനു രാജഗിരി ഔട്ട് റീച്ചിനെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും ഒരു വില്ലേജിൽ കല്ലിടൽ പൂർത്തിയായാൽ മാത്രമേ പഠനം ആരംഭിക്കാൻ കഴിയൂ. നിലവിൽ ജില്ലയിൽ ഒരു വില്ലേജിലും കല്ലിടൽ പൂർണമാകാത്ത സാഹചര്യത്തിൽ പഠനം തുടങ്ങാൻ വൈകുമെന്ന് അധികൃതർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ