- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏറ്റെടുക്കുക പാതയ്ക്കുള്ള ഭൂമി മാത്രമല്ല; ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം; വീടും സ്വത്തും നഷ്ടമാവുക ആയിരക്കണക്കിനു പേർക്ക്; ബഫർ സോൺ കണക്കൊക്കെ തട്ടിപ്പ്: അലൈന്മെന്റിൽപ്പെടുന്ന സർവേ നമ്പരുകൾ ഒരു കിലോമീറ്റർ ചുറ്റളവിലേത്; 120 മീറ്ററിൽ കെ റെയിലിന് പൂർണ നിയന്ത്രണം; ബാക്കി ഭാഗത്ത് ഭാഗിക നിയന്ത്രണം; കെ റെയിൽ വിവാദം പുതിയ തലത്തിൽ
ചെങ്ങന്നൂർ: സിൽവർലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് സർക്കാർ പറയുന്നതു മുഴുവൻ പച്ചക്കള്ളം. പാതയ്ക്കുള്ളതും ഇരുവശത്തുമായി 20 മീറ്റർ ബഫർ സോണിനും ഭൂമി ഏറ്റെടുക്കുമെന്നാണ് നിലവിൽ ഉള്ള പ്രചാരണം. ഇതിൽ പാതയ്ക്ക് ഏറ്റെടുക്കുന്ന ഭൂമിക്ക് മാത്രമാകും നഷ്ടപരിഹാരം ലഭിക്കുക. ബഫർ സോണിൽ വീടും ഭൂമിയും പോകുന്നവർക്ക് ഒന്നും കൊടുക്കുകയുമില്ല. ഈ രീതിയിലാണ് സർക്കാരും കെ റെയിലും സിപിഎമ്മുമൊക്കെ പ്രചാരണം നടത്തുന്നത്.
മന്ത്രി സജി ചെറിയാൻ ആദ്യം ബഫർ സോണില്ലെന്ന് പറഞ്ഞു. കോടിയേരി തിരുത്തി. പാർട്ടി സെക്രട്ടറി തിരുത്തിയതിനാൽ താനും അഭിപ്രായം മാറ്റിയെന്ന് പറഞ്ഞ് മന്ത്രി തലയൂരി. എന്നാൽ, ഈ കാണുന്നതോ കേൾക്കുന്നതോ പറയുന്നതോ ഒന്നുമല്ല സത്യമെന്ന് കെ-റെയിൽ വിരുദ്ധ സമര സമിതി പറയുന്നു. കെ റെയിലിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച അലൈന്മെന്റിനുള്ള സർവേ നമ്പരുകൾ പരിശോധിച്ചാൽ കാര്യം വ്യക്തമാണ്. ഒരു കിലോമീറ്റർ ചുറ്റളവിലാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് സർവേ നമ്പരുകൾ വ്യക്തമാക്കുന്നുവെന്ന് മുളക്കുഴ പഞ്ചായത്തിലെ സമര സമിതിയുടെ നേതാക്കളിൽ ഒരാളായ സിന്ധു ജയിംസ് ചൂണ്ടിക്കാട്ടുന്നു.
ബഫർ സോൺ 20 മീറ്ററോ 30 മീറ്ററോ എന്നതല്ല കാര്യം. നിലവിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന സർവേ നമ്പരുകൾ പരിശോധിച്ചാൽ പാത കടന്നു പോകുന്ന വഴിയിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സർവേ നമ്പരുകളാണ് സർക്കാർ പ്രസിദ്ധീകരിച്ച അലൈന്മെന്റിലുള്ളതെന്ന് സിന്ധു ചൂണ്ടിക്കാട്ടി. പാതയും ഇരുവശത്തുമായി 20 മീറ്റർ ബഫർ സോണുമാണെങ്കിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഭൂമിയുടെ സർവേ നമ്പർ അലൈന്മെന്റിൽ കൊടുത്തിരിക്കുന്നത് എന്തിനാണെന്നും അവർ ചോദിക്കുന്നു.
ഇവിടെയാണ് തട്ടിപ്പ് നടക്കുന്നത്. പാതയ്ക്ക് ഇരുവശവും 500 മീറ്റർ വീതം ഭൂമി ഏറ്റെടുക്കാനാണ് കെ റെയിൽ ഒരുങ്ങുന്നത്. ഇത് പദ്ധതിയുടെ നിർമ്മാണം സുഗമമാക്കാൻ വേണ്ടിയാണെന്ന് സിന്ധു ജെയിംസ് മറുനാടനോട് പറഞ്ഞു. ഡിപിആർ കൃത്യമായി വായിച്ചു നോക്കിയാൽ അറിയാം. പാതയുടെ ഇടത്തും വലത്തും ആദ്യത്തെ 120 മീറ്റർ പൂർണമായും കെ റെയിൽ നിയന്ത്രണത്തിലായിരിക്കുമെന്ന് പറയുന്നുണ്ട്. അതുകഴിഞ്ഞുള്ള 280 മീറ്റർ ഭാഗിക നിയന്ത്രണത്തിലായിരിക്കും.
നിർമ്മാണം നടക്കുകയാണെങ്കിൽ വലിയ തോതിൽ സാമഗ്രികൾ എത്തിക്കുകയും സംഭരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി എല്ലാ മേഖലകളിലേക്കും റോഡ് വേണം. സാധനസാമഗ്രികൾ കൂട്ടിയിടാൻ സ്ഥലം വേണം. പാതയ്ക്ക് വേണ്ടിയുള്ള ഭൂമി മാത്രമാണ് ഏറ്റെടുക്കുന്നതെങ്കിൽ ഇവ എങ്ങനെ സംഭരിക്കാൻ കഴിയും. ഇതിനായിട്ടാണ് ചുറ്റുപാടുമുള്ള ഭൂമിയിൽ കൂടി കണ്ണു വച്ചിരിക്കുന്നത്.
പാത വരുന്ന ഭൂമി ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ സാധനങ്ങൾ എത്തിക്കാനും ഇടാനുമുള്ള സ്ഥലം ഇവർ കൈക്കലാക്കും. ഇതോടെ നിരവധി പേർക്ക് കിടപ്പാടം നഷ്ടമാകുമെന്നും സിന്ധു ചൂണ്ടിക്കാട്ടുന്നു. പദ്ധതി പൂർത്തിയായിക്കഴിഞ്ഞാൽ ഭാഗിക നിയന്ത്രണത്തിലുള്ള ഭാഗം ഉടമൾക്ക് തിരിച്ചു കൊടുക്കും. അങ്ങനെ കൊടുത്താലും അവിടെ ഒരു നിർമ്മാണ പ്രവർത്തനം നടത്താൻ കഴിയില്ല. ഒരു മരം വച്ചു പിടിപ്പിക്കാനോ കിണറു കുത്താനോ ഒന്നും നമുക്ക് സ്വാതന്ത്ര്യമില്ല. അതെല്ലാം കെ റെയിലിന്റെ അധികാര പരിധിയിലായിരിക്കും.
ശരിക്കും ഇന്നു വരെ ഏറ്റെടുക്കുന്ന ഭൂമിയുടെ കൃത്യമായ കണക്ക് മുഖ്യമന്ത്രിയോ കെ റെയിൽ എംഡിയോ പറഞ്ഞിട്ടില്ല. ഡിപിആർ പുറത്തു വിടുന്നത് രാജ്യദ്രോഹമാകുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി മറച്ചു വച്ചത് ഇതൊക്കെ ജനങ്ങളിൽ നിന്നൊളിപ്പിക്കാനായിരുന്നു. ഇപ്പോൾ ഏറ്റെടുക്കുന്നത് 30 മീറ്റർ എന്നൊരു പ്രചാരണം ബോധപൂർവം നടത്തുന്നതാണ്. അത് ജനങ്ങൾ പ്രതിഷേധവുമായി വരാതിരിക്കുന്നതിന് വേണ്ടിയാണ്.
കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിൽ എല്ലായിടത്തും ഇതു പോലെ തന്നെയാകും കാര്യങ്ങൾ. സംശയം ഉള്ളവർ എടുത്തു നോക്കുക. ഒരു അഭ്യർത്ഥന മാത്രമാണുള്ളത്. ഈ സർവേ നമ്പരിലുള്ള മുഴുവൻ ആളുകളും ഒറ്റക്കെട്ടായി നിന്ന് സമരം നടത്തണം. കാരണം ഇവരുടെ അടുത്ത നടപടി എന്താണെന്നത് പ്രവചനാതീതമാണ്. ഒറ്റക്കെട്ടായി എതിർത്തെങ്കിൽ മാത്രമേ ഇതു തടയാൻ കഴിയൂവെന്നും സിന്ധു പറഞ്ഞു.