- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയിൽ പദ്ധതിയിലെ എതിർപ്പുകളെ കൂസാതെ ഉരുക്കു മുഷ്ടിയുമായി പിണറായി മുന്നോട്ട്; ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കാൻ കെ റെയിൽ കമ്പനിക്ക് 20.50 കോടി അനുവദിച്ചു ഉത്തരവിറക്കി; കെ റെയിൽ ഡിപിആർ കണ്ടിട്ടില്ലെന്ന് സമ്മതിച്ച് ആഘാത പഠനം നടത്തുന്ന ഏജൻസിയും; സിപിഐ എതിരല്ലെന്ന് കോടിയേരിയും
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിലെ എതിർപ്പുകളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടാൻ ഒരുങ്ങി മുഖ്യമന്ത്രി പിണറായി. പ്രതിപക്ഷം അടക്കം ശക്തമായ എതിർപ്പ് ഉയർത്തുമ്പോഴും കൂസലില്ലാതെയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനായി ഫണ്ട് അനുവദിച്ചു കൊണ്ട് ഉത്തരവും പുറത്തിറങ്ങി. കെ- റെയിൽ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഭരണപരമായ ചെലവുകൾക്കായാണ് 20.50 കോടി രൂപ അനുവദിച്ചിരിക്കുന്നത്.
ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കേണ്ടതിനാൽ കെ- റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ എംഡിയുടെ അഭ്യർത്ഥന പ്രകാരമാണ് പണം അനുവദിച്ചതെന്ന് ഗതാഗതവകുപ്പ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 63,941 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 1,383 ഹെക്ടർ ഭൂമിയാണ് പുനരധിവാസത്തിനുൾപ്പെടെ ആവശ്യമായി വരിക. ഇതിൽ 1,198 ഹെക്ടർ സ്വകാര്യ ഭൂമിയാണ്. സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രം 13,362.32 കോടി രൂപ ആവശ്യമാണ്.
അതേസമയം സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസിയും ഡിപിആർ കണ്ടിട്ടു പോലുമില്ലെന്നും വ്യക്തമായി. കെ റെയിലിന്റെ വിശദ പദ്ധതി രേഖ ഇതുവരെ കണ്ടിട്ടില്ലെന്ന് സാമൂഹിക ആഘാത പഠനം നടത്തുന്ന കോട്ടയത്തെ കേരള വോളന്റിയർ ഹെൽത്ത് സർവീസസ് എക്സിക്യൂട്ടീവ് ഓഫീസർ സാജു വി ഇട്ടി പറഞ്ഞു. സാമൂഹിക ആഘാത പഠനത്തിന് ഈ രേഖ കാണേണ്ട കാര്യം ഇല്ല എന്നും ഏജൻസി വാദിക്കുന്നു.
ഡിപിആർ കാണാതെ തന്നെ ജനങ്ങൾ കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നാണ് ഏജൻസിയുടെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ പറയുന്നു. അഭിപ്രായം പറയാൻ ജനപ്രതിനിധികൾ പദ്ധതി രേഖ കാണേണ്ടതില്ലെന്നാണ് കേരള വോളന്റിയർ ഹെൽത്ത് സർവീസസ് എക്സിക്യൂട്ടീവ് ഓഫീസറുടെ വിശദീകരണം. പ്രത്യാഘാതത്തെ കുറിച്ചുള്ള പ്രാഥമിക അറിവുമാത്രമാണ് സർക്കാരിനുള്ളത്, ഈ റിപ്പോർട്ട് കൂടി പഠിച്ച ശേഷം സർക്കാരിന് പദ്ധതിയിൽ മാറ്റങ്ങൾ വരുത്താം. തങ്ങളുടെ ഏജൻസിക്ക് ഈ രംഗത്ത് പരിചയം ഇല്ലെന്ന വാദം തെറ്റാണെന്നും സാജു വി ഇട്ടി പറയുന്നു. കേരളത്തിൽ എൺപതിലധികം പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് ഇവരുടെ അവകാശവാദം. പതിനഞ്ചാം തീയതി മുതൽ കണ്ണൂരിൽ സർവ്വേ തുടങ്ങുമെന്നും ഏജൻസി വ്യക്തമാക്കി.
കെ- റെയിലിന്റെ സാമൂഹിക ആഘാത പഠനത്തിനുള്ള വിഞ്ജാപനം കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. അതിരടയാള കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുന്നത്. കണ്ണൂർ ജില്ലയിലാണ് ആദ്യപഠനം. കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി താലൂക്കുകളിലായി ചെലോറ, ചെറുകുന്ന്, ചിറക്കൽ, എടക്കാട്, കടമ്പൂർ, കണ്ണപുരം, കണ്ണൂർ, മുഴപ്പിലങ്ങാട്, പള്ളിക്കുന്ന്, പാപ്പിനിശ്ശേരി, വളപ്പട്ടണം, ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂർ, ധർമ്മടം, കോടിയേരി, തലശ്ശേരി, തിരുവങ്ങാട് എന്നിവടങ്ങളിലാണ് ആദ്യഘട്ട സാമൂഹികാഘാത പഠനം. 106.2005 ഹെക്ടർ ഭൂമിയാണ് കണ്ണൂർ ജില്ലയിൽ നിന്ന് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.
അതേസമയം സിപിഐ കെ റെയിൽ പദ്ധതിക്ക് എതിരാണെന്ന പ്രചരണങ്ങൾ അടിസ്ഥാനമുള്ളതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിക്ക് കാനം പൂർണ്ണ പിന്തുണ നൽകുമ്പോഴാണ് സിപിഐ സംസ്ഥാന കൗൺസിലിൽ അംഗങ്ങൾ വിയോജിപ്പും ആശങ്കയും ഉയർത്തിയെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
കൊവിഡിലും പ്രളയത്തിലും സംസ്ഥാനം തകർന്ന് നിൽക്കുമ്പോൾ ധൃതിപിടിച്ച് പദ്ധതിക്ക് വേണ്ടി വാദിക്കരുതെന്നായിരുന്നു പ്രധാന വിമർശനം. പ്രതിസന്ധിയുടെ കാലത്ത് മുൻഗണന നൽകേണ്ടത് കെ റെയിലിനാണോ. പദ്ധതി ലാഭകരമാകില്ലെന്നും പ്രളയാനന്തര കേരളത്തിലെ പരിസ്ഥിതി ആശങ്കകൾ സിപിഐ അവഗണിക്കരുതെന്നും യോഗത്തിൽ വിമർശനമുയർന്നു. എന്നാൽ എൽഡിഎഫ് പ്രകടന പത്രികയിൽ പ്രാധാന്യം നൽകിയ പദ്ധതിയിൽ നിന്നും പിന്മാറാൻ ആകില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി.
മറുനാടന് മലയാളി ബ്യൂറോ