- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈനിൽ സാമൂഹികാഘാത പഠനം നടത്തുന്നതിന് വിജ്ഞാപനമായി; ആദ്യം പഠനം നടത്തുക കണ്ണൂർ, പയ്യന്നൂർ, തലശേരി താലൂക്കുകളിലെ 19 വില്ലേജുകളിലായി; 100 ദിവസത്തിനകം സാമൂഹികാഘാത പഠനം പൂർത്തിയാക്കാൻ കേരള വോളണ്ടറി ഹെൽത്ത് സർവീസസിന് നിർദ്ദേശം
തിരുവനന്തപുരം: കാസർകോട് - തിരുവനന്തപുരം സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂരിൽ സാമൂഹികാഘാത പഠനം നടത്തുന്നതിന് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. പദ്ധതിക്കെതിരെ എതിർപ്പ് ശക്തമാകുമ്പോഴാണ് സർക്കാർ സാമൂഹിക ആഘാത പഠനം നടത്തുന്നത്. കണ്ണൂർ, പയ്യന്നൂർ, തലശേരി താലൂക്കുകളിലായി 19 വില്ലേജുകളിലാണ് പഠനം നടത്തുന്നത്. ഇതിനായി കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള വോളണ്ടറി ഹെൽത്ത് സർവീസസ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി.
കണ്ണൂരിൽ അതിരടയാള കല്ലിടൽ വേഗത്തിൽ നടക്കുന്ന പശ്ചാത്തലത്തിലാണ് ആദ്യം ഇവിടെ സാമൂഹികാഘാത പഠനം നടത്താൻ സർക്കാർ തീരുമാനിച്ചത്. 9 വില്ലേജുകളിൽ കല്ലിടൽ പൂർത്തിയായി. ഏകദേശം 61 കിലോമീറ്റർ ദൂരത്താണ് കല്ലിട്ടത്. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് 106 ഹെക്ടർ ഭൂമിയാണ് കണ്ണൂരിൽ ഏറ്റെടുക്കേണ്ടത്. 100 ദിവസത്തിനകം സാമൂഹികാഘാത പഠനം പൂർത്തിയാക്കാനാണ് കേരള വോളണ്ടറി ഹെൽത്ത് സർവീസസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
നിർദിഷ്ട സിൽവർലൈൻ കടന്നുപോകുന്ന ഭൂമിയിലെ സർവ്വേ നമ്പറുകൾ ഉൾപ്പെടുത്തിയാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഈ സർവ്വേ നമ്പറുകളിലെ വീട്ടുകാരെ വിളിച്ച് വിവരങ്ങൾ തേടുന്നത് അടക്കമുള്ള നടപടികളാണ് സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി ചെയ്യുക. പദ്ധതി ബാധിക്കുന്ന കുടുംബങ്ങൾ എത്രയാണ്, പൊതു ആവശ്യത്തിനാണോ ഭൂമി ഏറ്റെടുക്കുന്നത്, മാറ്റിപ്പാർപ്പിക്കുന്ന കുടുംബങ്ങൾ എത്രയാണ് , സ്വകാര്യഭൂമി എത്ര, സർക്കാർ ഭൂമി എത്ര തുടങ്ങി വിവിധ വശങ്ങൾ പഠനത്തിന്റെ ഭാഗമാക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം ദേശീയ പാതാ വികസനം ഉണ്ടായാൽ സിൽവർ ലൈൻ യാത്രക്ക് ആളുകൾ കുറയുമെന്ന് പഠനറിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. സിൽവർ ലൈൻ ട്രാഫിക് സ്റ്റഡി റിപ്പോർട്ട്. റോഡിൽ ടോൾ ഏർപെടുത്തിയാൽ സിൽവർ ലൈനിനെ ബാധിക്കില്ല എന്നാണ് റിപ്പോർട്ടിലുള്ളത്. നിലവിലെ റെയിൽ പാത ഇരട്ടിപ്പിച്ചാലും സിൽവർ ലൈനിനെ ബാധിക്കും. പാതാ ഇരട്ടിപ്പ് നടന്നാൽ നിലവിലെ തേർഡ് എ സി യാത്രക്കാർ സിൽവർ ലൈനിലേക്ക് വരില്ല. റെയിൽവെ നിരക്ക് കൂട്ടിയാൽ സിൽവർ ലൈനിനെ ബാധിക്കില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
പഠന റിപ്പോർട്ട് ദേശീയ പാത വികസനത്തിന് തടസം നിൽക്കുന്നു എന്ന് സിൽവർ ലൈൻ സമര സമിതി പ്രതികരിച്ചു. ഗുണ ദോഷ സാധ്യത ആണ് പഠിച്ചത് എന്ന് കെ റെയിൽ പറയുന്നു. നിരക്ക് കൂട്ടണം എന്ന് നേരിട്ട് ആവശ്യപ്പെട്ടില്ല എന്നും കെ റെയിൽ അധികൃതർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ