- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയിൽ പദ്ധതിയിൽ വീട്ടുവീഴ്ച്ചയില്ലാതെ മുന്നോട്ടെന്ന് പ്രഖ്യാപിച്ചു സിപിഎം; കടുത്ത പ്രതിഷേധം ഉയരുമ്പോഴും കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ; കണ്ണൂരിൽ പദ്ധതിയുടെ പ്രാരംഭ പ്രവൃത്തികൾ തുടങ്ങി; അഭിമാന പ്രശ്നമെന്ന് കണ്ട് മുന്നോട്ടു നീങ്ങി സർക്കാർ
കണ്ണൂർ: കെ.റെയിൽ പദ്ധതിയുമായി സർക്കാർ മുൻപോട്ടു പോകുമെന്ന് തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാർ എതിർപ്പുകൾ കാര്യമാക്കുന്നില്ലെന്നും പദ്ധതിയുമായി മുൻപോട്ടു പോകാനാണ് തീരുമാനമെന്നും എം.വി ഗോവിന്ദൻ കണ്ണുരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നേരത്തെ യു.ഡി.എഫും കെ.റെയിൽ വിരുദ്ധ സമരസമിതിയും അതിശക്തമായ പ്രതിഷേധം കെ.റെയിലിനെതിരെ ഉയർത്തിയിരുന്നു' കേന്ദ്ര സർക്കാർ കെ.റെയിൽ പദ്ധതിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനില്ലെന്ന് പറഞ്ഞതോടെ പദ്ധതി നടപ്പിലാക്കുക പിണറായി സർക്കാരിന്റെ അഭിമാനപ്രശ്നങ്ങളിലൊന്നായി മാറി.
വൻകിട പദ്ധതികളെ എതിർക്കുന്നത് നാടിന്റെ വികസന വിരോധികളാണെന്ന് കഴിഞ്ഞയാഴ്ച്ച കണ്ണൂരിൽ വിവിധ പരിപാടികൾക്കെത്തിയ മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നും സർക്കാർ ജാമ്യം നിന്ന് കടമെടുത്തയാലും പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സർക്കാർ.ഇതിനു ചുവട് പിടിച്ചാണ് ഇപ്പോൾ മന്ത്രി എം.വി ഗോവിന്ദനും പദ്ധതിയുമായി മുൻപോട്ടു പോകുമെന്ന് പ്രഖ്യാപിച്ചത്.
ഇതിനിടെ മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിൽ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സർക്കാർ തുടങ്ങിയിട്ടുണ്ട്.
കണ്ണൂർജില്ലയിൽ സിൽവർലൈൻ അർധ അതിവേഗ റെയിൽപാത (കെ റെയിൽ) കടന്നുപോകുന്നത് 22 വില്ലേജുകളിലൂടെയാണ്. 196 ഹെക്ടർ സ്ഥലമാണ് ജില്ലയിൽ കെ റെയിലിനായി ഏറ്റെടുക്കുക. സ്ഥലമേറ്റെടുപ്പിനുള്ള സ്പെഷ്യൽ തഹസിൽദാറുടെ ഓഫീസിന് കണ്ണൂർ നഗരത്തിൽ കെട്ടിടം കണ്ടെത്തിയിട്ടുണ്ട്.ഇതിന്റെ പ്രവർത്തനം ത്വരിതഗതിയിലാക്കാൻ ആദ്യഘട്ടത്തിൽ ആറ് ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.
ന്യൂമാഹി മുതൽ പയ്യന്നൂർ വരെ 63 കിലോമീറ്ററിലാണ് ജില്ലയിൽ കെ റെയിൽ കടന്നുപോകുന്നത്. കണ്ണൂർ താലൂക്കിലെ കണ്ണൂർ ഒന്ന്, കണ്ണൂർ രണ്ട്, എളയാവൂർ, ചെറുകുന്ന്, ചിറക്കൽ, എടക്കാട്, കടമ്പൂർ, കണ്ണപുരം, മുഴപ്പിലങ്ങാട്, പള്ളിക്കുന്ന്, പാപ്പിനിശേരി, വളപട്ടണം, കല്യാശേരി, പയ്യന്നൂർ താലൂക്കിലെ ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂർ, തലശേരി താലൂക്കിലെ ധർമടം, കോടിയേരി, തലശേരി, തിരുവങ്ങാട്, ന്യൂമാഹി വില്ലേജുകളിലൂടെയാണ് കെ റെയിൽ.
നാലു വില്ലേജുകളിൽ അലൈന്മെന്റിൽ കല്ലിടൽ പൂർത്തിയായതായി സ്പെഷ്യൽ തഹസിൽദാർ വി കെ പ്രഭാകരൻ പറഞ്ഞു. ഈ ഭൂമിയിലൂടെയാകും ലൈൻ പോകുന്നുവെന്നതിന്റെ അറിയിപ്പാണിത്. സ്വകാര്യ കമ്പനികളെയാണ് കല്ലിടുന്നതിന് ചുമതലപ്പെടുത്തിയത്. ജില്ലയിൽ 2800 കല്ലുകളാണ് സ്ഥാപിക്കേണ്ടത്.
സംസ്ഥാനത്താകെ 1,221 ഹെക്ടറാണ് പദ്ധതിക്കായി ഏറ്റെടുക്കുക. വയനാട്, പാലക്കാട്, ഇടുക്കി ജില്ലകൾ ഒഴിച്ചുള്ള 11 ജില്ലകളിലൂടെയാണ് കെ റെയിൽ കടന്നു പോവുക. സംസ്ഥാന വികസനത്തിന്റെ നാഴികക്കല്ലായി മുഖ്യമന്ത്രി വിശേഷിപ്പിക്കുന്ന പദ്ധതിക്ക് 63,941 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിക്ക് ഹെക്ടറിന് 9.6 കോടി രൂപയാണ് നഷ്ടപരിഹാരം നൽകുന്നത്. സംസ്ഥാനത്തെ വികസന ചരിത്രത്തിൽ ഏറ്റവും വലിയ തുകയാണിതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. ഭൂവുടമകൾക്ക് ആശങ്കയ്ക്ക് ഇടയില്ലാത്ത വിധമാകും ഭൂമി ഏറ്റെടുക്കുകയെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിട്ടുണ്ട്.
പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡവലപ്മെന്റാണ് നടത്തിയത്. സിആർസെഡ് സോണുകളെയും കണ്ടൽക്കാടുകളെയും കുറിച്ചുള്ള പഠനം നാഷണൽ സെന്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്.
നിലവിലുള്ള റെയിൽ പാതയ്ക്ക് സമാന്തരമായാണ് ഭൂരിഭാഗം ദൂരവും കെ റെയിൽ വരുന്നത്. വലിയ വളവുകൾ ഉള്ള സ്ഥലങ്ങളിൽ മാത്രമാണ് നിലവിലുള്ള പാത വിട്ട് സഞ്ചരിക്കുക. പ്രവൃത്തിയുടെ പുരോഗതി എല്ലാ ആഴ്ചയും വിലയിരുത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ വൻ പരിസ്ഥിതി വിനാശവും കുടിയിറക്കലുമുണ്ടാകാൻ സാധ്യതയുള്ള പദ്ധതിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ മാത്രമല്ല സി.പിഎം സഹയാത്രികരായ ശാസ്ത്രസാഹിത്യ പരിഷത്തും സിപിഐയുടെ സാംസ്കാരിക സംഘടനയായ യുവകലാസാഹിതി യും രംഗത്തു വന്നിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്