- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈനെ എതിർക്കുന്നത് നിക്ഷിപ്ത താൽപര്യക്കാർ; പദ്ധതിക്കായി രണ്ട് വർഷത്തിനകം ഭൂമി ഏറ്റെടുക്കും; പുനരധിവാസത്തിന് 1730 കോടിയും വീടുകളുടെ നഷ്ടപരിഹാരത്തിനായി 4460 കോടിയും നീക്കിവെക്കും; 2025ൽ പദ്ധതി പൂർത്തിയാകും; എതിർപ്പുകൾ തള്ളി മുന്നോട്ടെന്ന് പ്രഖ്യാപിച്ചു മുഖ്യമന്ത്രി
തിരുവനന്തപുരം: സിൽവർ ലൈനിൽ എന്തൊക്കെ എതിർപ്പുകൾ ഉണ്ടായാലും മുന്നോട്ടെന്ന് പ്രഖ്യാപിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കെ- റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് വേണ്ടി കുടിയൊഴിക്കപ്പെടുന്നവർക്ക് മെച്ചപ്പെട്ട പാക്കേജ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസത്തിന് 1730 കോടി രൂപയും, 4460 കോടി രൂപ വീടുകളുടെ നഷ്ടപരിഹാരത്തിനും നീക്കിവെക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
63,941 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 56,881 കോടി രൂപ അഞ്ച് വർഷം കൊണ്ടാണ് ചെലവാക്കുന്നത്. തുക അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് കുറഞ്ഞ പലിശ നിരക്കിൽ വായ്പ സ്വീകരിക്കും. കേന്ദ്ര - സംസ്ഥാന വിഹിതങ്ങൾ ഇതിനകത്തുണ്ടാകും. 2018ലാണ് കെ-റെയിൽ പദ്ധതിയുടെ ആസൂത്രണം നടക്കുന്നത്. 5 പാക്കേജുകളിലായി ഒരേ സമയം നിർമ്മാണം നടത്തി 2025-ഓട് കൂടി പദ്ധതി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി വർഷത്തിൽ 365 ദിവസം 24 മണിക്കൂറും പ്രവർത്തി നടക്കും. രണ്ട് വർഷം കൊണ്ട് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി അടുത്ത 3 മൂന്ന് വർഷം കൊണ്ട് പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനശേഷി ഇല്ലായ്മയിലും കിഫ്ബി പുനരുജ്ജീവിപ്പിച്ച് പദ്ധതികൾ നടപ്പിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലം മുന്നോട്ട് പോവുകയാണ് നമ്മൾ ഇവിടത്തന്നെ നിന്നാൽ കാലത്തിനനുസരിച്ച് മുന്നോട്ട് പോയില്ലെങ്കിൽ നമ്മൾ പിറകോട്ട് പോകും. നമ്മുടെ നാട്ടിൽ സംഭവിക്കേണ്ടതല്ല ഇതെന്നും. നമ്മുടെ നാടിന്റെ പശ്ചാത്തലം നല്ലത് പോലെ വികസിക്കണം. സഞ്ചാരം വേഗം കുറയുന്നത് നാടിന്റെ വികസന പുരോഗതിക്ക് തടസമാണ്. അനാവശ്യ എതിർപ്പ് ഉയർത്തുന്നവർക്ക് മുന്നിൽ വഴങ്ങിക്കൊടുക്കില്ല. അധികാരത്തിലെത്തുമ്പോൾ ഇവിടെ ഒന്നും നടക്കില്ല എന്ന ശാപവാക്കുകളായിരുന്നു കേട്ടത്. എന്നാൽ പദ്ധതികളുടെ പേരിൽ ജനങ്ങളെ ഉപദ്രവിക്കലല്ല സർക്കാരിന്റെ നയം. കാലം മുന്നോട്ട് പോകുന്നതിനനുസരിച്ച് പശ്ചാത്തല സൗകര്യം വികസിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാതാ വികസനം, പവർഗ്രിഡ് ലൈൻ, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി തുടങ്ങിയവയെ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
ഏറ്റവും കുറഞ്ഞ തോതിൽ ആഘാതം ഉണ്ടാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കെ-റെയിൽ പരിസ്ഥിതി ലോല പ്രദേശത്ത് കൂടി കടന്നു പോകുന്നില്ല. സംസ്ഥാനത്ത് ഒട്ടേറെ വന്യമൃഗ സങ്കേതമുണ്ട്. എന്നാൽ ഇതിൽ ഏതെങ്കിലും സങ്കേതത്തിൽ കൂടി സിൽവർ ലൈൻ കടന്നു പോകുന്നില്ല. നദികളുടേയും മറ്റു ജല സ്രോതസുകളുടേയും സ്വാഭാവിക ഒഴുക്ക് തടസപ്പെടുന്നില്ല. നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങൾക്കും ഒന്നും സംഭവിക്കില്ല. ഇവിടങ്ങളിൽ 88 കിലോ മീറ്റ തൂണുകളിൽ കൂടിയാണ് പാത കടന്നു പോവുക.
കെ-റെയിൽ പരിസ്ഥിതിക്ക് നേട്ടമാണ് ഉണ്ടാകുക. കാർബൺ ബഹിർഗമനത്തിൽ 2,80,000 ടൺ നിർമ്മാർജ്ജനം ചെയ്യാൻ ഇതിൽ കൂടി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂർണ്ണമായും പരിസ്ഥിതി സൗഹാർദ മാതൃകയിലാണ് സിൽവർ ലൈൻ പദ്ധതി. ചരക്ക് വാഹനങ്ങൾ കടത്തിക്കൊണ്ട് പോകാൻ ഇതിനകത്ത് റോറോ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിൽ കുറവുണ്ടാകും. 500 കോടിയോളം രൂപയുടെ ഫോസിൽ ഇന്ധനങ്ങളുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. ഇത് വലിയ നേട്ടമാണ്. സിൽവർ ലൈൻ പ്രളയം സൃഷ്ടിക്കാൻ സാധ്യതയുണ്ട് എന്ന പ്രചാരണം നടക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന എംബാങ്ക്മെന്റ് പ്രളയം സൃഷ്ടിക്കും എന്നാണ് പ്രചാരണം. എന്നാൽ നിലവിലുള്ള എല്ലാ റെയിൽവെ ലൈനുകളും എംബാങ്ക്മെന്റിലാണ് പണിതിട്ടുള്ളത്.
വീട് നഷ്ടമാകുന്ന ഭൂവുടമകൾക്ക് നഷ്ടപരിഹാര തുകയ്ക്ക് പുറമേ 4.6 ലക്ഷം നൽകും
സിൽവർ ലൈൻ പദ്ധതിക്ക് പിന്നാലെ പദ്ധതിയുമായി ബന്ധപ്പെട്ട് വീട് നഷ്ടമാകുന്ന ഭൂവുടമകൾക്ക് നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ 4.6 ലക്ഷം രൂപ കൂടി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അല്ലെങ്കിൽ നഷ്ടപരിഹാരവും 1.6 ലക്ഷവും ലൈഫ് മാതൃകയിലുള്ള വീടും നൽകും. വിപണി വിലയുടെ ഇരട്ടി തുകയാണ് നഷ്ടപരിഹാരമായി ഭൂവുടമകൾക്ക് നൽകുക. തിരുവനന്തപുരത്ത് ജനസമക്ഷം സിൽവർ ലൈൻ പരിപാടിയിൽ മുഖ്യമന്ത്രിയാണ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്.
കേരളത്തിൽ ഗതാഗത സൗകര്യം കൂടണം. ഭൂമി നഷ്ടപ്പെട്ടവരെ സഹായിക്കുകയാണ് സർക്കാർ ചെയ്യുക. ആളുകളെ ഉപദ്രവിക്കലല്ല ഉണ്ടാവുക. സംസ്ഥാനത്ത് പശ്ചാത്തല സൗകര്യം വികസിക്കണം. കാലത്തിനനുസരിച്ച് നാം മുന്നോട്ട് പോകണം. വികസനം ഇന്നുള്ളിടത്ത് നിൽക്കുകയാണ്. പലമേഖലകളിലും നാം പിന്നിലാണ്. ഇതിന് പരിഹാരമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലിത്തൊഴുത്തുകൾ പൊളിച്ചു നീക്കപ്പെടുകയാണെങ്കിൽ അതിന് 25,000 രൂപ മുതൽ 50,000 രൂപവരെ നഷ്ടപരിഹാരം നൽകും. വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകൾക്ക് വിപണി വിലയുടെ ഇരട്ടിവരുന്ന നഷ്ടപരിഹാര തുകയ്ക്ക് പുറമേ 50,000 രൂപകൂടി നൽകും. വാടക കെട്ടിടത്തിലെ വാണിജ്യസ്ഥാപനം നഷ്ടമാകുന്നവർക്ക് 2 ലക്ഷം രൂപയും പാക്കേജിന്റെ ഭാഗമായി നൽകും. വാസസ്ഥലം നഷ്ടമാകുന്ന വാടക താമസക്കാർക്ക് 30,000 രൂപയും നൽകും.
ഐ.ടി കോറിഡോർ കണക്ടിവിറ്റി
തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന വിധത്തിലാണ് സിൽവർലൈൻ വിഭാവനം ചെയ്തിരിക്കുന്നത്. സ്റ്റേഷനുകൾ ഇവയാണ്: തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി ഇന്റർനാഷണൽ എയർപോർട്ട്, തൃശ്ശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
മറുനാടന് മലയാളി ബ്യൂറോ