ചിറയിൻകീഴ്: കെ-റെയിൽ കല്ലിടലിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പ്രതിഷേധം കടുക്കുന്നു. തിരുവനന്തപുരം മുരുക്കുംപുഴയിൽ വീടിന്റെ മതിലുചാടി കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്കു നേരെയാണ് വീട്ടുകാർ പട്ടിയെ അഴിച്ചുവിട്ട് പ്രതിഷേധിച്ചത്. അതോടുകൂടി ഉദ്യോഗസ്ഥർ കല്ലിടലിൽ നിന്നും പിൻവാങ്ങി.

മുരുക്കുംപുഴയിൽ താമസമാക്കിയ ബിബിന ലോറൻസിന്റെ വീട്ടിലെത്തിയപ്പോഴാണ് പ്രതിഷേധം കടുത്തത്. സ്ത്രീകൾ ഉദ്യോഗസ്ഥരെ ഗേറ്റിനു മുന്നിൽ തടഞ്ഞു. മുൻപ് റെയിൽവേ വികസനത്തിന് സ്ഥലം വിട്ടുനൽകിയവരാണിവർ. രണ്ടാം വട്ടവും തന്റെ സ്ഥലം നഷ്ടമാകുന്നതിന്റെ വേദനയിലാണിവർ.

ബിബിനയുടെ പത്തര സെന്റ് സ്ഥലം റയിൽവേ വികസനത്തിന് പോയപ്പോൾ പോരാടി നേടിയത് ഒരുലക്ഷം രൂപ മാത്രം. ബാക്കി സ്ഥലത്താണ് നിലവിൽ വീടുള്ളത്. വീട്ടിലേക്കുള്ള വഴിയും വീടിന്റെ മുൻവശവുമാണ് അന്ന് നഷ്ടമായത്. കെ-റെയിൽ പദ്ധതിയിൽ 23 ഓളം വീടുകൾക്ക് പൂർണമായോ ഭാഗികമായോ നഷ്ടം സംഭവിക്കാനിടയുണ്ടെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

ബിബിനയുമായി മംഗലപുരം എസ്എച്ച്ഒ എച്ച്.എൽ. സജീഷ് ചർച്ച നടത്തിയ ശേഷമാണ് ഉദ്യോഗസ്ഥർക്ക് കല്ലിടാൻ അകത്തുകടക്കാൻ സാധിച്ചത്. പൊലീസ് സന്നാഹത്തോടെ പ്രതിഷേധിക്കുന്ന നാട്ടുകാരെ നിശബ്ദരാക്കിയാണ് കല്ലിടീൽ പലയിടത്തും പുരോഗമിക്കുന്നത്. മിക്കയിടങ്ങളിലും ഉദ്യോഗസ്ഥർ മടങ്ങുന്നതോടെ പ്രതിഷേധക്കാർ അടയാള കല്ലുകൾ പിഴുതെറിയുന്നുമുണ്ട്.

മുരുക്കും പുഴയിൽ കെ റെയിലിന്റെ ഭാഗമായി കല്ലിടുന്ന മിക്ക വീട്ടുകാരും മുൻപ് റെയിൽവേ വികസനത്തിനായി ഭൂമി വലിയ അളവിൽ വിട്ടു കൊടുത്തവരാണ്. അന്ന് തുച്ഛമായ രൂപയാണ് ഇവർക്ക് ലഭിച്ചത്. പ്രദേശത്തിന്റെ സമീപത്തുള്ള ഏഴോളം പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരെ അണിനിരത്തിയാണ് ഇവിടെ ഇന്നലെ കല്ലിടീൽ നടത്തിയത്. ഈ പ്രവർത്തി ഇന്നും തുടരുകയാണ്. ഫെബ്രുവരി മാസത്തിന്റെ തുടക്കത്തിലും കെ-റെയിൽ കല്ലിടാൻ വന്നവർക്കെതിരെ പ്രതിഷേധമിരമ്പിയിരുന്നു. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു നാട്ടുകാർ സംഘടിച്ചത്.

കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന തോട്ടിക്കൽ ജംഗ്ഷനിൽ കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയിൽ സർവേ കല്ലുകൾ സ്ഥാപിക്കുന്നത് പ്രതിഷേധക്കാർ തടസ്സപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ നിലനിന്നിരുന്നു.

പൊലീസ് പറയുന്നതനുസരിച്ച്, പ്രതിഷേധം രണ്ട് ഘട്ടങ്ങളായി ഉയർന്നു. രാവിലെ 10.30 ഓടെ എസ്യുസിഐയുടെയും കെ-റെയിലിനെതിരായ ആക്ഷൻ കമ്മിറ്റിയുടെയും ഒമ്പതോളം പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതേത്തുടർന്ന് എട്ട് കോൺഗ്രസ് പ്രവർത്തകരും കല്ലിടലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

17 സമരക്കാരെ കസ്റ്റഡിയിലെടുത്തതായും പിന്നീട് പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചതായും വർക്കല ഡിവൈഎസ്‌പി പി നിയാസ് പറഞ്ഞു. ''അവർ രണ്ട് ബാച്ചുകളായി പ്രതിഷേധിക്കാനെത്തി. എസ്.യു.സിഐ പ്രവർത്തകർ ഒന്നാമതെത്തി, തുടർന്ന് ആക്ഷൻ കമ്മിറ്റി അംഗങ്ങൾ. ഇതിന് പിന്നാലെയാണ് വീണ്ടും കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു.'

കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന നാവായിക്കുളം, മരുതിക്കുന്ന് പ്രദേശങ്ങളിലും ജനുവരി ആദ്യവാരം സമാനമായ പ്രതിഷേധം ഉയർന്നിരുന്നു. സെമിത്തേരികളും ശ്മശാന സ്ഥലങ്ങളും കൃഷിയിടങ്ങളും ഏറ്റെടുക്കുമെന്ന് പറഞ്ഞ് സമരക്കാർ കല്ലിടൽ ചെറുക്കുകയായിരുന്നു.

ചെങ്ങന്നൂരിൽ ആകെയുള്ളതു മൂന്നരസെന്റ് സ്ഥലത്തെ കല്ലുകെട്ടിയൊരു ഒറ്റമുറിക്കൂരയിലും കെ റെയിലിന്റെ കല്ലു സ്ഥാപിക്കാൻ അധികൃതരെത്തി. 64 വയസ്സുള്ള തങ്കമ്മ എന്ന വീട്ടമ്മയും ഇവരുടെ 20 വയസ്സുകാരൻ മകൻ ടെറ്റസുമാണ് ഈ വീട്ടിൽ കഴിയുന്നത്. കൂരയ്ക്കുപുറത്താണ് അടുപ്പുകൂട്ടിയിരുന്നത്. തിങ്കളാഴ്ച അടുപ്പിനുള്ള കല്ലുകൾ ഇളകി. പകരം കെ-റെയിലിന്റെ സർവേക്കല്ലിൽ ഒന്നുനാട്ടി.

കെ-റെയിൽ സർവേയുടെ ഭാഗമായി മുളക്കുഴ പഞ്ചായത്ത് 12-ാം വാർഡ് കിഴക്കേ മോടിയിൽ തങ്കമ്മ (64)യുടെ മൂന്നര സെന്റിലാണു കല്ലുവീണത്. നാട്ടുകാർ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെങ്കിലും ഉദ്യോഗസ്ഥർ പൊലീസ് സഹായത്തോടെ നടപടി വേഗം പൂർത്തിയാക്കി.

തങ്കമ്മയുടെ മകൻ സ്ഥലത്തുണ്ടായിരുന്നില്ല. നടപടി തടയാനുള്ള ശേഷിയില്ലാതെ അവർ കരഞ്ഞു. അടുത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ ദേഹത്തേക്കു ചാഞ്ഞു. അവരെ ആശ്വസിപ്പിക്കാനാകാതെ ജോലിയിൽ ശ്രദ്ധിച്ചു വനിതാ പൊലീസുദ്യോഗസ്ഥർക്കും നിൽക്കേണ്ടി വന്നു. അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം തങ്കമ്മയ്ക്ക് ഇനിയും അകലെയാണ്.

ലൈഫ് പദ്ധതിയിൽ വീടിനായി സഹോദരനാണു മൂന്നുസെന്റ് സൗജന്യമായി നൽകിയത്. കഴിഞ്ഞവർഷം റേഷൻ കാർഡില്ലാത്തതിനാൽ അവസരം നഷ്ടമായി. ഇത്തവണ കാർഡു ശരിയാക്കി നടപടികളുമായി മുന്നോട്ടു പോകുമ്പോഴാണ് കെ-റെയിലിന്റെ കല്ലു വീണത്. എല്ലാം നഷ്ടമായി ഇനി തങ്ങൾ എന്തുചെയ്യും എന്ന തങ്കമ്മയുടെ ചോദ്യത്തിന് മറുപടി നൽകാതെയാണ് അധികൃതരുടെ മടക്കം.