ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിൽ, പ്രത്യേകിച്ച് മന്ത്രി സജി ചെറിയാന്റെ സ്വന്തം സ്ഥലമായ കൊഴുവല്ലൂർ പ്രദേശത്താണ് കെ-റെയിൽ പ്രക്ഷോഭം ഏറ്റവും ശക്തമായി ഇപ്പോൾ തുടരുന്നത്. പല രീതിയിലുള്ള പ്രക്ഷോഭ പരിപാടികളാണ് നാട്ടുകാർ സംഘടിപ്പിക്കുന്നത്. സമരത്തിന് പിന്നിൽ തീവ്രവാദികളാണെന്ന് മന്ത്രി തന്നെ പറഞ്ഞതോടെ നാട്ടുകാർ ഒന്നടങ്കം കട്ടക്കലിപ്പിലാണ്. ടയർ കത്തിച്ചും പന്തം കൊളുത്തിയും അവർ പ്രതിഷേധിക്കുന്നു.

ഇങ്ങനെ ടയർ കത്തിച്ച് പ്രതിഷേധിച്ച സ്ഥലത്ത് പിറ്റേന്ന് കേരളാ പൊലീസിന്റെ ഫോറൻസിക് പരിശോധനാ സംഘത്തെ കണ്ട് നാട്ടുകാർ ഞെട്ടിപ്പോയി. കുത്തിയിരുന്ന് ടയർ കത്തിയ ചാരം ശേഖരിക്കുകയാണ് ഫോറൻസിക്കുകാർ. ഇതിലെ സ്ഫോടക വസ്തുവിന്റെ അംശം കണ്ടെത്തി നാട്ടുകാരെ കേസിൽ കുടുക്കാനുള്ള പണിയാണ്. പരിശോധനാഫലം വരുമ്പോഴറിയാം ടയറിനുള്ളിൽ ആർഡിഎക്സ് സാന്നിധ്യമുണ്ടോയെന്ന്.

മന്ത്രി പറഞ്ഞ തീവ്രവാദികളിൽ ചിലർ കഴിഞ്ഞ ദിവസം സജി ചെറിയാനെ ബോംബ് കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതായി പാർട്ടി മാധ്യമങ്ങളിലും സൈബർ ഗ്രൂപ്പുകളിലും പ്രചാരണം നടന്നിരുന്നു. കൊഴുവല്ലൂർ ക്ഷേത്രപരിസരത്താണ് 'ബോംബ്' കണ്ടതായി പ്രചാരണം ഉണ്ടായത്. കുറ്റം ആർ.എസ്.എസുകാരുടെ തലയിൽ ആരോപിക്കുകയും ചെയ്തു. ബോംബ് കണ്ടെത്തിയ ഭാഗത്ത് പൊലീസ് സുരക്ഷയും ശക്തമാക്കി. തൊണ്ടി കസ്റ്റഡിയിൽ എടുത്തു പരിശോധിച്ചപ്പോൾ അത് രണ്ടു ഗുണ്ടാണ്.

ആരോ വാങ്ങി മനഃപൂർവം അവിടെ കൊണ്ട് ഉപേക്ഷിച്ചതാണിതെന്ന് നാട്ടുകാർ പറയുന്നു. എന്തായാലും തീവ്രവാദികളുടെ ബോംബ് നനഞ്ഞ പടക്കമായത് മന്ത്രിക്കും പാർട്ടിക്കാർക്കും നാണക്കേടായി. പഞ്ചായത്തിൽ സിൽവർ ലൈൻ കല്ല് വന്നു വീണതിൽ മന്ത്രിയുടെ സ്വന്തം പാർട്ടിക്കാരുടെ വീടും വരും. ഇവരിൽ പലർക്കും സിൽവർലൈൻ വിരുദ്ധ മനോഭാവമാണ്. പക്ഷേ, പുറത്തു കാട്ടാൻ കഴിയില്ല. കഴിഞ്ഞ ദിവസം കൊഴുവല്ലൂർ ഓർത്തഡോക്സ് പള്ളി വളപ്പിൽ കല്ലിടാൻ ഉദ്യോഗസ്ഥർ വരുന്നത് അറിഞ്ഞ് മണിയടിച്ച് ആളെ കൂട്ടിയിരുന്നു.

അവിടെ തടിച്ചു കൂടിയവരിൽ സിപിഎമ്മിന്റെ നേതാക്കളുമുണ്ടായിരുന്നു. വിശ്വാസികൾ എന്ന നിലയിൽ തടിച്ചു കൂടിയ ഇവരിൽ ഒരു നേതാവിനോട് ഉദ്യോഗസ്ഥർ കയറുന്നത് തടയാൻ പള്ളിയുടെ ഗേറ്റ് അടയ്ക്കാൻ ചിലർ നിർദ്ദേശിച്ചു. നേതാവ് ഗേറ്റ് അടയ്ക്കാൻ പോകും മുൻപ് വച്ച നിബന്ധനയാണ് രസകരം. ആരും വീഡിയോ എടുക്കരുത്. നേതാവ് പോയി ഗേറ്റ് അടച്ചതും മടങ്ങിയതും മുഖം മറച്ചു കൊണ്ടാണ്.

പുലിയൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎസ് മോനായിയും ഭാര്യയും മുളക്കുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ രശ്മി രവീന്ദ്രനും കല്ലിടാൻ ഉദ്യോഗസ്ഥർ വരുന്നത് അറിഞ്ഞ് വീട് പൂട്ടി സ്ഥലം വിട്ടു. ഇവരുടെ വീട്ടുമുറ്റത്താണ് കെ-റെയിൽ കല്ലിടേണ്ടത്. സമരക്കാർ ആരെങ്കിലും തടയാൻ തങ്ങളുടെ മുറ്റത്ത് കയറിയാലോ എന്ന് ഭയന്നാണത്രേ ഇവർ മുങ്ങിയത്.