കൊല്ലം: സിൽവർ ലൈൻ പദ്ധതിക്ക് സ്ഥലമേറ്റെടുപ്പിന് വന്നപ്പോൾ വീണ്ടും ആത്മഹത്യാ ഭീഷണി. വീടിന്റെ അടുക്കള ഭാഗത്ത് കല്ലിടാൻ കെ റെയിൽ അധികൃതർ എത്തിയപ്പോൾ വീട്ടമ്മയും കുട്ടികളും കയറി വാതിലടച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇതിനെ തുടർന്ന് വീടിന്റെ വാതിൽ കെ റെയിൽ ഉദ്യോഗസ്ഥർക്ക് ചവിട്ടി പൊളിക്കേണ്ടി വന്നു. കൊല്ലം ജില്ലയിൽ ആദിച്ചനെല്ലൂർ പത്തൊമ്പതാം വാർഡിലാണ് സംഭവം. നേരത്തെ കൊട്ടിയം വഞ്ചിമുക്കിൽ സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ കുടുംബം ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചിരുന്നു.

'ഒറ്റ നിമിഷം കൊണ്ട് ഇടിച്ചുപൊളിച്ച് അടുക്കളേല് കല്ലിടുകാന്ന് പറഞ്ഞാ..നടക്കുന്ന കാര്യമല്ല..ഞങ്ങളുടെ അടുക്കളേലാ കല്ലുകിടക്കുന്നത്. ഞങ്ങൾ എവിട ഇറങ്ങി പോകും? രണ്ടുപെമ്പിള്ളാരാ...ഈ വന്ന സാറമ്മാര് ആരെങ്കിലും ഞങ്ങൾക്ക് വല്ലോ തരുവ്വോ? തരത്തില്ല.. ഈ ഭൂമി ഇനി എന്തേലും ചെയ്യാൻ പററുമോ? കൊച്ചുങ്ങളെ കെട്ടിച്ചുവിടണ്ടേ..ഇതാരാ ഉത്തരവാദിത്വം. വീട്ടമ്മ ചോദിക്കുന്നു. നേരത്തെ ഒരു നോട്ടീസും തരാതെയാണ് ഈ അതിക്രമം' എന്നും വീട്ടമ്മ പറഞ്ഞു. എല്ലായിടത്തും പ്രതിഷേധമെന്ന് അറിഞ്ഞതാണ്..അല്ലാതെ ഒരറിവും ഇല്ല..സാറ് നോക്ക് ഞങ്ങളുടെ അടുക്കളേലാ കല്ലിട്ടിരിക്കുന്നത്.

'ഇനി ഒരു മാർഗ്ഗവുമില്ല..ചാവുക തന്നെ..വീട്ടമ്മ പറഞ്ഞുനിർത്തി. അതേസമയം, താൻ കെ റെയിൽ അധികൃതർ ഇട്ട കല്ല് പിഴുത് കളയുമെന്ന് ഗൃഹനാഥൻ പ്രതികരിച്ചു. എന്തുവിഷയം വന്നാലും ഞാനിത് പിഴുത് കളയും. എനിക്കത് വിഷയമല്ല. ഞങ്ങൾ നാല് പേരും ആത്മഹത്യയുടെ വക്കിലിരിക്കുകയാണ്. ബാങ്കിൽ നിന്ന് 20 ലക്ഷം ലോൺ എടുത്തത് ഡബിൾ 40 ലക്ഷം ആയിരിക്കുകയാണ്. എനിക്ക് ജോലിയില്ല. വൈഫിന് ജോലിയില്ല. രണ്ട് മക്കൾ പഠിച്ചോണ്ടിരിക്കുന്നു. ഇളയ കൊച്ച് ഇവിടില്ല...പഠിക്കാൻ പോയേക്കുവാ..ഞങ്ങൾ ഇവിടുന്ന് പോണമെന്ന് പറഞ്ഞാൽ ഞങ്ങൾ എവിടെ പോകും. യാതൊരു മുന്നറിയിപ്പുമില്ലാതെ, യാതൊരു പ്രകോപനവും ഇല്ലാതെ, പൊലീസുകാര് വന്ന് ഇവനെ ഇതുകണക്കെ വലിച്ചിഴച്ച്, ഞങ്ങളെ എല്ലാവരെയും വലിച്ചിഴച്ച്, ഇതാണോ ന്യായം, ഇതാണോ നീതി ?~ഒരു നോട്ടീസും തന്നിട്ടില്ല. ഒരുമുന്നറിയിപ്പും തന്നിട്ടില്ല. പൊലീസുകാര് വരുന്നു...ഗൂഗിൾ മാപ്പ് നോക്കുന്നു..വന്ന് കല്ലിട്ടേക്കുവാ..ഞങ്ങൾ ഇതെങ്ങനെ സഹിക്കും? സഹിക്കാൻ പറ്റത്തില്ല. വീടിന്റെ 50 മീറ്ററോളം പോകുമെന്നും അദ്ദേഹം പറയുന്നു. വേറെ ഒരു മാർഗ്ഗവും ഇല്ല ഞങ്ങളുടെ മുന്നില്..ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ കൂട്ട ആത്മഹത്യ അല്ലാതെ വേറെ മാർഗ്ഗമില്ല. അതിനകത്ത് വേറെ ഒരു വിഷയവുമില്ല. കൂട്ട ആത്മഹത്യ തന്നെ.

സിൽവർലൈൻ പദ്ധതിക്കെതിരെ നേരത്തെ കൊല്ലം കൊട്ടിയത്ത് നാട്ടുകാർ ആത്മഹത്യാ ഭീഷണി മുഴക്കി. വലിയ പൊലീസ് സന്നാഹത്തിലും സർവേ നടപടികൾ തടസ്സപ്പെട്ടതോടെ ഉദ്യോഗസ്ഥർ മടങ്ങി. ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിലെ ഇരുപതാം വാർഡ് തഴുത്തലയിലാണ് വീട്ടുകാർ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉദ്യോഗസ്ഥർക്ക് സ്ഥലത്തേക്ക് കയറാൻ പറ്റാത്ത വിധം ഗേറ്റ് പൂട്ടിയായിരുന്നു ചിലയിടങ്ങളിൽ പ്രതിഷേധം.

കൊട്ടിയം വഞ്ചിമുക്കിൽ, റിട്ടയേർഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവും ദേഹത്ത് പെട്രോഴിച്ച് കൈയിൽ ലൈറ്ററുമായിട്ടായിരുന്നു പ്രതിഷേധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് കെ റെയിലിന്റെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് കല്ലിടൽ നടക്കുന്നുണ്ടായിരുന്നു. ജയകുമാറിന്റെ വീട് പൂർണമായും പോകുന്ന തരത്തിലാണ് കല്ലിട്ടിരിക്കുന്നത്. വായ്പയെടുത്ത് നിർമ്മിച്ച വീടാണെന്നും പെൻഷൻ പോലും മുടങ്ങുന്ന അവസ്ഥയിലാണ് താനെന്നും അദ്ദേഹം അധികൃതരോട് പറഞ്ഞിട്ടും കല്ലിടാൻ ഒരുങ്ങിയപ്പോഴായിരുന്നു ദേഹത്ത് പെട്രോളൊഴിച്ചത്.

സർവേ നടപടികൾ നിറുത്തി വയ്ക്കാമെന്ന ഉറപ്പ് പൊലീസും റവന്യു അധികൃതരും നൽകിയ ശേഷമാണ് അദ്ദേഹവും കുടുംബവും പ്രതിഷേധം അവസാനിപ്പിച്ചത്. അതേസമയം, ജയകുമാറിന്റെ പ്രതിഷേധത്തിന് നാട്ടുകാരും പിന്തുണ അറിയിച്ചു.

സ്ഥലമേറ്റെടുക്കുന്ന പക്ഷം ഈ കുടുംബത്തിന്റെ വീട് പൂർണമായും നഷ്ടപ്പെടും. ഇതിനെ തുടർന്നാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് ജയകുമാറും കുടുംബവും കടന്നത്. ജയകുമാറും ഭാര്യയും മകളും ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

ചർച്ചകളൊന്നും നടത്താതെയാണ് ഉദ്യോഗസ്ഥർ കല്ലിട്ടതെന്ന പരാതി പ്രദേശവാസികൾക്കെല്ലാമുണ്ട്. കഴിഞ്ഞ ദിവസം അടച്ചു പൂട്ടിക്കിടന്ന വീടിന്റെ മതിൽ ചാടിക്കടന്ന് റവന്യൂ ഉദ്യോഗസ്ഥർ കല്ലിട്ടതായും ജനങ്ങൾ പറയുന്നു.

അതേസമയം, സമീപത്തെ മറ്റൊരു വീടിന്റെ അടുക്കളയോട് തൊട്ടുചേർന്ന സ്ഥലത്തും കെ റെയിൽ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട കല്ലിടൽ നടന്നു. തുടർന്ന് ഈ വീട്ടിലെ വീട്ടമ്മയും പെൺകുട്ടിയും പ്രതിഷേധവുമായി രംഗത്തെത്തി.

നേരത്തെ തന്നെ ചാത്തന്നൂരിലും മറ്റും സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലത്ത് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് റവന്യൂ അധികൃതർ രംഗത്തെത്തി പ്രതിഷേധം അവസാനിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ജനങ്ങൾ വഴങ്ങാൻ തയ്യാറായില്ല. ബിജെപി., കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ജനങ്ങൾക്ക് പിന്തുണയുമായി സ്ഥലത്തെത്തിയിട്ടുണ്ട്.

പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിന് ഇടയിലാണ് കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. 185 ഹെക്ടർ റെയിൽവേ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചിരുന്നു.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 530 കിലോമീറ്റർ നീളത്തിലാണ് അതിവേഗ പാത നിർമ്മിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, വയനാട് ഒഴികെ 11 ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്.പദ്ധതിയുടെ അധികച്ചെലവ് കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി നേരത്തേ കേന്ദ്രത്തിന് ഉറപ്പുനൽകിയിരുന്നു. വിദേശ വായ്പയ്ക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുമുണ്ട്.

ഭൂമി ഏറ്റെടുക്കലിന് പ്രത്യേകം വിഭാഗത്തെ നിയോഗിച്ചിരുന്നു. 11 ജില്ലകളിൽ ഇത് പൂർത്തിയായാൽ സാമൂഹിക ആഘാതപഠനം നടത്തും. ഒഴിവാക്കേണ്ടിവരുന്ന കുടുംബങ്ങളുടെ വിവരങ്ങളും കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും എണ്ണവും കണ്ടെത്തും.

പൂർണമായും ഹരിത മാനദണ്ഡത്തിൽ നിർമ്മിക്കുന്ന പദ്ധതിക്കുവേണ്ടിയുള്ള പാരിസ്ഥിതിക ആഘാതപഠനം, ജലപ്രവാഹപഠനം എന്നിവയും നടന്നുവരുന്നു. 64,000 കോടി രൂപയാണ് പദ്ധതിച്ചെലവ്. 33,000 കോടി വിദേശവായ്പയായി കണ്ടെത്തണം. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായാലേ വിദേശ വായ്പയ്ക്ക് അപേക്ഷിക്കാൻ കഴിയൂ. റെയിൽവേ ബോർഡിന്റെ അംഗീകാരം നേടിയ രൂപരേഖയും ഇതിനൊപ്പം ഉണ്ടാകണം.

റെയിൽ കടന്നുപോകുന്ന പ്രദേശങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. പദ്ധതി ജനവിരുദ്ധമാണെന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. എന്നാൽ കെ റെയിൽ ഹരിത പദ്ധതിയാണെന്നും സംസ്ഥാന വികസനത്തിന് ഇത് നിർണായകമാകുമെന്നും ഇടതുപക്ഷം വാദിക്കുന്നു. എതിർപ്പുകൾക്കിടയിലും അഞ്ചുവർഷം