- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർലൈൻ വേഗ റെയിൽപാതക്ക് മുന്നിൽ തടസങ്ങളേറെ; പാതയുടെ അലൈന്മെന്റിൽ മാറ്റം വേണമെന്ന് റെയിൽവേ; പ്രധാന മാറ്റങ്ങൾ എറണാകുളം - കാസർകോട് ഭാഗത്തെ അലൈന്മെന്റിൽ; സ്ഥലമേറ്റെടുക്കാൻ രണ്ട് വർഷമെങ്കിലും വേണമെന്നിരിക്കേ പദ്ധതി 2025-26 ൽ പൂർത്തിയാക്കുക പ്രായോഗികമല്ലെന്നും ദക്ഷിണ റെയിൽവേ
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായി കണക്കാക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ അതിവേഗ റെയിൽവേ പാത. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടെത്താൻ 3.52 മണിക്കൂർ മതിയെന്ന് വിഭാവനം ചെയ്യുന്ന പദ്ധതിയുടെ ചെലവ് വളരെ വലുതാണ് താനും. ഈപദ്ധതി മുന്നോട്ടുപോകാൻ ഏറ്റവും തടസ്സമായിരിക്കുന്നത് സ്ഥലം ഏറ്റെടുപ്പു തന്നെയാണ്. ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ പരിശോധിച്ചാൽ നിരവധി തടസ്സങ്ങളാണ് പദ്ധതിക്ക് മുന്നിലുള്ളത്.
സിൽവർലൈൻ വേഗ റെയിൽപാതയുടെ അലൈന്മെന്റിൽ മാറ്റം വേണമെന്നും വിശദമായ പദ്ധതി രൂപരേഖ (ഡിപിആർ) പുതുക്കണമെന്നും ദക്ഷിണ റെയിൽവേ നിർദേശിച്ചത് പദ്ധതിക്ക് സാങ്കേതികമായി തിരിച്ചടി നൽകുന്ന കാര്യമാണ്. പ്രധാനമായും എറണാകുളം - കാസർകോട് ഭാഗത്തെ അലൈന്മെന്റിലാണു മാറ്റം വേണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. റെയിൽവേ ചട്ടങ്ങൾ പാലിക്കാത്ത നിർമ്മാണങ്ങൾ ഒഴിവാക്കണമെന്നും കൺസ്ട്രക്ഷൻ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷനു (കെ റെയിൽ) നൽകിയ ശുപാർശയിൽ പറയുന്നു.
എറണാകുളം മുതൽ തൃശൂർ വരെ നിലവിലുള്ള ഇരട്ടപ്പാതയുടെ പടിഞ്ഞാറു ഭാഗത്തു മൂന്നാം പാതയ്ക്ക് അനുമതിയായിട്ടുണ്ട്. നാലാം പാതയും ഭാവിയിൽ നിർമ്മിക്കേണ്ടി വരും. ഇവയ്ക്കു സ്ഥലം ലഭിക്കുന്ന രീതിയിൽ സിൽവർലൈൻ അലൈന്മെന്റ് പുതുക്കണം. തൃശൂർ റെയിൽവേ സ്റ്റേഷന് അഭിമുഖമായി സിൽവർലൈൻ സ്റ്റേഷൻ നിർമ്മിക്കാൻ ഭൂമി ലഭ്യമല്ല. തൃശൂർപൂങ്കുന്നം റെയിൽപാത കിഴക്കു ഭാഗത്തേക്കു മാറ്റണമെന്ന നിർദേശവും പ്രായോഗികമല്ല. തിരൂർ മുതൽ കാസർകോട് വരെ നിലവിലെ പാതയ്ക്കു സമാന്തരമായി വേഗപാത നിർമ്മിക്കുമ്പോൾ പുതിയ 2 പാതകൾക്കുള്ള സ്ഥലം ഒഴിച്ചിടണം.
പദ്ധതി 2025-26 ൽ പൂർത്തിയാക്കുക പ്രായോഗികമല്ല. സ്ഥലമേറ്റെടുക്കാൻ 2 വർഷമെങ്കിലും വേണം. പിന്നീടു രണ്ടര വർഷം കൊണ്ടു നിർമ്മാണം പൂർത്തിയാകില്ലെന്നതിനാൽ കാലാവധി യാഥാർഥ്യബോധത്തോടെ പുതുക്കണമെന്നാണു നിർദ്ദേശം. അതേസമയം ഭൂമി ഏറ്റെടുക്കുംമുൻപു സാമൂഹികാഘാത പഠനം നടത്തും. 2003ലെ നിയമപ്രകാരം ഏറ്റവും മികച്ച നഷ്ടപരിഹാരം നൽകുമെന്നും കെ റെയിൽ എംഡി വി അജിത്കുമാർ വ്യക്തമാക്കി.
പാത കടന്നുപോകുന്നതു പലയിടത്തും ചതുപ്പു മേഖലയിലൂടെയായതിനാൽ ഇരുവശത്തും സുരക്ഷാ മതിലിനു പൈലിങ് വേണ്ടിവരും. ഇതു വൻതോതിൽ ചെലവു കൂട്ടുമെന്നാണ് ദക്ഷിണ റെയിൽവേ കൺസ്ട്രക്ഷൻ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ വളവുകളുടെ റേഡിയസ് 1850 മീറ്ററായി നിശ്ചയിച്ചതിന്റെ അടിസ്ഥാനം വിശദീകരിക്കണം. പാത പുഴകൾക്കു കുറുകെ കടന്നുപോകുന്നില്ലെന്ന ഡിപിആറിലെ വാദം ശരിയല്ല. പദ്ധതിയുടെ പരിധിയിൽ 30 നദികൾ പടിഞ്ഞാറോട്ട് ഒഴുകുന്നതിനാൽ വലിയ പാലങ്ങൾ വേണ്ടിവരുമെന്നതും ചിലവു വർധിപ്പിക്കുന്നതാണ്.
കൊച്ചുവേളി കഴക്കൂട്ടം ഭാഗത്ത് ഇരുവശവും ഐഎസ്ആർഒ ഭൂമിയായതിനാൽ മുൻകൂർ അനുമതി വാങ്ങണം. കോട്ടയത്തു സിൽവർലൈൻ സ്റ്റേഷൻ നിർദേശിച്ചിരിക്കുന്നതുകൊടൂരാറിന്റെ തീരത്താണ്. വർഷത്തിൽ 7 മാസവും വെള്ളക്കെട്ടുള്ള ഇവിടം നികത്തുക അപ്രായോഗികമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു
അതിവേഗ സിൽവർ ലൈൻ യാഥാർത്ഥ്യമായാൽ തലസ്ഥാനനഗരിയിൽ നിന്ന് 259 കിലോമീറ്റർ അകലെ തൃശൂരിൽ ട്രെയിനിലെത്താൻ 1.54 മണിക്കൂർ സമയം മതിയെന്നാണ് കണക്ക്. പരമാവധി 200 കിലോമീറ്റർ വേഗം വരെ ആർജിക്കാൻ ശേഷിയുള്ള ട്രെയിൻ തൃശൂരിൽ നിന്ന് 273 കിലോമീറ്റർ സഞ്ചരിച്ച് കാസർകോട്ടെത്താൻ വേണ്ടത് 1.57 മണിക്കൂർ മാത്രമാകും. എറണാകുളത്ത് നിന്ന് തൃശൂരിലേക്ക് 64 കിമീ ദൂരം 28 മിനിറ്റിൽ പാഞ്ഞെത്തും. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടെത്താൻ വേണ്ടത് 3.53 മണിക്കൂർ മാത്രമാകും.
കേരളത്തിൽ നിലവിൽ ഓടുന്ന ഏറ്റവും വേഗമേറിയ ട്രെയിൻ തിരുവനന്തപുരത്തുനിന്ന് കാസർകോട്ടെത്താൻ 9 മണിക്കൂറെങ്കിലും സമയം എടുക്കുമെന്നാണ് റെയിൽവേയുടെ കണക്ക്. ഇതേ ദൂരം സിൽവർലൈൻ 3.52 മണിക്കൂറിൽ പാഞ്ഞെത്തും. തിരുവനന്തപുരത്തേക്കു തൃശൂരിൽ നിന്ന് 1.54 മണിക്കൂർ, കാസർകോട്ടേയ്ക്ക് 1.57 മണിക്കൂർ എന്നിങ്ങനെയാണ് ട്രെയിനിന്റെ സഞ്ചാരസമയം. എറണാകുളത്തിനും തിരൂരിനുമിടയിൽ തൃശൂരാണ് ഏക സ്റ്റേഷൻ.
എറണാകുളത്തു നിന്നു നെടുമ്പാശേരി വഴി അങ്കമാലിക്കടുത്തു വരെ റെയിൽവെ പാതയോട് ചേർന്നാണ് സിൽവർലൈന്റെ രൂപരേഖ കടന്നുപോകുന്നത്. അവിടെ നിന്നു തൃശൂർ ജില്ല അതിർത്തിയിലേക്കു പ്രവേശിക്കുമ്പോൾ രണ്ടു വഴിക്കു പിരിയുന്നു. റെയിൽവെ ലൈൻ ചാലക്കുടിയിലൂടെ കടന്നുപോകുമ്പോൾ അന്നമടയ്ക്കു സമീപം കുമ്പിടി വഴിയാണ് സിൽവർലൈനിന്റെ പാത പോകു്നനത്. കൊമ്പൊടിഞ്ഞാമാക്കൽ വഴി കല്ലേറ്റുംകരയിലെത്തുമ്പോൾ വീണ്ടും റെയിൽവെ പാതയോടടുക്കും.
മറുനാടന് മലയാളി ബ്യൂറോ