കണ്ണൂർ: സിപിഎമ്മും കോൺഗ്രസും കണ്ണൂരിലെ ശാക്തിക ചേരികളിൽ ബലാബലമാണ്. കണ്ണൂരിൽ കോൺഗ്രസിന് നയിക്കുന്നത് കെ സുധാകരനാണ്. കെ എസ് ബ്രിഗേഡ് എന്തിനും തയ്യാറാണ്. കണ്ണൂരിലെ ഈ കരുത്തൻ കെപിസിസിയുടെ തലപ്പത്ത് എത്തുന്നത് സ്വപ്‌നം കാണുന്നവരാണ് കെ എസ് ബ്രിഗേഡുകൾ. അണികളുടെ പിന്തുണയുള്ള സുധാകരൻ കെപിസിസി അധ്യക്ഷ പദവി അടഞ്ഞ അധ്യായമെന്ന് സമ്മതിക്കുന്നു. കണ്ണൂരിൽ സിപിഎമ്മുകാരുടെ പ്രിയ നേതാവ് പി ജയരാജനാണ്. അഴിക്കോട് ജയരാജൻ മത്സരിക്കുന്നത് സ്വപ്‌നം കണ്ടവരാണ് പിജെ ആർമി. അവരും നിരാശർ. അങ്ങനെ ഈ നിയമസഭാ തെരഞ്ഞെടുപ്പ് കാലം കോൺഗ്രസിലേയും സിപിഎമ്മിലേയും കണ്ണൂരിലെ അണികൾക്ക് കണ്ണീരിന്റേതാണ്.

പി ജയരാജനെ ഒറ്റപ്പെടുത്തുന്നത് പിണറായി വിജയനും എം വി ഗോവിന്ദനും ഇപി ജയരാജനും ചേർന്ന കണ്ണൂർ ലോബിയാണ്. പാർട്ടിയിൽ കണ്ണൂർ കരുത്ത് ചോരാതിരിക്കാൻ നടത്തുന്ന ഇടപെടൽ. പിജെ ആർമി പരസ്യ പ്രതിഷേധങ്ങൾ ഉയർത്തി. എന്നും പാർട്ടിക്ക് വിധേയനാകാൻ ആഗ്രഹിക്കുന്ന ജയരാജൻ ഇതിനെ പിന്തുണച്ചില്ല. അങ്ങനെ പിജെ ആർമി വേദനയോടെ തോറ്റു പിന്മാറി. ഇനി കണ്ണൂരിലെ പാർട്ടി പിടിച്ചെടുക്കാനാണ് ജയരാജന്റെ നീക്കം. ഇതിനൊപ്പമാണ് കോൺഗ്രസിലെ കണ്ണൂരിലെ കരുത്തും കോൺഗ്രസിൽ ഒറ്റപ്പെടുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ണൂരിൽ മത്സരിപ്പിച്ച് കെപിസിസി അധ്യക്ഷനാകാനായിരുന്നു സുധാകരന്റെ ആഗ്രഹം. ഇത് കെ എസ് ബ്രിഗേഡും സ്വപ്‌നം കണ്ടു. ഇതും തകർന്നു.

കെ.സുധാകരന്റെ പേരിൽ പണസമാഹരണം നടത്തുവാൻ ദുബായിൽ കെ എസ് ബ്രിഗേഡിയർമാരുടെ ആഗോള സമ്മേളനം പോലും നേരത്തെ നടന്നിരുന്നു. കെപിസിസി.പ്രസിഡണ്ടായി മുല്ലപ്പള്ളി രാമചന്ദ്രൻ വന്നതിനുശേഷം ശക്തമായ സൈബർ ആക്രമണമാണ് മുല്ലപ്പള്ളിക്കെതിരെ കെ എസ് ബ്രിഗേഡിന്റ നേതൃത്വത്തിൽ നടന്നിരുന്നത്. വർഷങ്ങൾക്ക് മുമ്പ് വി എസിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച കെ.സുധാകരനെ തള്ളിപ്പറഞ്ഞുകൊണ്ട് മുല്ലപ്പള്ളി രംഗത്തുവന്നതും കെ എസ് ബ്രിഗേഡിയേർസിനെ ചൊടിപ്പിച്ചിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് കാലമെത്തിയപ്പോൾ മുല്ലപ്പള്ളിയോടുള്ള എതിർപ്പ് സുധാകരൻ മാറ്റി. മത്സരിക്കാനുള്ള മുല്ലപ്പള്ളിയുടെ ആഗ്രഹം തിരിച്ചറിഞ്ഞായിരുന്നു ഇത്. കണ്ണൂരും ഓഫർ ചെയ്തു. എന്നിട്ടും സുധാകരനെ ചിലർ വെട്ടി. ഇതിന് പിന്നിൽ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കെസി വേണുഗോപാലുമാണെന്ന് അവർ തിരിച്ചറിയുന്നു.

കെ.സുധാകരന്റെ അടുത്ത ബന്ധുവിന്റെ നേതൃത്വത്തിൽ ദുബായിൽ രൂപംകൊണ്ട കെ.എസ് ബ്രിഗേഡിയർ എന്ന നവമാധ്യമ കൂട്ടായ്മക്ക് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് പ്രവർത്തകരുണ്ട്. സംഘടനാ രൂപീകരണ സമയത്ത് കെ.സുധാകരൻ നേരിട്ട് നിയന്ത്രിച്ചുപോന്ന വാട്സാപ് കൂട്ടായ്മയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ജീവ കാരുണ്യ മേഖലകളിൽ സജീവമായി ഇടപെടുകയാണ് ലക്ഷ്യം എന്ന പ്രചാരണവുമായി മുന്നോട്ടു പോയ കെ.എസ് ബ്രിഗേഡിയർ രക്തസാക്ഷികളായ കോൺഗ്രസ് പ്രവർത്തകരുടെ കുടുംബത്തിനെ സഹായിക്കുവാൻവേണ്ടി ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കണ്ണൂരിലും കോഴിക്കോടും സമ്മേളനങ്ങൾ നടത്തി കോൺഗ്രസ് പ്രവർത്തകരിൽ വിശ്വാസ്യത വളർത്തിയെടുത്തു.

കെ പി സി സി പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ കേരളം മുഴുവൻ കെ.സുധാകരനു വേണ്ടി ഫ്െളക്സുകൾ സ്ഥാപിച്ചു കൊണ്ടുള്ള പരസ്യ പ്രചാരണത്തിനും മുല്ലപ്പള്ളിയെ കെ പി സി സി പ്രസിഡണ്ടാക്കും എന്ന ഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ ഫേയ്സ്ബുക്ക് പ്രൊഫെയിലിൽ കൂട്ടമായി കെ.സുധാകരന് അനുകൂലമായി കമന്റ് ചെയ്തും കെ എസ് ബ്രിഗേഡ് കരുത്തുകാട്ടി. ഇവരുടെ സ്വപ്‌നമായിരുന്നു സുധാകരനെ കെപിസിസി അധ്യക്ഷനാക്കുകയെന്നത്. അതാണ് ഈ നിർണ്ണായക ഘട്ടത്തിലും നടക്കാതെ പോകുന്നത്. ഇത് കെഎസ് ബ്രിഗേഡിനെ വേദനയിലാക്കുന്നു.

കണ്ണൂരിൽ പിണറായി വിജയൻ എത്തിയതോടെ പി ജയരാജന്റെ പിജെ ആർമി നിശബ്ദരാണ്. പാർട്ടിയുടെ വിജയമാണ് പ്രധാനമെന്ന ജയരാജന്റെ വാക്കുകൾ അവർ ഏറ്റെടുക്കുന്നു. കണ്ണൂരിലെ പാർട്ടിയുടെ മുക്കും മൂലയിലും തങ്ങളുടെ ആളുകളെ എത്തിക്കാനാണ് പിജെ ആർമിയുടെ ശ്രമം. ഭരണമുണ്ടെങ്കിലേ പാർട്ടിയുള്ളൂവെന്ന ജയരാജന്റെ തിരിച്ചറിവാണ് ഇത്. ഇതിനിടെയിലും ജയരാജൻ എംഎൽഎയായി മത്സരിച്ച് ജയിച്ച് മന്ത്രിയാകുന്നത് സ്വപ്‌നം കണ്ട പിജെ ആർമിക്കാർ നിരാശയിലാണ്. പക്ഷേ തൽകാലം അത് പുറത്തു പ്രകടിപ്പിക്കില്ല. എങ്കിലും അടിയൊഴുക്കുകളായി അത് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചാൽ കണ്ണൂരിൽ സിപിഎമ്മിന് തിരിച്ചടിയാകും.

ജയരാജൻ ഇഫക്ട് കണ്ണൂരിൽ മാത്രമൊതുങ്ങുമെന്ന ആശ്വാസം സിപിഎമ്മിനുണ്ട്. സുധാകരന്റെ കെ എസ് ബ്രിഗേഡിലും കോൺഗ്രസിനും ഇത് തന്നെയാണ് ഏറ്റവും വലിയ സമാധാനം. കണ്ണൂരിന് പുറത്തേക്ക് ഈ വികാരം വളർന്നാൽ മാത്രമേ സുധാകരനെ കോൺഗ്രസ് ഹൈക്കമാണ്ടും ഭയക്കൂവെന്നതാണ് വസ്തുത. കണ്ണൂരിന് പുറത്ത് കെഎസ് ഒന്നുമല്ലെന്ന സന്ദേശം നൽകിയാണ് സുധാകരനെ കോൺഗ്രസിലെ ശാക്തിക ചേരി വെട്ടുന്നതും.