കണ്ണൂർ :കെ.സുധാകരൻ എംപി കെപിസിസി പ്രസിഡന്റായാൽ തങ്ങളുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചുവെന്ന് വിചാരിക്കുന്നവരാണ് അദ്ദേഹത്തിന്റെ എതിർ ഗ്രൂപ്പിലുള്ള കണ്ണുരിലെ കോൺഗ്രസ് നേതാക്കൾ. അതുകൊണ്ട് തന്നെ അവർ പണി തുടങ്ങുകയാണ്. അണികളുടെ വികാരം അട്ടിമറിച്ച് സുധാകരനെ കെപിസിസി അധ്യക്ഷനാകാതിരിക്കാനുള്ള പണികൾ.

സുധാകരന് തങ്ങൾ ഇതുവരെയായി വെച്ച എട്ടിന്റെ പണി പതിന്മടങ്ങായി തിരിച്ചു കിട്ടുമെന്ന ഉള്ളിൽ പേടിയും പലർക്കുമുണ്ട്. ഉഗ്രപ്രതാപിയായി സ്വയം കണക്കാക്കുന്ന സുധാകരൻ ഇപ്പോൾ സട പോയ സിംഹമാണ്. കെപിസിസി വർക്കിങ് പ്രസിഡന്റെന്ന ഫോസിൽ രൂപത്തിൽ നിൽക്കുന്ന സുധാകരന് ഹൈക്കമാൻഡ് ഇനി അഥവാ മജ്ജയും മാംസവും വെച്ചു നൽകിയാൽ ആദ്യം കടിച്ചുകീറുന്നത് തങ്ങളെയായിരിക്കുമെന്ന് എതിർവിഭാഗം നേതാക്കൾക്കറിയാം. അതു കൊണ്ടു തന്നെ ഇത്തരമൊരു സാഹചര്യമൊഴിവാക്കാൻ വിയർപ്പൊഴുക്കുകയാണ് കണ്ണൂരിലെ ചില നേതാക്കൾ.

സുധാകരനെതിരെയുള്ള ആരോപണങ്ങൾ അക്കമിട്ട് നിരത്തി എ.ഐ.സി.സിക്ക് മെയിലും കത്തെഴുതലാണ് ഇവരുടെ ഇപ്പോഴത്തെ പണി.കെപിസിസി യിലും ആന്റി സുധാകരൻ ക്യാംപയിൻ തകൃതിയായി നടക്കുന്നുണ്ട്. കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗമായ ജില്ലയിലെ സുധാകരന്റെ കടുത്ത എതിരാളിയായ നേതാവാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. പാർട്ടിയെ കണ്ണുരിൽ നാമാവശേഷമാക്കിയത് കെ.സുധാകരന്റെ നേതൃത്വമാണെന്നാണ് കണക്കുകൾ ഉദ്ധരിച്ച് ഇദ്ദേഹം വിശദീകരിക്കുന്നത്. ഡി.സി.സി ഓഫിസ് നിർമ്മാണം, ചിറക്കൽ രാജാസ് സ്‌കൂൾ കെ.കരുണാകരൻ ട്രസ്റ്റിനായി ഏറ്റെടുത്തതിന് ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം കോടികൾ പിരിച്ചത് എന്നിങ്ങനെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഈ നേതാവ് ഉന്നയിക്കുന്നത്.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ഭാരവാഹികളായ അശോക് ചവാനും താരിഖ് അൻവറും കേരളത്തിലെ കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലെത്താൻ പോകുന്ന സാഹചര്യത്തിൽ ഹൈക്കമാൻഡിന്റെ തലപ്പത്തിരിക്കുന്ന സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, എ.കെ ആന്റണി എന്നിവർക്ക് സുധാകരനെതിരെയുള്ള വിമർശനങ്ങൾ ഉന്നയിച്ച് നിരന്തരം മെയിൽ സന്ദേശമയക്കുകയാണ് കണ്ണുരിലെ വിമത വിഭാഗം കോൺഗ്രസ് നേതാക്കൾ. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ സുധാകരനുമായി ഇടഞ്ഞു നിൽക്കുന്നതാണ് ഇവർക്ക് സഹായകരമാകുന്നത്.

കണ്ണുരിൽ കെ.സി വേണുഗോപാലിന്റെ ഗ്രൂപ്പുകാരെന്നറിയപ്പെടുന്ന കോൺഗ്രസ് നേതാക്കൾ പുർണമായും സുധാകരന് എതിരാണ്. സുധാകരൻ കെപിസിസി അധ്യക്ഷനാകുന്നതിൽ തങ്ങൾക്ക് താൽപ്പര്യമില്ലെന്ന് എ വിഭാഗവും ഉമ്മൻ ചാണ്ടി, കെ.സി ജോസഫ്, എന്നീ നേതാക്കളെ അറിയിച്ചിട്ടുണ്ട്. വിശാല ഐ വിഭാഗത്തിലെ ചില നേതാക്കളും സുധാകരനോട് എതിർപ്പ് പുലർത്തുണ്ട്. സംസ്ഥാനമാകെ പാർട്ടി പ്രവർത്തകർക്കിടെയിൽ ആരാധകരുണ്ടെങ്കിലും നേതാക്കൾക്കിടെയിൽ പൊതു സ്വീകാര്യത സുധാകരനില്ല. കണ്ണൂരിലെ കരുത്തനായ നേതാവിന്റെ അഗ്രസീവായ പ്രവർത്തന ശൈലി കെപിസിസി അധ്യക്ഷന് ചേരുന്നതല്ലെന്ന പൊതുവികാരമാണ് ഗ്രൂപ്പ് ഭേദമന്യേ ഇവർ പ്രകടിപ്പിക്കുന്നത്.

കെ.സുധാകരനെ സംബന്ധിച്ചിടുത്തോളം കയ്യാലപ്പുറത്തുള്ള കെപിസിസി അധ്യക്ഷ പദവി ഇക്കുറിയെങ്കിലും ലഭിച്ചില്ലെങ്കിൽ പിന്നീടൊരിക്കലും തന്നെ തേടിയെത്തില്ലെന്ന് അദ്ദേഹത്തിനു മറിയാം. കോൺഗ്രസിലെ യുവ എംഎ‍ൽഎമാരുടെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും പിൻതുണയോടെ കെപിസിസി അധ്യക്ഷ പദവി കരസ്ഥമാക്കാൻ കഴിയുമോയെന്ന തീവ്ര ശ്രമത്തിലാണ് അദ്ദേഹം.