- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം മതി, ഞങ്ങൾ പ്രശ്നം തീർക്കും; ഞങ്ങൾക്കറിയാം ഞങ്ങളുടെ പ്രശ്നം എങ്ങനെ തീർക്കണമെന്ന്; ഇതിനേക്കാൾ വലിയ വിഷയങ്ങൾ കോൺഗ്രസ് തീർത്തിട്ടുണ്ട്, എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്; ഇരിക്കൂറിലെ ഗ്രൂപ്പ് പോരിൽ കെ സുധാകരന്റെ വാക്കുകൾ ഇങ്ങനെ; എ ഗ്രൂപ്പുകാർ വിമത സ്ഥാനാർത്ഥിയെ നിർത്തിയേക്കില്ല
കണ്ണൂർ: ഇരിക്കൂറിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന സൂചന നൽകി കെപിസിസി വർ്ക്കിങ് പ്രസിഡന്റ് കെ സുധാകരൻ. ഇരിക്കൂറിലെ പ്രശ്നങ്ങൾ ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിൽ പരിഹരിക്കുമെന്നാണ് സുധാകരൻ പറയുന്നത്. ഇതിലും വലിയ പ്രശ്നങ്ങൾ കോൺഗ്രസ് തീർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധർമടത്ത് മത്സരിക്കാനില്ലെന്ന് അറിയിച്ച് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് സുധാകരന്റെ പ്രതികരണം.
' ഇരിക്കൂറിലെ പ്രശ്നത്തിൽ ഫോർമുല ചർച്ച ചെയ്യാൻ നാളെ ഉമ്മൻ ചാണ്ടി വരുന്നുണ്ട്. പരിഹാരം ഉണ്ടാകുമെന്നാണ് എന്റെ വിശ്വാസം. ഉമ്മൻ ചാണ്ടിയും ഞങ്ങളുമൊക്കെ ഇരുന്നിട്ട് തീരാത്ത ഒരു പ്രശ്നം കോൺഗ്രസുകാർക്കിടയിൽ ഉണ്ടാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?' -അദ്ദേഹം ചോദിച്ചു. 'ഞങ്ങൾക്കറിയാം ഞങ്ങളുടെ പ്രശ്നം എങ്ങനെ തീർക്കണമെന്ന്. ഇതിനേക്കാൾ വലിയ വിഷയങ്ങൾ കോൺഗ്രസ് തീർത്തിട്ടുണ്ട്. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്. അതിനുള്ള കഴിവ് ഞങ്ങൾക്കുണ്ട്. ഞങ്ങൾ അത്ര മോശക്കാരൊന്നുമല്ല. ഉമ്മൻ ചാണ്ടിയുടെ ഒരു സാന്നിധ്യം മതി. ഞങ്ങൾ പ്രശ്നങ്ങൾ തീർക്കും' - അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരിക്കൂരിൽ നേതൃത്വം പ്രഖ്യാപിച്ച സജീവ് ജോസഫിനെതിരെയാണ് എ ഗ്രൂപ്പ് കലാപക്കൊടി ഉയർത്തിയത്. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യനെ സ്ഥാനാർത്ഥിയാക്കണം എന്നാണ് ആവശ്യം. അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്ത് കെ സുധാകരൻ സ്ഥാനാർത്ഥിയാകില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കി. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തേണ്ടതിനാൽ മത്സരിക്കാൻ കഴിയില്ല. കണ്ണൂർ ഡിസിസി സെക്രട്ടറി സി രഘുനാഥിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് അഭിപ്രായമെന്നും സുധാകരൻ പറഞ്ഞു.
കണ്ണൂരിലെ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ തകിടം മറിക്കുന്ന വിധത്തിലാണ് ഇരിക്കൂറിലെ തീരുമാനങ്ങൾ. എ ഗ്രൂപ്പ് പ്രവർത്തകരെ പിന്തിരിപ്പിക്കാൻ യു.ഡി.എഫ് കൺവീനർ എം.എം ഹസനും സിറ്റിങ് എംഎൽഎ കെ.സി ജോസഫും നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സോണി സെബാസ്റ്റ്യനെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടിലാണ് വിമതസ്വരം ഉയർത്തുന്നവർ. ഹൈക്കമാൻഡ് നിർദ്ദേശം പാലിക്കണമെന്ന നേതാക്കളുടെ അഭ്യർത്ഥനയും കണക്കിലെടുക്കാൻ പ്രാദേശിക നേതാക്കളും പ്രവർത്തകരും തയ്യാറായില്ല. മണ്ഡലത്തിലെ വികാരം നേതൃത്വം അറിയിക്കണമെന്ന് ഹസനോടും ജോസഫിനോടും പ്രവർത്തകർ ആവശ്യപ്പെട്ടു.
പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെയും ഹൈക്കമാൻഡിന്റെയും താൽപര്യം കൂടി കണക്കിലെടുത്താണ് അനുനയ നീക്കം നടത്തിയതെങ്കിലും അതു പരാജയപ്പെട്ടത് കോൺഗ്രസിന് ക്ഷീണമായിട്ടുണ്ട്.പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ജില്ലയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മന്ദഗതിയിലാണ്. അതേസമയം, അനുനയ നീക്കവുമായി എത്തുന്നവർ താനുമായി ചർച്ച നടത്തിയിട്ടില്ലെന്ന പരിഭവത്തിലാണ് കെ.സുധാകരൻ എംപി. പിന്നീട് എ കെ ആന്റണി അടക്കം സുധാകരനുമായി സംസാരിച്ചതോടെയാണ് പ്രശ്ന പരിഹാരത്തിന് വഴിയൊരുങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ