- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശിഖണ്ഡിയെ മുൻനിറുത്തി യുദ്ധം ചെയ്യുകയാണ്; ഒരു മന്ത്രി വന്നു പ്രസ്താവനയിറക്കി പോയാൽ പ്രശ്നങ്ങൾ തീരില്ല; മതമേലധ്യക്ഷന്മാരുടെ യോഗം വിളിച്ചുചേർത്താൽ എന്താണ് കുഴപ്പം? വിജയരാഘവൻ വർഗീയ വിഷം ചുരത്തുന്ന ഏറ്റവും വലിയ വർഗീയ വാദി; കടന്നാക്രമിച്ചു കെ സുധാകരൻ
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയെ കടന്നാക്രമിച്ചു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വർഗീയ വിഷം ചുരത്തുന്ന ഏറ്റവും വലിയ വർഗീയ വാദിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെന്ന് സുധാകരൻ വിമർശിച്ചു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മത നേതാക്കളുടെ യോഗം വിളിച്ചു ചേർത്തത് വർഗീയത വളർത്താനാണെന്ന എ.വി.ജയരാഘവന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ.
ശിഖണ്ഡിയെ മുൻനിറുത്തി യുദ്ധം ചെയ്യുകയാണ്. ഒരു മന്ത്രി വന്നു പ്രസ്താവനയിറക്കി പോയാൽ പ്രശ്നങ്ങൾ തീരില്ല. മതമേലധ്യക്ഷന്മാരുടെ യോഗം വിളിച്ചുചേർത്താൽ എന്താണ് കുഴപ്പമെന്നും കെ. സുധാകരൻ ചോദിച്ചു. സർക്കാർ ചെയ്യേണ്ട ഉത്തരവാദിത്വമാണ് കോൺഗ്രസ് നിറവേറ്റുന്നത്. കോൺഗ്രസ് നേതാക്കൾ മതനേതാക്കളെ കണ്ടതിനു ശേഷമാണ് മന്ത്രി വാസവൻ ബിഷപ്പിനെ സന്ദർശിച്ചതെന്നും സുധാകരൻ പറഞ്ഞു. കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ ആരു നടത്തിയാലും കോൺഗ്രസ് മാത്രമല്ല യോഗത്തിൽ പങ്കെടുത്ത മുഴുവൻ സംഘടനകളും എതിർക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും സുധാകരൻ പറഞ്ഞു.
പശ്ചാത്തലത്തിൽ വിവിധ സമുദായ നേതാക്കളെ നേരിൽ സന്ദർശിച്ച് സമവായശ്രമം നടത്തുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെയായിരുന്നു എ വിജയരാഘവൻ പ്രതികരിച്ചത്. വർഗീയ ചേരിതിരിവുണ്ടാക്കുന്ന ബിജെപി പ്രവർത്തന ശൈലി കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഏറ്റെടുത്തിരിക്കുകയാണെന്ന് വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
'സുധാകരനും സതീശനും ഇപ്പോൾ നടത്തുന്ന പ്രവർത്തനം ആ രീതിയിലുള്ളതാണ്. ബിജെപിയെ പോലെ തന്നെ കേരളത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാനാകുമോ എന്നതാണ് ഇവരുടെ ശ്രമം. അതിന്റെ പിൻപാട്ടുകാരനായി നിൽക്കുകയാണ് താനെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി' -വിജയരാഘവൻ ആരോപിച്ചു. അതേസമയം, സർക്കാർ ഒരു ശ്രമവും നടത്താത്ത പശ്ചാത്തലത്തിലാണ് സാമുദായിക സൗഹാർദത്തിന് കെപിസിസിയുടെ നേതൃത്വത്തിൽ നേതാക്കളുമായി ചർച്ച നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി.
പ്രശ്നപരിഹാരത്തിന് സർക്കാർ തയാറായാൽ പൂർണ പിന്തുണ പ്രതിപക്ഷം നൽകും. സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ഈ നാട്ടിലല്ലേ ജീവിക്കുന്നത്. ഇവിടെ നടക്കുന്നതൊന്നും കാണുന്നില്ലേ. ഈ വിഷയത്തിൽ സ്വന്തമായ അഭിപ്രായം പോലും സിപിഎം സെക്രട്ടറിക്കില്ല. സ്വന്തമായ അഭിപ്രായം വിജയരാഘവൻ പറഞ്ഞാൽ അതിന് മറുപടി പറയാം -സതീശൻ പറഞ്ഞു.
വിവാദത്തെ കുറിച്ച് സിപിഎമ്മിനും ഒരു നിലപാടില്ല. രണ്ട് സമുദായങ്ങൾ തമ്മിൽ ഭിന്നിപ്പിക്കുക എന്നത് സംഘ്പരിവാറിന്റെ അജണ്ടയാണ്. ഈ സംഘർഷം കുറച്ചുകാലം കൂടി തുടരട്ടെ എന്നാണ് സിപിഎം നയം. വർഗീയ കലാപം എന്താണ് എന്നതിന്റെ അർഥം വിജയരാഘവൻ അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ