ന്യൂഡൽഹി: കോൺഗ്രസിന്റെ ദേശീയ നയങ്ങളും മുന്നണി സമവാക്യവും നിർദേശിക്കാൻ സിപിഎം വളർന്നിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കേരളത്തിൽ മാത്രമാണ് സിപിഎമ്മിന് ഏക ആശ്രയമുള്ളത്. കോൺഗ്രസ് ഇല്ലാതെ ഒരു മതേതര സഖ്യവും സാധ്യമല്ലെന്നും കോൺഗ്രസിനെ മുന്നിൽ നിർത്തി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് സിപിഎം പറയുന്നത് ബിജെപിയെ സഹായിക്കാനാണെന്നും സുധാകരൻ പറഞ്ഞു.

പ്രതിപക്ഷസഖ്യം സംബന്ധിച്ച് കോൺഗ്രസിന് നിർദ്ദേശം നൽകാൻ സിപിഎം വളർന്നിട്ടില്ലെന്നും ആനയെ കല്യാണം ആലോചിക്കാൻ ഉറമ്പ് പോയതുപോലെയാണ് സിപിഎമ്മിന്റെ ഈ നിലപാടെന്നും സുധാകരൻ പരിഹസിച്ചു.

സിപിഎമ്മിന്റെ മാത്രം നിലപാട് അനുസരിച്ചല്ല ദേശീയതലത്തിൽ പ്രതിപക്ഷസഖ്യം രൂപീകരിക്കുന്നത്. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, സ്റ്റാലിന്റെ ഡിഎംകെ, ശരദ് പവാറിന്റെ എൻസിപി തുടങ്ങിയ കക്ഷികൾ കോൺഗ്രസ് നയിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി വിരുദ്ധ സഖ്യത്തിൽ ഉൾപ്പെടാതിരിക്കാനാണ് സിപിഎം നേതാക്കളായ കോടിയേരിയും എസ്ആർപിയും സഹനേതാക്കളും നിബന്ധനകൾ മുന്നോട്ടുവെക്കുന്നത്.

കേരളത്തിൽ മാത്രമാണ് സിപിഎം അധികാരത്തിലുള്ളത്. കോൺഗ്രസിന്റെ സ്ഥിതി അങ്ങനെയല്ല. മുൻപ് അധികാരത്തിലുണ്ടായിരുന്ന ത്രിപുരയിലും ബംഗാളിലും ഇപ്പോൾ സ്ഥാനാർത്ഥിയായി നിർത്താൻ പോലും സിപിഎമ്മിന് ആളില്ല. മുൻപ് സംഘടനാപരമായി എന്തെങ്കിലും സാന്നിധ്യമുണ്ടായിരുന്ന നിരവധി സംസ്ഥാനങ്ങളിൽ സിപിഎം തുടച്ചുനീക്കപ്പെട്ടെന്നും സുധാകരൻ പരിഹസിച്ചു. രാജ്യത്തെ 24 ശതമാനം ജനങ്ങളുടെ പിന്തുണയുള്ള പാർട്ടിയാണ് കോൺഗ്രസ്. സിപിഎമ്മിന് ഒന്നര ശതമാനം ജനപിന്തുണ പോലുമില്ല, സുധാകരൻ കൂട്ടിച്ചേർത്തു.

.'എവിടെ ജനങ്ങൾ പട്ടിണി കിടക്കുന്നോ അവിടെ കമ്മ്യൂണിസം ഉണ്ടാവും എന്നാണ് പറയുക. എന്നാൽ പട്ടിണി കിടക്കുന്ന ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ എത്രയിടങ്ങളിൽ കമ്മ്യൂണിസത്തിന് പച്ച പിടക്കാൻ കഴിഞ്ഞു. ബംഗാൾ, ത്രിപുര, കേരളം, പഞ്ചാബ്, ബീഹാർ, ആന്ധപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉണ്ടായിരുന്നത്. എന്നാൽ ആന്ധ്രയിലും പഞ്ചാബിലും ബീഹാറിലും ത്രിപുരയിലും ബംഗാളിലും അധികാരം നഷ്ടപ്പെട്ടു. ഇനി ഒരു കേരളം മാത്രമാണ് അവശേഷിക്കുന്നത്.

അവിടെ കോൺഗ്രസിനെ പോലത്തെ ഒരു പാർട്ടിയോട് നിബന്ധന വെക്കുന്ന പാർട്ടിക്ക് 1.6 ശതമാനമാണ് ആകെ വോട്ട്. ഉറുമ്പ് ആനക്ക് കല്ല്യാണം ആലോചിച്ച കഥയുണ്ട്. ഈ ഘട്ടത്തിൽ അതാണ് ഓർമ്മ വരുന്നത്. ഇന്ത്യയിൽ ഇന്നും 24 ശതമാനം വോട്ടുണ്ട് കോൺഗ്രസിന്. സിപിഐഎം രാഷ്ട്രീയ സഖ്യത്തിന് നിബന്ധനവച്ചാൽ പരമ പുച്ഛത്തോടെ എഴുതി തള്ളും. സിപിഐഎം അതിന് മാത്രം വളർന്നിട്ടില്ല.' സുധാകരൻ പറഞ്ഞു.

കേരളത്തിൽ പണത്തിന്റേയും ഗുണ്ടായിസത്തിന്റേയും ബലത്തിലാണ് സിപിഎം മുന്നോട്ടുപോകുന്നത്. പിണറായി വിജയന്റെ കേരളത്തിൽ മാത്രം ഒരു പച്ചത്തുരുത്തായി അവശേഷിക്കുന്നത് ബിജെപിയുമായി ഉണ്ടാക്കിയ ധാരണയുടെ കൂടി പിൻബലത്തിലാണ്. ഈ ധൈര്യത്തിലാണ് കെ-റെയിൽ പദ്ധതിയുമായി പിണറായി മുന്നോട്ട് പോകുന്നതുപോലും. കേരളത്തിൽ സമരംചെയ്യുന്ന ബിജെപി നേതാക്കൾക്ക് കേന്ദ്ര സർക്കാരിനെക്കൊണ്ട് പദ്ധതി പിൻവലിപ്പിക്കാൻ പോലും കഴിയുന്നില്ലെന്നും എല്ലാം പിന്നിലുള്ള ധാരണയാണെന്നും സുധാകരൻ ആരോപിച്ചു.