- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാദങ്ങൾ നീട്ടിക്കൊണ്ടു പോകാനാവില്ല, അവസാനിപ്പിക്കണമെന്ന് കെ സുധാകരൻ; ഡിസിസി പട്ടികക്ക് എതിരായ പ്രതികരണങ്ങൾ ഉചിതമാണോ എന്ന് നേതാക്കൾ ആലോചിക്കണം; കെ മുരളീധരൻ കോൺഗ്രസ് നേതൃത്വത്തിന്റെ നെടുംതൂണുകളിൽ ഒന്ന്; നിലപാട് വ്യക്തമാക്കി കെ സുധാകരൻ
ന്യൂഡൽഹി: ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പ്രതികരിച്ചു. പാർട്ടിയുടെ ഗുണത്തിനായി അനാവശ്യ ചർച്ചകൾ ഒഴിവാക്കണം. പ്രതികരണങ്ങൾ ഉചിതമാണോ എന്ന് നേതാക്കൾ ആലോചിക്കണമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക സംബന്ധിച്ച് ഇനി ചർച്ച വേണ്ട. പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞു. വിവാദം നീട്ടിക്കൊണ്ടു പോകാൻ കഴിയില്ലെന്നും സുധാകരൻ പറഞ്ഞു. സെമി കേഡർ സംവിധാനത്തിലേക്കാണ് കോൺഗ്രസ് പോകുന്നതെന്നും അടുത്ത ആറ് മാസത്തിനുള്ള കോൺഗ്രസിന്റെ രൂപവും ഭാവവും മാറുമെന്നും സുധാകരൻ വ്യക്തമാക്കി. ഡിസിസി അധ്യക്ഷന്മാരുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായം. എല്ലാ വിഷയങ്ങളും ചർച്ച ചെയ്തു കഴിഞ്ഞു. ആരോപണങ്ങൾക്ക് മറുപടി പറഞ്ഞു കഴിഞ്ഞു. ഗ്രൂപ് നേതാക്കൾക്ക് പറയാനുള്ളത് പറയാം. പക്ഷേ അന്തിമ തീരുമാനം ഹൈക്കമാണ്ടിന്റേതാണ്. എല്ലാ ദിവസവും വിവാദവുമായി മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം അടിവരയിട്ടു വ്യക്തമാക്കി.
പിണറായിയെ പുകഴ്ത്തി എ വി ഗോപിനാഥ് നടത്തിയ പ്രസ്താവനയിൽ അത് പറയാൻ സാഹചര്യം ഉണ്ടാക്കാൻ പാടില്ലായിരുന്നുവെന്ന് കെ സുധാകരൻ പറഞ്ഞു. പാർട്ടിക്ക് വേണ്ടി വിയർപ്പ് ഒഴുക്കിയവർ തന്നെ പാർട്ടിക്ക് ഹാനികരമായ കാര്യങ്ങൾ ചെയ്യരുതെന്നും അനിൽ അക്കരയെ തള്ളി കെ സുധാകരൻ വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വത്തിന്റെ നെടുംതൂണുകളിൽ ഒന്നാണ് കെ.മുരളീധരൻ. അദ്ദേഹത്തിന്റെ വാക്കുകൾക്ക് ആ നിലയും വിലയുമുണ്ടാവും. പാർട്ടിയുടെ തണലും ശക്തിയുമായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഇനിയും വേണം എന്നാണ് ആഗ്രഹം. എല്ലാവരേയും സഹകരിച്ചു കൊണ്ടു പോകുക എന്നതാണ് പാർട്ടിയുടെ നയം. എല്ലാവരോടും സഹകരിക്കണം എന്നാണ് ഞങ്ങൾ അഭ്യർത്ഥിക്കുന്നത്. സഹകരിക്കാതെ നിൽക്കാത്തവരെ സഹകരിപ്പിക്കാനുള്ള മെക്കാനിസം ഞങ്ങൾക്ക് അറിയില്ല. ഇത്രയും കാലം ചോരയും നീരും കൊടുത്ത് വളർത്തിയ പാർട്ടിയെ നശിപ്പിക്കാതെ നോക്കേണ്ട ബാധ്യത നേതാക്കൾക്കുണ്ട്.
താരിഖ് അൻവറിനെ മാറ്റുന്നതൊക്കെ ഹൈക്കമാൻഡിന്റെ തീരുമാനമാണ്. അല്ലാതെ കേരളത്തിലെ നേതാക്കളല്ല. നേതാക്കൾക്ക് എന്തും ആവശ്യപ്പെടാൻ അധികാരവും അവകാശവുമുണ്ട്. എന്തായാലും എനിക്ക് അതിൽ ഒന്നും ചെയ്യാനില്ല. പാലക്കാടുള്ള ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് ഗോപിനാഥൻ പാർട്ടി വിടാനുള്ള തീരുമാനം എടുത്തത്. ഗോപിനാഥും ഞാനും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. അങ്ങനെ എന്നെ കൈയൊഴിയാൻ ഗോപിനാഥിനാവില്ല. എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട് പാർട്ടി വിട്ട് ഗോപിനാഥ് എവിടെയും പോവില്ല അദ്ദേഹം പാർട്ടിയിൽ സജീവമാകും.
അതിനായുള്ള നടപടികൾ കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ തന്നിൽ നിന്നുണ്ടാകും. കെപിസിസി പുനഃസംഘടന നടപടികളിലേക്ക് പാർട്ടി കടക്കുകയാണ്. എത്രയും പെട്ടെന്ന് അതു പൂർത്തിയാകും. പൊതുരംഗത്ത് സജീവമായുള്ള ആളുകളെ കണ്ടെത്തി പാർട്ടി തലപ്പത്തേക്ക് കൊണ്ടു വരണം. പാർട്ടിയുടെ വിവിധ മേഖലകളിൽ അത്തരം മികവുള്ളവർ ഉണ്ട് അവരെ കണ്ടെത്തി പിടിക്കാനുള്ള സെർച്ചിങ് പ്രൊസ്സസിന് കുറച്ചു സമയം വേണം. ഇതുവരെ ഉണ്ടായ പോലെ രണ്ട് ഇടത്ത് നിന്നും മാത്രം ആളുകളെ നിയമിക്കുന്ന പരിപാടി ഇന്നത്തെ പാർട്ടിയിൽ ഇല്ലെന്നും കെ സുധാകരൻ തിരുവനന്തപുരത്ത് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ