- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രിക്ക് നാണമില്ലേ? സർവകലാശാല നിയമനങ്ങൾ പാർട്ടിക്കാർക്ക് സംവരണം ചെയ്തിരിക്കയാണ്; കഴിവല്ല, രാഷ്ട്രീയമാണ് മാനദണ്ഡം; സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തു; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിൽ സർക്കാറിനെതിരെ ആഞ്ഞടിച്ചു കെ സുധാകരൻ
ന്യൂഡൽഹി: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു കെപിസിസി അധ്യക്ഷൻ കെ സാധാകരൻ. മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് കെ സുധാകരൻ ചോദിച്ചു. ഗവർണറുടെ വിമർശനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർവകലാശാല നിയമനങ്ങൾ പാർട്ടിക്കാർക്ക് സംവരണം ചെയ്തിരിക്കുന്നു. നിയമനത്തിന് കഴിവല്ല, രാഷ്ട്രീയമാണ് മാനദണ്ഡമെന്ന് കെ.സുധാകരൻ പറഞ്ഞു. സർക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർവകലാശാലകളിലെ രാഷ്ട്രീയ നിയമനത്തിൽ പ്രതിഷേധിച്ചു കാർഷിക സർവകലാശാലയുടെ പരിപാടി ഗവർണർ റദ്ദാക്കിയിരുന്നു. 9ാം തീയതിയിലെ പരിപാടിയിൽനിന്നാണ് ഗവർണർ വിട്ടുനിന്നത്. സർവകലാശാലയിലെ പരിപാടിയിൽ പങ്കെടുത്തശേഷം അന്നു തന്നെ ഡൽഹിയിലേക്കു പോകാനായിരുന്നു ഗവർണറുടെ തീരുമാനം. എന്നാൽ, രാഷ്ട്രീയ നിയമനങ്ങളിലുള്ള പ്രതിഷേധ സൂചകമായി സർക്കാരിനു കത്ത് നൽകാൻ ഏഴാം തീയതി തീരുമാനിച്ചു.
സർവകലാശാലയുടെ പരിപാടിയിൽ പങ്കെടുക്കേണ്ടെന്നും അന്നു രാത്രി തന്നെ നിശ്ചയിച്ചു. തുടർന്ന്, 8ാം തീയതി സർക്കാരിനു കത്തു നൽകി. ചീഫ് സെക്രട്ടറി വി.പി.ജോയിയും മന്ത്രി കെ.എൻ.ബാലഗോപാലും ഇന്നലെ രാജ് ഭവനിലെത്തി ഗവർണറെ കണ്ടെങ്കിലും നിലപാടിൽ ഉറച്ചു നിൽക്കുന്നതായി ഗവർണർ അറിയിച്ചു. കൂടിക്കാഴ്ചയ്ക്കുശേഷം ഡൽഹിയിലേക്കു പോയ ഗവർണർ ഇനി 17ന് മടങ്ങിയെത്തും.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനു നടപടിക്രമം പാലിച്ചില്ലെന്നാണ് ഗവർണർ സർക്കാരിനു നൽകിയ കത്തിൽ പറയുന്നത്. സർക്കാർ നിർബന്ധത്തിനു വഴങ്ങിയാണ് ഗവർണർ അനുമതി നൽകിയത്. മറ്റു സർവകലാശാലകളിലും ചട്ടങ്ങൾ ലംഘിച്ചു നിയമനം നടത്തുന്ന രീതി വന്നതോടെയാണ് ഗവർണർ രൂക്ഷമായി വിമർശിച്ച് സർക്കാരിനു കത്തു നൽകിയത്. താൻ നടത്തിയ നിയമനത്തെ എതിർത്ത് ഗവർണർ തന്നെ കത്തു നൽകിയതോടെ നിയമനം സംബന്ധിച്ച ഹൈക്കോടതിയിലെ കേസ് ശ്രദ്ധേയമാകും.
ഗോപിനാഥ് രവീന്ദ്രനു കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി പുനർനിയമനം നൽകിയതിനെതിരെ സർവകലാശാല സെനറ്റ് അംഗം ഡോ: പ്രേമചന്ദ്രൻ കീഴോത്തും അക്കാദമിക് കൗൺസിൽ അംഗം ഡോ: ഷിനോ പി. ജോസും മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേനയാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. സർവകലാശാല നിയമപ്രകാരം വൈസ് ചാൻസലർക്കു നിയമന സമയത്ത് 60 വയസ്സ് പൂർത്തിയാകാൻ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചു സർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ചാൻസലർ കൂടിയായ ഗവർണർ 61 വയസ്സുകാരനായ ഡോ.ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം നൽകിയതെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
യുജിസി റെഗുലേഷൻ പ്രകാരം രൂപീകരിച്ച വിസി നിർണയ സമിതി പിരിച്ചുവിട്ടത് അധികാര ദുർവിനിയോഗമാണെന്നും, ഇക്കാരണങ്ങളാൽ ഗോപിനാഥ് രവീന്ദ്രനു വിസിയായി തുടരാൻ യോഗ്യതയില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഗോപിനാഥ് രവീന്ദ്രൻ വൈസ് ചാൻസലർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നാണ് ഹർജിയിൽ പറയുന്നത്. ഗവർണർ തന്നെ നിയമനത്തിനെതിരെ കത്തു നൽകിയതിനാൽ നടപടി വരാൻ കൂടുതൽ സാധ്യതയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ