- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അണികൾക്ക് താൽപ്പര്യം ആവേശം പകരുന്ന കെ എസിനോട്; ഐ ഗ്രൂപ്പുകാരനെങ്കിലും കടിഞ്ഞാണിൽ നിൽക്കില്ലെന്ന ഭയത്തിൽ വേണ്ടെന്ന് ചെന്നിത്തല; എ ഗ്രൂപ്പിനും സുധാകരൻ പാർട്ടി പിടിക്കുമെന്ന ഭയം; വർക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന ഭീഷണിയിൽ അധ്യക്ഷ പദവിക്കായുള്ള കരുനീക്കം ശക്തമാക്കി സുധാകരൻ; കണ്ണൂരിലെ കരുത്തനെ തടയാൻ ഗ്രൂപ്പു മാനേജർമാരുടെയും കളികൾ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് നേതൃമാറ്റ ആവശ്യം കോൺഗ്രസിനുള്ളിൽ ശക്തമായെങ്കിലും കെ സുധാകരനെ ഭയന്ന് കോൺഗ്രസ് ഗ്രൂപ്പുകൾ വൈമനസ്യത്തിൽ. മുല്ലപ്പള്ളിയെ മാറ്റിയാൽ അടുത്ത അവസരം നൽകേണ്ടി വരിക കെ സുധാകരനാകും. സാമുദായിക സമവാക്യം കൂടി പരിഗണിക്കുമ്പോൾ അങ്ങനെ വേണ്ടിവരും. അതുകൊണ്ട് തന്നെ മുല്ലപ്പള്ളിയെ മാറ്റേണ്ടെന്ന തീരുമാനത്തിലാണ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും. കെ സുധാകരനെ ഏൽപ്പിച്ചാൽ അദ്ദേഹം പാർട്ടി പിടിക്കുമെന്ന ഭയത്തിലാണ് ഇരുവരും. അതാണ് സുധാകരനെ അകറ്റി നിർത്താനുള്ള കാരണവും.
അതേസമയം പാർട്ടിയെ നയിക്കാൻ ശക്തമായ നേതൃത്വം വേണെന്ന് വാദിച്ചു കൊണ്ട് സുധാകരൻ ഉൾപ്പാർട്ടി പോരാട്ടം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം താൻ പാർട്ടി പറയുന്നതെല്ലാം കേട്ടിട്ടുണ്ടെന്ന് പറഞ്ഞ് സംഘടനാ രംഗത്താണ് തനിക്ക് താൽപ്പര്യമെന്ന് അദ്ദേഹം നിലപാട് അറിയിച്ചു കഴിഞ്ഞു. യുഡിഎഫിന് കിട്ടിയ ഒരേയൊരു കോർപ്പറേഷൻ കണ്ണൂരാണ്. ഇവിടെ കെ സുധാകരൻ അച്ചടക്കത്തോടെ യുഡിഎഫിനെ നയിച്ചാണ് വിജയം സമ്മാനിച്ചത്. അതാണ് സുധാകന്റെ മുൻതൂക്കവും.
ഇനിയും ഏകോപനമില്ലാതെ മുന്നോട്ടുപോകുന്ന സാഹചര്യമെങ്കിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്നും കെ. സുധാകരൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തന്നെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യക്ഷപ്പെട്ട ഫ്ളക്സുകൾ പ്രവർത്തകരുടെ സ്വാഭാവിക പ്രതികരണമാണെന്ന് കെ. സുധാകരൻ കൂട്ടിച്ചേർത്തു. ജനാധിപത്യപരമായി സംഘടനാ തിരഞ്ഞെടുപ്പ് നടക്കാത്ത പാർട്ടിയിൽ അവരുടെ വികാരം രേഖപ്പെടുത്താൻ മറ്റ് മാർഗങ്ങളില്ലെന്നും അദ്ദേഹം തുറന്നടിക്കുന്നു.
അതേസമയം മുല്ലപ്പള്ളിയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റേണ്ടെന്ന് തീരുമാനിച്ചിട്ടും കെ.സുധാകരനും കെ.മുരളീധരനും അനുകൂലമായി ഫ്ളക്സ് ബോർഡ് ഉയരുന്നതിൽ കടുത്ത അതൃപ്തിയിലാണ് എ, ഐ ഗ്രൂപ്പുകൾ. ഇതിൽ കെ സുധാകരനെയാണ് ഇരു ഗ്രൂപ്പുകളും. മുല്ലപ്പള്ളിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാതിരിക്കാനുള്ള കാരണങ്ങൾ ഇവയാണ്. നീക്കിയാൽ മുസ്ലിംലീഗിന്റ സമർദം കൊണ്ടാണന്ന പ്രചാരണം വരും. നിയമസഭ തിരഞ്ഞെടുപ്പിന് മൂന്നോ നാലോ മാസം മാത്രം ബാക്കിയുള്ളപ്പോൾ നേതൃമാറ്റം താഴെത്തട്ടിൽ ആശയക്കുഴപ്പമുണ്ടാക്കും. മാറ്റിയാലും ഈഴവ സമുദായത്തിന്റ പ്രതിനിധി എന്ന നിലയിൽ കെ സുധാകരനെ അധ്യക്ഷനാക്കേണ്ടി വരും. പക്ഷെ ഗ്രൂപ്പ് വ്യത്യാസമെന്ന്യേ ആർക്കും സുധാകരനോട് താൽപര്യമില്ല, അതിലുപരി ഭയമാണ് എന്നതാണ് ശരി.
പാർട്ടിയിൽ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന തന്റെ ആവശ്യത്തിന് മൂർച്ച കൂട്ടിയിരിക്കുകയാണ് കെ സുധാകരൻ. അടി മുതൽ മുടി വരെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തി പാർട്ടി ഘടകങ്ങളിൽ സമ്പൂർണ അഴിച്ചുപണി വേണമെന്ന ആവശ്യമാണ് സുധാകരൻ ശക്തമായി ഉന്നയിക്കുന്നത്. നോമിനേറ്റ് ചെയ്യുന്ന ജംബോ കമ്മിറ്റികളും ഭാരവാഹികളും അണികളിൽ സ്വാധീനമില്ലാത്തവരാണെന്ന സുധാകരന്റെ വിമർശനം കോൺഗ്രസിൽ വിവാദങ്ങളുടെ തിരയിളക്കിയിട്ടുണ്ട്.
സുധാകരൻ വെടിയുതിർക്കുന്നത് പ്രധാനമായും മുല്ലപ്പള്ളിക്ക് നേരെയാണ്. എന്നാൽ കെപിസിസി അധ്യക്ഷനെ ഇപ്പോൾ മാറ്റേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിന്റെ അഭിപ്രായമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ തൽസ്ഥാനത്തു നിന്നു മാറ്റണമെന്ന അജൻഡയാണ് കെ സുധാകരൻ മുൻപോട്ടു വയ്ക്കുന്നത്. നേരത്തെ കെ മുരളീധരനും രാജ് മോഹൻ ഉണ്ണിത്താനും ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു ചുവടുപിടിച്ചാണ് സുധാകരൻ കരുനീക്കങ്ങൾ നടത്തുന്നത്.
കോൺഗ്രസ് ഹൈക്കമാൻഡിലെ അധികാര കേന്ദ്രമായ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി സുധാകരൻ നേരത്തെ തന്നെ അകൽച്ചയിലാണ്. യുത്ത് കോൺഗ്രസ് നേതാവായിരിക്കെ തന്നെ കണ്ണൂരിൽ നിന്നും സുധാകരനും അദ്ദേഹത്തിന്റെ ഗ്രൂപ്പും ഓടിച്ചു വിട്ടതാണ് കെ സി വേണുഗോപാലിനെ. പിന്നീട് ആലപ്പുഴയിൽ പോയി എംപിയും എംഎൽഎയുമായ കെ സി ദേശീയ രാഷ്ട്രീയത്തിൽ മെയിൻ സ്ട്രീമിലെത്തിയിട്ടും സ്വന്തം ജന്മനാട്ടിൽ കാലുറപ്പിക്കാനായില്ല. ഇതേ സമാനമായ അനുഭവമാണ് മുല്ലപ്പള്ളി രാമചന്ദ്രനും.
കണ്ണുരിൽ നിന്നും പലവട്ടം ജയിച്ചു എംപിയായ മുല്ലപ്പള്ളിക്ക് ഒടുവിൽ പരാജയം രുചിക്കേണ്ടി വന്നു. സിപിഎമ്മിലെ നവാഗതനായ അബ്ദുള്ളക്കുട്ടിയോട് താൻ തോൽക്കാനിടയായത് സുധാകര ഗ്രൂപ്പുകാർ പാർട്ടിക്കുള്ളിൽ നിന്നും കാലുവാരിയതിനാലാണെന്ന് മുല്ലപ്പള്ളി ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. തന്നെ തോൽപ്പിച്ച അബ്ദുള്ളക്കുട്ടി പിന്നീട് മറുകണ്ടം ചാടിയപ്പോൾ കണ്ണൂർ നിയമസഭാ സീറ്റു നൽകി വിജയിപ്പിച്ചത് ഇതേ സുധാകരൻ തന്നെയായിരുന്നു. പിന്നിട് വടകരയിൽ സ്ഥാനാർത്ഥിയായി ആർഎംപി പിന്തുണയോടെ മുല്ലപ്പള്ളി ലോക്സഭയിലെത്തുകയും കേന്ദ്ര സഹമന്ത്രിയാവുകയും ചെയ്തുവെങ്കിലും സുധാകരനുമായുള്ള ശീതസമരം അവസാനിച്ചില്ല.
ഇതേ മുല്ലപ്പള്ളിയെ പിന്നിട് താൻ കണ്ണുവെച്ച കെപിസിസി അധ്യക്ഷ പദവിയിലേക്ക് എഐസിസി നോമിനേറ്റ് ചെയ്തത് സുധാകരന് കനത്ത പ്രഹരമായിരുന്നു. ഇപ്പോൾ മുല്ലപ്പള്ളിയുടെ നേതൃത്വത്തിൽ പാർട്ടി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ രാജിവയ്ക്കണമെന്ന ആവശ്യവുമായി കനത്ത തിരിച്ചടിക്കൊരുങ്ങിയിരിക്കുകയാണ് സുധാകരൻ.
കാർക്കശ്യത്തിന്റെയും സംഘടനാ മികവിന്റെ കാര്യത്തിലും കോൺഗ്രസിലെ പിണറായി വിജയനാണ് കെ സുധാകരൻ. ജനതാ പാർട്ടിയിൽ നിന്നും കളം മാറി വന്ന ഈ നേതാവ് കോൺഗ്രസിൽ സ്ഥാനമുറപ്പിച്ചത് എൻ രാമകൃഷ്ണൻ, പി രാമകൃഷ്ണൻ, എസ് ആർ ആന്റണി, കെ പി നുറുദ്ദീൻ തുടങ്ങിയ നേതാക്കളെ വെട്ടിനിരത്തിയിരുന്നു. കണ്ണിന് കണ്ണ്/പല്ലിന് പല്ല് എന്ന രീതിയിലായിരുന്നു സുധാകരന്റെ ശൈലി. സിപിഎമ്മുമായി നാലു പതിറ്റാണ്ടു അടിച്ചും തിരിച്ചടിച്ചും നിലനിന്ന സുധാകരൻ കോൺഗ്രസ് അണികൾക്കിടെയിൽ ഇപ്പോഴും ആവേശമാണ്. എന്നാൽ സുധാകരന്റെ വളർച്ചയിൽ പാർട്ടിക്ക് കൊടുക്കേണ്ടി വന്നത് വലിയ വിലയാണ്. ഇടതും വലതും നിന്ന സജിത്ത് ലാലിനെപ്പോലെയും എടയന്നൂർ ശുഹൈബിനെപ്പോലെയുമുള്ള യുവജന നേതാക്കൾ സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായി. പയ്യന്നുർ പോലെയുള്ള സ്ഥലങ്ങളിൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനം തന്നെ ശിഥിലമായെന്നും മറുപക്ഷം ആക്ഷേപം ഉന്നയിക്കുന്നു.
കേന്ദ്ര നേതൃത്വത്തിൽ വയലാർ രവി സുധാകരന്റെ രക്ഷകനായി ആദ്യ കാലയളവിലുണ്ടായിരുന്നുവെങ്കിലും പിന്നീട് മന്ത്രി സ്ഥാനം ലഭിച്ചതിനു ശേഷം കെ സുധാകരൻ വയലാർ രവിയുടെ മുന്നാം ഗ്രൂപ്പിൽ നിന്നും വിട്ടുനിന്നു. പിന്നീട് കണ്ണൂർ കേന്ദ്രീകരിച്ച് തനിച്ചു തന്നെയായിരുന്നു പോരാട്ടം. സുധാകരനു സമാനമായി അതേ ശൈലിയിൽ വളർന്നു വന്ന പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയുമായപ്പോൾ കോൺഗ്രസിന്റെ മുഖ്യധാരയിലെത്താൻ സുധാകരന് കഴിഞ്ഞില്ല.
സുധാകരന്റെ ശൈലി കോൺഗ്രസിന് ചേരില്ലെന്ന വികാരമാണ് മുതിർന്ന നേതാക്കളായ എ കെ ആന്റണി മുതൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും വരെയുണ്ടായിരുന്നത്. ഒരു കാലത്ത് പാർട്ടി അടക്കി ഭരിച്ച ലീഡർ കെ കരുണാകരനും സുധാകരന്റെ വെട്ടൊന്ന് മുറി രണ്ടെന്ന ശൈലി അംഗീകരിച്ചിരുന്നില്ല. വടക്കൻ കേരളത്തിൽ പാർട്ടിയിൽ തീപ്പന്തമായ കെ സുധാകരന് ആരാധകർ ഏറെയുണ്ടെങ്കിലും അവരുടെ പിന്തുണ കൊണ്ടു മാത്രം സംസ്ഥാനത്തിലെ പാർട്ടിയുടെ ചുക്കാൻ പിടിക്കാൻ സുധാകരന് കഴിയില്ലെന്നതാണ് യാഥാർഥ്യം.
അതിനിടെ സോഷ്യൽ മീഡിയയിൽ അടക്കം കെ സുധാകരനെ പിന്തുണക്കക്കുന്നവർ ഏറെയാണ്. പിണറായിയെ നേരിടാൻ കരുത്തനായ സുധാകരൻ വേണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. മുല്ലപ്പള്ളി കെപിസിസി അധ്യക്ഷനായ വേളയിൽ ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതും സുധാകരന്റെ പേരായിരുന്നു. എന്നിട്ടും തഴയപ്പെട്ടതിലെ അമർഷം സുധാകരനെ ശരിക്കും അലട്ടുന്നുണ്ട്. അന്ന് കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ കെപിസിസി അധ്യക്ഷ പദവിയെ ലാക്കാക്കിയാണ് സുധാകരൻ ഇപ്പോൾ ചരടുവലിക്കുന്നത്. എന്നാൽ, അതിന് തടയിടാൻ ഗ്രൂപ്പു മാനേജർമാരും രംഗത്തുണ്ട്.
അതേസമയം തെരഞ്ഞെടുപ്പു ലക്ഷ്യമാക്കി ചില നീക്കുപോക്കുകൾക്കും കോൺഗ്രസ് തയ്യാറെടുക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതും സൂക്ഷ്മതയോടെ മതിയെന്നാണ് തീരുമാനം. കാരണം പ്രതിപക്ഷത്തെ നയിക്കുന്ന രമേശ് ചെന്നിത്തലയുടെ പ്രധാന്യം കുറയ്ക്കുവെന്ന തോന്നലുണ്ടായാൽ അത് ഭൂരിപക്ഷ വിഭാഗങ്ങൾക്കിടയിൽ അതൃപ്തിക്കിടയാക്കും. മുസ്ലിംലീഗടക്കമുള്ള ഘടകകക്ഷികൾ തോൽവിയുടെ പേരിൽ മുല്ലപ്പള്ളിയേയും എം.എം ഹസനേയും വിമർശിച്ചപ്പോഴും ചെന്നിത്തലയെ ഒഴിവാക്കിയതിന്റ പിന്നിലെ കാരണവും അതാണ്. അതേസമയം ന്യൂനപക്ഷ വിശ്വാസം വീണ്ടെടുക്കാൻ ഉമ്മൻ ചാണ്ടിയെ സജീവമായി രംഗത്തിറക്കുകയും വേണം.
ന്യൂനപക്ഷ സമുദായങ്ങളുമായി ചർച്ച നടത്തുന്നതിന്റ ആദ്യപടിയെന്ന നിലയിലാണ് കെ. മുരളീധരൻ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചത്. രണ്ടാംഘട്ടമായി ഉമ്മൻ ചാണ്ടിയും പി.ജെ ജോസഫും രമേശ് ചെന്നിത്തലയും പി.കെ കുഞ്ഞാലിക്കുട്ടിയും അടങ്ങുന്ന മുതിർന്ന നേതാക്കൾ ഇറങ്ങും. ഉമ്മൻ ചാണ്ടിയെ നിയമസഭ പ്രചാരണ സമിതി അധ്യക്ഷനാക്കി മുന്നോട്ടുപോകണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. ഈ പദവിയിലേക്ക് ഉമ്മൻാചാണ്ടി താമസിയാതെ എത്തിയേക്കുമെന്നാണ് സൂചനയും.
മറുനാടന് മലയാളി ബ്യൂറോ