- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രിയെ നേരിടാൻ ധർമ്മടത്ത് കെ സുധാകരൻ വരുമോ? കെ സുധാകരൻ മത്സരിക്കണമെന്നാണ് ആഗ്രഹം, സമ്മതത്തിനു കാത്തിരിക്കുകയാണെന്ന് മുല്ലപ്പള്ളി; പിന്തുണച്ച് വി ഡി സതീശനും; മത്സരിക്കണമെന്ന ആവശ്യവുമായി പ്രവർത്തകരും നേതാവിന്റെ വീട്ടിൽ; മത്സരിക്കാനുള്ള സാധ്യത തള്ളാതെ കണ്ണൂർ എംപി; ഒരു മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കും
കണ്ണൂർ: ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കെ സുധാകരൻ എംപി മത്സരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സുധാകരൻ മത്സരിക്കാൻ ഹൈക്കമാൻഡും. മുതിർന്ന നേതാക്കൾ കെ സുധാകരനോട് ഈ ആവശ്യം ഉന്നയിച്ചു. ആഗ്രഹമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്ഥാനാർത്ഥിയാവുന്ന കാര്യത്തിൽ സുധാകരന്റെ സമ്മതത്തിനു കാത്തിരിക്കുകയാണന്ന് മുല്ലപ്പള്ളി പറഞ്ഞു. ധർമടത്തെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാവും. കെ സുധാകരൻ മത്സരിക്കണമെന്നാണ് കെപിസിസിയുടെ താത്പര്യമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തെത്തുടർന്നു കോൺഗ്രസിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. സിപിഎമ്മിൽവരെ ഇത്തവണ പരസ്യമായ പ്രതികരണങ്ങളുണ്ടായി. കോൺഗ്രസിൽ ഇത്തരം കാര്യങ്ങൾ സാധാരണ ഉണ്ടാവുന്നതാണെന്ന് മുല്ലപള്ളി പറഞ്ഞു. പ്രശ്നങ്ങളെല്ലാം പരിഹരിക്കും. കണ്ണൂരിലെ പ്രവർത്തകരുടെ അതൃപ്തി ഉമ്മൻ ചാണ്ടി ഇടപെട്ട് ഇന്നുതന്നെ പരിഹരിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. മുല്ലപ്പള്ളിയെ പിന്തുണച്ച് വി ഡി സതീശനും രംഗത്തെത്തി. കെ സുധാകരൻ മത്സരിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. അതേസമയം മത്സരിക്കാനുള്ള സാധ്യത തള്ളാൻ സുധാകരനും തയ്യാറായിട്ടില്ല.
അതേസമയം ധർമടത്ത് കെ.സുധാകരൻ തന്നെ വേണമെന്ന് നിർബന്ധമില്ലെന്ന് കെ.മുരളീധരൻ. കൈപ്പത്തി ചിഹ്നത്തിൽ തന്നെ മൽസരിക്കണോ എന്ന് നേതൃത്വം തീരുമാനിക്കണം. തൂക്കം നോക്കി ശക്തനോ ദുർബലനോ എന്ന് തീരുമാനിക്കാനാകില്ലെന്നും ധർമടത്തെ സ്ഥാനാർത്ഥിത്വത്തിൽ ഇന്നുതന്നെ തീരുമാനം പ്രതീക്ഷിക്കുന്നതായും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം ഡിസിസി ജനറൽ സെക്രട്ടറി കെ.രഘുനാഥിനെ മൽസരിപ്പിക്കണമെന്ന് ഡിസിസി ആവശ്യപ്പെട്ടു. ഡിസിസി നിലപാടിനോട് കെപിസിസി നേതൃത്വത്തിന് കടുത്ത എതിർപ്പാണുള്ളത്. മുഖ്യമന്ത്രിക്കെതിരെ ശക്തനായ സ്ഥാനാർത്ഥി വരാത്തത് തെറ്റായി വ്യാഖാനിക്കപ്പെടുമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്.
ഇന്നലെ കെ സുധാകരൻ മത്സരിക്കുമെന്ന വാർത്തകൾ വന്നിരുന്നു. അതേസമയം ധർമ്മടത്ത് മത്സരിക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കെ.സുധാകരൻ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. സി.രഘുനാഥിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.സുധാകരൻ ഇന്നലെ വ്യക്തമാക്കയിരുന്നു.
വാളയാർ പെൺകുട്ടികളുടെ മാതാവിന് പിന്തുണ നൽകാൻ ആലോചിച്ചിരുന്നു, എന്നാൽ പ്രാദേശിക എതിർപ്പിനെ തുടർന്നാണ് അത് ഉപേക്ഷിച്ചതെന്നും കെ.സുധാകരൻ പറഞ്ഞു. സംസ്ഥാനത്ത് ധർമ്മടം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. ഇവിടെ ഫോർവേർഡ് ബ്ലോക്കിന്റെ ദേശീയ സെക്രട്ടറി ജി.ദേവരാജന്റെ പേരാണ് യുഡിഎഫ് പരിഗണിച്ചിരുന്നത്. എന്നാൽ മത്സരിക്കാൻ ദേവരാജൻ തയ്യാറായില്ല. കെപിസിസി എന്ത് നിലപാടെടുക്കും എന്നത് നിർണായകമാകും. ധർമ്മടത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.
യുഡിഎഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനെതിരെ കഴിഞ്ഞ ദിവസം കെ.സുധാകരൻ പരസ്യമായി രംഗത്തു വന്നിരുന്നു. കെ.സി.വേണുഗോപാലും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇഷ്ടക്കാരെ സ്ഥാനാർത്ഥി പട്ടികയിൽ തള്ളിക്കയറ്റുകയാണ് ചെയ്തതെന്നും ഈ പട്ടികയിൽ യാതൊരു പ്രതീക്ഷയുമില്ലെന്നും കെ.സുധാകരൻ പറഞ്ഞിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവൃത്തികൾ തീർത്തും മോശമായിരുന്നുവെന്നും ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും സുധാകരൻ പറഞ്ഞു. സ്ഥാനാർത്ഥി പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്നും സുധാകരൻ തുറന്നടിച്ചു. ജയസാധ്യത നോക്കാതെയാണ് പലർക്കും അവസരം നൽകിയത്. തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ലെന്നും കെ.സുധാകരൻ ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ