തിരുവനന്തപുരം: തർക്കങ്ങൾക്ക് ശേഷം കോൺഗ്രസിന്റെ നിലപാട് പ്രഖ്യാപിച്ചു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പ്രവർത്തനത്തിലും സമീപനത്തിലും അടിമുടിമാറ്റം വരുത്തി ജനങ്ങളിലേക്കും പ്രക്ഷോഭപാതയിലേക്കും കോൺഗ്രസ് ഒറ്റക്കെട്ടായി ഇറങ്ങുമെന്ന് സുധാകരൻ വ്യക്തമാക്കി. ഡി.സി.സി പ്രസിഡന്റുമാർക്കായി കെപിസിസി സംഘടിപ്പിച്ച ദ്വിദിന ശിൽപശാല നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തിലിരിക്കുന്ന കോൺഗ്രസിനേക്കാൾ പതിന്മടങ്ങ് ശക്തരാണ് പ്രതിപക്ഷത്തുള്ള കോൺഗ്രസ്. ശത്രുക്കളെ ഒരേ സമയം നേരിടാൻ നമുക്ക് ശക്തിയുണ്ട്. എന്നാൽ നമുക്കിടയിൽ വിള്ളൽ വരുത്തി പാർട്ടിയെ ദുർബലപ്പെടുത്താനാണ് ശത്രുക്കൾ ശ്രമിക്കുന്നത്. അത്തരം കെണിയിൽ വീഴാതെ നോക്കാൻ കോൺഗ്രസ് പ്രവർത്തകർ കൂട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറുമായി സന്ധി ചെയ്താണ് സിപിഐഎം പ്രവർത്തിക്കുന്നത്. പരസ്പരസഹായത്തിലാണ് അവർ മുന്നോട്ട് പോകുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.

അധികാരം നിലനിർത്താനുള്ള തന്ത്രം മെനയുകയാണ് സിപിഐഎം. രണ്ടുകൂട്ടരെയും ജനമധ്യത്തിൽ തുറന്നുകാട്ടാനുള്ള അവസരമാണ് നമുക്ക് മുന്നിലുള്ളത്. അതിനായുള്ള തയ്യാറെടുപ്പുകൾ നടന്നു വരുന്നു. ജനങ്ങളുമായി ചേർന്നു നിൽക്കുന്ന പ്രവർത്തന ശൈലിയാണ് നാം സ്വീകരിക്കേണ്ടതെന്നും സുധാകരൻ പറഞ്ഞു.

സംശുദ്ധമായ പൊതുജീവിതമായിരിക്കണം കോൺഗ്രസ് നേതാക്കളുടെ മുഖമുദ്ര. അതിലൂടെ പുതുതലമുറയെ കോൺഗ്രസിലേക്ക് ആകർഷിക്കാൻ കഴിയണം. പൊതുപ്രവർത്തകൻ സമൂഹത്തിന് മാതൃകയാകണം. വെല്ലുവിളികളെ അതിജീവിച്ചു മൂന്നോട്ട് പോകാൻ നമുക്ക് കഴിയണം. കോൺഗ്രസിന്റെ തകർച്ച രാഷ്ട്രീയ എതിരാളികൾ പോലും ആഗ്രഹിക്കുന്നില്ല. നമ്മുടെ പോരായ്മകൾ നാം തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു.

അതിനുള്ള പരിഹാരങ്ങളും ആരംഭിച്ചു കഴിഞ്ഞു. ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. നേതാക്കൾക്ക് അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും പറയാനും പരിഹാരം കാണാനും കഴിയുന്നതാവാനാണ് താൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. ഒരാൾ പോലും പരിധി വിട്ടുപോകരുതെന്നാണ് തന്റെ ആഗ്രഹമെന്നും സുധാകരൻ പറഞ്ഞു.