കോഴിക്കോട്: കെ.പി. അനിൽ കുമാറിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി കോൺഗ്രസ്. അനിൽ കുമാറിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകും. ആളുകളെ കൊല്ലാനിറങ്ങിയാൽ സുധാകരനെ തല്ലിക്കൊല്ലാൻ ഇവിടെ ആളുകളുണ്ടെന്ന് കെ.പി.അനിൽകുമാർ പറഞ്ഞിരുന്നു.'ഒരു കാര്യം ഞാൻ സുധാകരനോട് പറയാൻ ആഗ്രഹിക്കുന്നു. സുധാകരൻ പറയുന്നു എന്റെ കുട്ടികളെ ഞാൻ അയച്ചു. ആർക്കെതിരെ, എസ്.എഫ്.ഐക്കാരനെ കുത്തി മലർത്താൻ.

സുധാകരാ, കോൺഗ്രസുകാരനായി പ്രവർത്തിക്കാമെങ്കിൽ ഈ കേരളത്തിൽ രാഷ്ട്രീയം നടത്താം. അതല്ല പേപ്പട്ടിയെ പോലെ ആളുകളെ ഉപദ്രവിച്ച് റോഡിലൂടെ നടക്കുകയാണെങ്കിൽ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ സുധാകരനെ കൈകാര്യം ചെയ്യാൻ ആണുങ്ങളുണ്ട് കേരളത്തിലെന്ന് തിരിച്ചറിയാൻ സുധാകരന് സാധിക്കണം. കൊലകൊല്ലിയെ പോലെ ആർത്തട്ടഹിച്ചാണ് സുധാകരനിവിടെ നടക്കുന്നതെങ്കിൽ, ആ കൊലകൊല്ലിയുടെ കൊമ്പ് കേരളത്തിന്റെ മണ്ണിൽ കുത്തിക്കാനുള്ള ചങ്കൂറ്റവും ഉശിരുമുള്ള കുട്ടികളാണ് ഇവിടെ ഇരിക്കുന്നതെന്ന് തിരിച്ചറിയാൻ സുധാകരന് സാധിക്കണം,' എന്ന് അനിൽ കുമാർ പറഞ്ഞിരുന്നു.

അതേസമയം പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ സുധാകരന്റെ പ്രസ്താവനക്കെതിരെ ടി.ജെ. വിനോദ് എംഎ‍ൽഎ പ്രതികരിച്ചു. സുധാകരന്റെ നിഴൽ കണ്ടപ്പോൾ തന്നെ പേടിച്ചു പാർട്ടി വിട്ടോടിയവനാണ് കെ.പി. അനിൽകുമാറെന്ന് അദ്ദേഹം പരിഹസിച്ചു. 'അനിലേ... വല്ലവരുടെയും തണലിൽ കുരയ്ക്കൻ നിലപാടില്ലാത്ത ആർക്കും പറ്റും. ആവേശത്തിൽ മൈക്ക് പിടിച്ചു വെല്ലുവിളിക്കാനല്ലാതെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നിഴൽ കണ്ടപ്പോൾ തന്നെ പേടിച്ചു പാർട്ടി വിട്ടോടിയവർക്ക് വേറെന്ത് ചെയ്യാൻ പറ്റും,' ടി.ജെ. വിനോദ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

തന്റെ കുട്ടികൾ രണ്ടും കൽപിച്ച് ഇറങ്ങിയിരിക്കുകയാണെന്നും ധീരജിന്റേത് ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണെന്നുമുള്ള സുധാകരന്റെ വാക്കുകൾക്ക് മറുപടിയായിരുന്നു അനിൽകുമാർ ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ കലാലയങ്ങളിൽ എസ്.എഫ്.ഐ- ഡിവൈഎഫ്ഐ സംയുക്തമായുണ്ടാക്കിയ കലാപത്തിന്റെ രക്തസാക്ഷിയാണ് ധീരജ്. ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേത്. അതിലവർക്ക് ദുഃഖമല്ല ആഹ്ലാദമാണ്, എന്നായിരുന്നു സുധാകരൻ പറഞ്ഞത്.

ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ വോട്ട് എണ്ണി നോക്കിയാൽ അവിടേയും കെ.എസ്.യു തന്നെ ജയിക്കുമെന്നും അതില്ലാതാക്കാൻ കോളേജ് ഹോസ്റ്റൽ കേന്ദ്രീകരിച്ച് പുറത്തുള്ള ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. സുധാകരനെ ന്യായീകരിച്ച് രാജ് മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തിയിരുന്നു. സുധാകരൻ കണ്ണൂർ ശൈലിയിൽ കാര്യം പറയുകയായിരുന്നു എന്നാണ് ഉണ്ണിത്താൻ പറഞ്ഞത്. ധീരജിന്റെ കൊലപാതകത്തെ അപലപിക്കുന്നുവെന്നും ഉണ്ണിത്താൻ പറഞ്ഞു.

അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റേയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ധീരജിന്റെ കൊലപാതകത്തിന് പിന്നാലെയുള്ള രാഷ്ട്രീയ സംഘർഷങ്ങളെ മുൻനിർത്തിയാണ് തീരുമാനം. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവികൾക്ക് പൊലീസ് ആസ്ഥാനത്ത് നിന്ന് രേഖാമൂലം നിർദ്ദേശം നൽകി. കെ. സുധാകരന് നിലവിലുള്ള ഗൺമാന് പുറമേ കമാന്റോ ഉൾപ്പെടെയുള്ള സുരക്ഷയൊരുക്കണം. കെപിസിസി പ്രസിഡന്റ് പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളിൽ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷണം ഏർപ്പെടുത്തണം. സുധാകരന്റെ വീടിന് പൊലീസ് കാവൽ നൽകണം തുടങ്ങിയ സുരക്ഷ നിർദേശങ്ങളാണ് ഇന്റലിജൻസ് മുന്നോട്ട് വെച്ചത്.