- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തന്റെ മനസ്സ് കല്ലോ ഇരുമ്പോ അല്ല... ധീരജിന്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് താൻ പറഞ്ഞിരുന്നു; ആര് കുത്തി?. ധീരജ് മരിച്ചതിന്റെ ഉത്തരവാദിത്തം കെ എസ് യുവിന്റെ, കോൺഗ്രസിന്റെ പുറത്ത് എങ്ങനെ വന്നു? അക്രമത്തെയും മരണത്തെയും മുഖാമുഖം കണ്ട രാഷ്ട്രീയക്കാരനാണ് താനും: വിമർശനങ്ങൾ ചെറുത്ത് കെ സുധാകരൻ
തിരുവനന്തപുരം: ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ താൻ ദുഃഖം രേഖപ്പെടുത്തിയില്ല എന്നു പറയുന്നത് ക്രൂരമാണെന്ന് കെപിസി അധ്യക്ഷൻ കെ സുധാകരൻ. തന്റെ മനസ്സ് കല്ലോ ഇരുമ്പോ അല്ല. സംഭവത്തിന്റെ പിറ്റേന്ന് കൊല്ലത്തുവെച്ച് ധീരജിന്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് താൻ പറഞ്ഞിരുന്നു. എന്നാൽ ഏതെല്ലാം മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്തു എന്നറിയില്ല.
ധീരജ് എന്ന ചെറുപ്പക്കാരന്റെ മരണം വേദനാജനകമാണ്. കുടുംബത്തിന്റെ വേദന മനസ്സിലാക്കുന്നു. ധീരജിന്റേത് കോൺഗ്രസ് കുടുംബമാണ്. ആ കുടുംബത്തെ തള്ളിപ്പറയില്ല. ആ വീട്ടിൽ പോകണമെന്നുണ്ട്. പക്ഷെ സാധിക്കില്ല. താൻ അവിടെ പോയാൽ അതിന്റെ ദുരന്തം അനുഭവിക്കേണ്ടി വരിക ധീരജിന്റെ കുടുംബമാണെന്ന് കെ സുധാകരൻ പറഞ്ഞു.
ഇത്രയും സങ്കടകരമായ വിവരം കണ്ണൂരിൽ അറിഞ്ഞപ്പോൾ, ധീരജിന്റെ ശവകുടീരം കെട്ടിപ്പൊക്കാനുള്ള എട്ടു സെന്റ് സ്ഥലം വാങ്ങാനുള്ള തിരക്കിലായിരുന്നു സിപിഎം. വീട്ടുകാർ സമ്മതിച്ചോ എന്നറിയില്ല, വീട്ടുകാരുടെ അഭിലാഷം വീട്ടുപറമ്പിൽ വെക്കണമെന്നായിരുന്നു തനിക്ക് കിട്ടിയ വിവരം. പക്ഷെ എവിടെ വെക്കണമെന്ന് തീരുമാനിച്ചത് പാർട്ടിയാണ്, ധീരജിന്റെ അച്ഛനും അമ്മയുമല്ല. ധീരജ് കോളജ് ക്യാംപസിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്കു വന്ന ചെറുപ്പക്കാരനാണ്.
വീട്ടുപറമ്പിൽ വെക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടിട്ടും എട്ടു സെന്റ് സ്ഥലം വില കൊടുത്തുവാങ്ങി ശവകുടീരം കെട്ടിപ്പൊക്കിയ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ മനസ്സ് തിരിച്ചറിയണം. ധീരജിന്റെ രക്തസാക്ഷിത്വം പാർട്ടി ആഘോഷമാക്കുകയായിരുന്നു. അവിടെ മാത്രമല്ല ആഘോഷമുണ്ടായത്. തിരുവാതിര കളി കൊണ്ട് പിണറായി വിജയനെ ഉയർത്തിയില്ലേ. പാർട്ടി അഖിലേന്ത്യാ നേതാവു കൂടി പങ്കെടുത്ത പരിപാടി നാട്ടുകാരല്ല നടത്തിയത്, സിപിഎമ്മുകാരാണ്.
ധീരജിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി ഇടുക്കി മെഡിക്കൽ കോളജിൽ കിടത്തിയപ്പോൾ, മൃതദേഹത്തിന് അരികിൽ പൊട്ടിച്ചിരിച്ച് ആസ്വദിച്ച് സംസാരിച്ചു നിൽക്കുന്ന എംഎം മണിയുടെ ചിത്രം നാമെല്ലാം മാധ്യമങ്ങളിലൂടെ കണ്ടു. ആ ചെറുപ്പക്കാരന്റെ മൃതദേഹത്തിന് മുന്നിൽ പൊട്ടിച്ചിരിക്കാൻ സാധിക്കുന്ന എംഎം മണി 'ദയാലുവായ മഹാനുഭാവൻ' ആണെന്ന് കെ സുധാകരൻ പരിഹസിച്ചു.
അതേമയം സംഭവത്തിൽ കെപിസിസി പ്രസിഡന്റായ തന്നെ പ്രതിക്കൂട്ടിൽ കയറ്റാനുള്ള ഗൂഢാലോചന എന്തുദ്ദേശിച്ചാണെന്ന് അറിയില്ല. തനിക്ക് അതിൽ ആശങ്കയോ ഭയപ്പാടോ ഇല്ല. താനിതൊക്കെ ഒരുപാട് കണ്ട് തഴമ്പിച്ചു വന്ന രാഷ്ട്രീയക്കാരനാണ്. സിപിഎമ്മിന്റെ എല്ലാ കുടില തന്ത്രങ്ങൾക്കുമുമ്പിലും നെഞ്ചുവിരിച്ചുനിന്ന് അതിനെ അതിജീവിച്ചവനാണ്. അഗ്‌നിപരീക്ഷ കടന്ന്, കടലു കടന്ന്, തിരമാല നീന്തിക്കടന്ന്, അക്രമത്തെയും മരണത്തെയും മുഖാമുഖം കണ്ട്, അതിനെയും മറികടന്ന് ജീവിക്കുന്ന രാഷ്ട്രീയക്കാരനാണ് താനെന്നും കെ സുധാകരൻ പറഞ്ഞു.
അക്രമത്തിൽ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുധാകരൻ പ്രതിരോധിച്ചു. ഇടുക്കി എഞ്ചിനീയറിങ്ങ് കോളജിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം എത്ര സംഘർഷങ്ങളാണ് ഉണ്ടായതെന്ന് മാധ്യമങ്ങൾ അന്വേഷിച്ചിട്ടുണ്ടോ?. കെഎസ് യുക്കാർക്ക് ക്യാംപസിൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. വനിതാ കെഎസ് യു പ്രവർത്തകരെ വരെ ഭയപ്പെടുത്തി. ഇതേത്തുടർന്ന് ക്യാംപസിലെ കെഎസ് യുക്കാരെ സഹായിക്കാനായി പ്രാദേശിക യൂത്ത് കോൺഗ്രസ് പ്രവർത്തകർ വന്നിട്ടുണ്ട് എന്നത് സത്യമാണ്.
അത് കെഎസ് യുവിന്റെ കുട്ടികൾക്ക് സംരക്ഷണം നൽകാനാണ്, അല്ലാതെ എസ് എഫ്ഐ കുട്ടികളെ തല്ലാനോ കൊല്ലാനോ അല്ല. സംഭവദിവസം കോളജിന് പുറത്തുനിന്ന കെ എസ് യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പുറത്തുനിന്നെത്തിയ ഡിവൈഎഫ്ഐക്കാർ തല്ലിയോടിച്ചു. മുഖ്യപ്രതിയായ നിഖിൽ പൈലിയെ ഏതാണ്ട് 300 മീറ്ററോളം ഓടിച്ചു. ഇക്കാര്യം കൈരളി ചാനൽ നൽകിയിട്ടുണ്ട്. അവൻ ഓടി, ഞങ്ങൾ പുറകേ ഓടി. ധീരജ് വീഴുന്നതു കണ്ടു. പക്ഷെ കുത്തുന്നത് കണ്ടില്ല. ഇടി കൊണ്ടു വീണതാണെന്ന് കണ്ടില്ലെന്നാണ് ഒപ്പമുണ്ടായിരുന്ന കുട്ടികൾ മൊഴി നൽകിയത്.
കുത്തിയത് ആരാണെന്ന് ആ കുട്ടികൾക്ക് പോലും പറയാൻ പറ്റുന്നില്ല. ആര് കുത്തി?. ധീരജ് മരിച്ചതിന്റെ ഉത്തരവാദിത്തം കെ എസ് യുവിന്റെ, കോൺഗ്രസിന്റെ പുറത്ത് എങ്ങനെ വന്നുവെന്ന് കെ സുധാകരൻ ചോദിച്ചു. ധീരജ് കുത്തുകിട്ടി വീണപ്പോൾ പൊലീസ് ആശുപത്രിലെത്തിക്കാൻ കൂട്ടാക്കിയില്ല. എന്തുകൊണ്ടാണത്. പൊലീസ് മടുത്തിട്ടാണ്. വിരട്ടാനും തുരത്താനും നിരവധി വട്ടം ശ്രമിച്ചിട്ടും മാറാത്ത എസ്എഫ്ഐ പ്രവർത്തകരോട് പൊലീസുകാരുടെ മനസ്സിലുണ്ടായ ക്ഷോഭമാകാം കാരണമെന്ന് സുധാകരൻ പറഞ്ഞു. എന്തായാലും അത് തെറ്റാണ്. താനതിനെ അനുകൂലിക്കില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ