തിരുവനന്തപുരം: ഇസ്ലാമോഫോബിയയുടെ കാലത്ത് കോൺഗ്രസ് മുസ്ലിം ലീഗിനോടുള്ള സാഹോദര്യം ദൃഢമാക്കുമെന്ന് കെപിസിസി അധ്യക്ഷനായി നിയോഗിക്കപ്പെട്ട കെ സുധാകരൻ. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ സന്ദർശിച്ച ശേഷമായിരുന്നു കെ സുധാകരന്റെ പ്രതികരണം. ഫേസ്‌ബുക്ക് പോസ്റ്റിലാണ് സുധാകരൻ നിലപാട് വ്യക്തമാക്കിയത്. ഫേസ്‌ബുക്കിലൂടെയാണ് കുഞ്ഞാലിക്കുട്ടിയെ കണ്ട വിവരം സുധാകരൻ അറിയിച്ചത്.

യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ് മുസ്ലിം ലീഗ്. പച്ച നിറവും, മുസ്ലിം എന്ന പേരും കേൾക്കുമ്പോൾ ഇടതുപക്ഷത്തിന് പോലും സമനില തെറ്റുന്ന ഇസ്ലാമൊഫോബിയയുടെ കാലത്ത് കോൺഗ്രസ് മുസ്ലിം ലീഗിനോടുള്ള സാഹോദര്യം ദൃഢമാക്കുക തന്നെ ചെയ്യും. സമൂഹത്തിൽ വളർന്നു വരുന്ന വർഗീയതയെ ഒന്നിച്ചു നിന്ന് നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

രാവിലെ കെപിസിസി ആസ്ഥാനത്തെത്തി മുല്ലപ്പള്ളി രാമചന്ദ്രനെ സന്ദർശിച്ചതിന് പിന്നാലെയാണ് കെ സുധാകരൻ കുഞ്ഞാലിക്കുട്ടിയെ കണ്ടത്. മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനാണ് അദ്ദേഹത്തെ ഇന്ദിരാഭാവനിലേക്ക് സ്വാഗതം ചെയ്തത്. കെപിസിസി അധ്യക്ഷ സ്ഥാനം വലിയ വെല്ലുവിളിയാണെന്നും ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുകയാണെന്നുമാണന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. ഗ്രൂപ്പിനതീതമായി എല്ലാവരെയും ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടു പോവാൻ കഴിയുമെന്നാണ് വിശ്വാസമെന്നും കെ സുധാകരൻ പറഞ്ഞിരുന്നു. നിയമസഭയിലെത്തി പ്രതിപക്ഷ എംഎൽഎമാരെയും സുധാകരൻ സന്ദർശിച്ചു.

അതേസമയം, കെ സുധാകരൻ ഇന്ന് ഔദ്യോഗിക ചുമതലയേൽക്കില്ല. കണ്ണൂർ സന്ദർശനത്തിന് ശേഷമായിരിക്കും അധ്യക്ഷ പദവി ഏറ്റെടുക്കുക.