- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അക്രമം സിപിഎം നേതാക്കളുടെ അറിവോടെ; ബിജെപി കയ്യുംകെട്ടി നോക്കിനിൽക്കില്ല; അക്രമികളെ കൺമുന്നിൽ കിട്ടിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ല; സമാധാന യോഗം വെറും പ്രഹസനം; സംസ്ഥാനത്ത് പോസ്റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേട് നടന്നെന്നും കെ സുരേന്ദ്രന്റെ ആരോപണം
പത്തനംതിട്ട: തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന വ്യാപകമായി സിപിഎം അതിക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം നേതാക്കളുടെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. എസ്ഡിപിഐ അടക്കമുള്ള സംഘടനകളുടെ സഹായം സിപിഎമ്മിന് കിട്ടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അക്രമങ്ങൾ തടയുന്നതിൽ പൊലീസ് നിഷ്‌ക്രിയമാണ്. അക്രമികളെ കയ്യിൽ കിട്ടിയിട്ടു പോലും നടപടി എടുക്കുന്നില്ല. പൊലീസ് നിഷ്‌ക്രിയമായി ഇരുന്നാൽ കയ്യും കെട്ടി നോക്കി ഇരിക്കാൻ ബിജെപിയെ കിട്ടില്ലെന്നും ശക്തമായ ഇടപെടലുണ്ടാകുമെന്നും കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകുന്നു.
സംസ്ഥാനത്ത് പോസ്റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേട് നടന്നെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സുതാര്യത ഉറപ്പാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബൂത്ത് ലെവൽ ഓഫീസർമാരെ വച്ച് അട്ടിമറിക്ക് സിപിഎം ശ്രമിക്കുകയാണ്. പോസ്റ്റൽ ബാലറ്റ് എത്ര എണ്ണം ഉണ്ട്. എത്ര പോൾ ചെയ്തു. എത്ര ശതമാനം. കമ്മിഷൻ സമാഹരിച്ചത് സമാഹരിക്കാത്തത് ഇനം തിരിച്ചു സ്ഥാനാർത്ഥികൾക്ക് നൽകണം. പോസ്റ്റൽ ബാലറ്റ് കൈകാര്യം ചെയ്യാൻ സിപിഎം പ്രത്യേക സംഘടന സംവിധാനം ഉണ്ടാക്കിയെന്നും കെ സുരേന്ദ്രൻ ആക്ഷേപം ഉന്നയിച്ചു.
നേരത്തെ പാനൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വിളിച്ചുചേർത്ത സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചിരുന്നു. മൻസൂർ വധക്കേസിൽ പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് നേതാക്കൾ യോഗം ബഹിഷ്‌കരിച്ചത്. കൊലപാതകം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും നാട്ടുകാർ പിടികൂടി കൈമാറിയ പ്രതിയെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും മറ്റുപ്രതികളെ പിടികൂടാത്തത് പ്രതിഷേധാർഹമാണെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
പൊലീസിൽനിന്ന് നീതി ലഭിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല. കൊലക്കേസിലെ പ്രതികളെ പിടികൂടാതെ സിപിഎം ഓഫീസുകൾ ആക്രമിച്ചെന്ന് പറഞ്ഞ് ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിക്കുകയാണ്. പൊലീസ് ജീപ്പിലിട്ടും സ്റ്റേഷനിൽവെച്ചും ലീഗ് പ്രവർത്തകരെ മർദിച്ചു. വ്യാഴാഴ്ച എസ്.എസ്.എൽ.സി. പരീക്ഷ എഴുതേണ്ട കുട്ടിയെ പോലും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട മൻസൂറിന്റെ മയ്യിത്ത് നിസ്‌കാരത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഈ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കെഞ്ചിപറഞ്ഞിട്ടും കുട്ടിയെ വിട്ടയച്ചില്ലെന്നും യുഡിഎഫ് നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ