- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയെ തകർക്കാൻ സർക്കാറിന് വേണ്ടി മോൻസൺ മാവുങ്കൽ പ്രവർത്തിച്ചു; സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാൻ മാധ്യമങ്ങളെ കൂട്ടുപിടിച്ചു; സിപിഎം മുഖപത്രത്തിലും ചെമ്പോല രേഖ ഉപയോഗിച്ച് പ്രചരണം നടന്നു; നടന്നത് വലിയ ഗൂഢാലോചന; സർക്കാറിനെതിരെ കെ സുരേന്ദ്രൻ
കോഴിക്കോട്: ശബരിമലയെ തകർക്കാൻ പിണറായി സർക്കാരിന് വേണ്ടി പുരാവസ്തു വിൽപ്പനയുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൻ മാവുങ്കൽ പ്രവർത്തിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു വിഭാഗത്തിന്റെ വിശ്വാസം തകർക്കാൻ ഉണ്ടാക്കിയ വ്യാജനിർമ്മിതി സർക്കാരിന് വേണ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് ഗൗരവതരമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി.
സർക്കാരിന്റെ ഇടപെടൽ നടന്നതിനാൽ ചെമ്പോല തിട്ടൂരത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാനും ജാതികലഹമുണ്ടാക്കാനും മാധ്യമങ്ങളെ കൂട്ടുപിടിച്ച് ശ്രമിച്ചത് ചെറിയ കാര്യമല്ല. ഇതിന്റെ പിന്നിൽ വലിയ ഗൂഢാലോചനയാണ് നടന്നത്. ക്രമിനൽ കുറ്റമാണ് നടന്നിരിക്കുന്നത്. ഇത് എന്തിന് വേണ്ടിയാണ് ചെയ്തതെന്ന് സിപിഎം വ്യക്തമാക്കണം. സിപിഎമ്മിന്റെ മുഖപത്രത്തിൽ ഈ ചെമ്പോല രേഖ ഉപയോഗിച്ച് പ്രചരണം നടന്നിരുന്നു.
ശബരിമല വിശ്വാസികളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ ബിജെപി വലിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകും. പുരാവസ്തു തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രി സംസാരിക്കാത്തത് മോൻസന്റെ ആളുകൾ അദ്ദേഹത്തിന് വേണ്ടപ്പെട്ടവരായതു കൊണ്ടാണ്. അധികാരസ്ഥാനങ്ങളിലെ ഉന്നതബന്ധം ഉപയോഗിച്ചാണ് മോൻസൻ സർവതട്ടിപ്പുകളും നടത്തിയത്. കെ.സുധാകരൻ സുഖചികിത്സയ്ക്ക് വേണ്ടി മാത്രമാണോ മോൻസന്റെ അടുത്ത് പോയതെന്ന് ജനങ്ങൾക്ക് അറിയണം.
സുധാകരനെതിരെ അന്വേഷണം വേണ്ടായെന്നാണ് സർക്കാരിന്റെ സിപിഎമ്മിന്റെയും നിലപാട്. ഇത് പ്രതിപക്ഷവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമാണ്. സർക്കാരിന്റെ ഒത്താശയോടെയാണ് കേരളത്തിൽ എല്ലാ തട്ടിപ്പുകളും നടക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി. രമേശും വിഷയത്തിൽ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. മോൺസൻ മാവുങ്കൽ വ്യാജമായ ചെമ്പോല തകിട് ഉണ്ടാക്കിയത് ശബരിമല ക്ഷേത്രത്തെ തകർക്കുക എന്ന ലക്ഷ്യത്തിലായിരുന്നു.
ശബരിമല പ്രക്ഷോഭത്തിൽ ഒരുമിച്ച് നിന്ന കേരളത്തിലെ ഹിന്ദു സമൂഹത്തിലെ വിശ്വാസികളുടെ ഭാഗത്ത് വിള്ളലുണ്ടാക്കി സാമുദായിക സംഘർഷങ്ങൾ ഉണ്ടാക്കുക എന്നതായിരുന്നു ഈ രേഖ സൃഷ്ടിച്ചവരുടെ ലക്ഷ്യം. മോൺസന്റെ തുറന്നുപറച്ചിലോടെ ഗൂഢാലോചന പുറത്ത് വരികയാണ്. ഗൂഢാലോചന നടത്തിയവരെ കണ്ടെത്താൻ ഉന്നതതല അന്വേഷണം നടത്തണമെന്നും എം ടി രമേശ് അവശ്യപ്പെടുകയുണ്ടായി.
ശബരിമലയുടെ അസ്തിത്ത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള രേഖയാണ്, ശബരിമല പ്രക്ഷോഭത്തെ അട്ടിമറിക്കാനുള്ള ഒരു ഉപാധിയാക്കി ന്യൂസ് ട്വന്റി ഫോർ ചാനൽ പുറത്ത് വിട്ടത്. മറ്റെല്ലാം രേഖകളും സാമ്പത്തിക ലാഭത്തിനു വേണ്ടി കെട്ടിപ്പടുത്തവയാണ്. എന്നാൽ ഇങ്ങനെ ഒരു വ്യാജരേഖ നിർമ്മിതിക്ക് പുറകിൽ സാമ്പത്തികലാഭം മാത്രമായിരുന്നില്ല, അതിനപ്പുറത്ത് ഇടത് ജിഹാദി അജണ്ട ഉണ്ടായിരുന്നു. ആ അജണ്ടയുടെ താളത്തിനൊത്ത് തുള്ളുകയാണ് മറ്റുള്ളവർ ചെയ്തത്.
മുഖ്യമന്ത്രിയടക്കം ഈ വ്യാജരേഖയിലെ കാര്യങ്ങൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചു. ഭരണകൂടം പോലും വ്യാജ രേഖയുടെ പുറകെ നടന്ന് കോടിക്കണക്കിനു വിശ്വാസികളെ വെല്ലുവിളിക്കുകയും അവരെ അപമാനിക്കുകയുമാണ് ചെയ്തത്. ആ ഗുഢാലോചനയിൽ പങ്കാളികളാണ് മോൺസൺ മാവുങ്കലും ഇടതു ജിഹാദി സംഘടനകളും ഏറ്റെടുത്ത് മാധ്യമങ്ങളും സ്വാഗതം ചെയ്ത മുഖ്യമന്ത്രിയുമെല്ലാം.
എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇത്തരക്കാർക്ക് ഇടനിലക്കാർ ഉണ്ടാവുന്നത്. പൊലീസ് മേധാവി ഇത്തരം ആളുകളെ സംരക്ഷിക്കുന്നതും പ്രമുഖ രാഷ്ട്രീയനേതാക്കളുമായി ഇയാൾക്ക് ബന്ധമുണ്ടായത് എങ്ങനെയാണ്. ഇപ്പോൾ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് സത്യാവസ്ഥ പുറത്തു വരികയില്ല. കേന്ദ്ര ഏജൻസിയെ അന്വേഷണം ഏൽപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം ബിജെപി ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ