കണ്ണൂർ: ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് കണ്ണൂരിൽ ലഭിച്ചത് വീര പരിവേഷം. കണ്ണൂർ മജിസ്ട്രേട്ട് കോടതി സമുച്ചയത്തിലും പരിസരത്തും വൻ പൊലീസ് സുരക്ഷയാണ് കെ.സുരേന്ദ്രന് വേണ്ടി ഒരുക്കിയിരുന്നത്. രാവിലെ 10 മണിയോടെ തന്നെ ബിജെപി. ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ , യുവമോർച്ചാ സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു എളക്കുഴി, എന്നിവരെ കോടതി ഗേറ്റിൽ പൊലീസ് തടഞ്ഞതോടെ നേതാക്കളും പൊലീസും തമ്മിൽ വാക്കേറ്റം തുടങ്ങിയിരുന്നു. അതോടെ ഗേറ്റിന് പുറത്തുള്ള പ്രവർത്തകരും ആവേശത്തിലായി. ടൗൺ സിഐ. ഇടപെട്ട് നേതാക്കളെ കോടതി വളപ്പിലേക്ക് കൊണ്ടു പോയതോടെ രംഗം ശാന്തമായി. കെ.സുരേന്ദ്രൻ കണ്ണൂരിലെത്തുന്നു എന്ന വാർത്ത പുറത്ത് വന്നതോടെ കണ്ണൂരിൽ ഇന്ന് എന്തും സംഭവിക്കുമെന്ന ആശങ്ക പടർന്നു.

കോടതി ജാമ്യം അനുവദിച്ചില്ലെങ്കിൽ ബിജെപി. പ്രവർത്തകരുടെ പ്രതിഷേധം അതിരു കടക്കുമോ എന്ന ഭയമുണ്ടായി. കണ്ണൂരിനെ ഏറെ നേരം മുൾ മുനയിൽ നിർത്തിയായിരുന്നു സുരേന്ദ്രനെ കോടതിയിൽ ഹാജരാക്കിയത്. കോടതി ഗേറ്റിൽ ബിജെപി. പ്രവർത്തകരുടെ നാമജപവും സുരേന്ദ്രന് അനുകൂലമായ മുദ്രാവാക്യം വിളിയും ഉയർന്നു. കണ്ണൂരിൽ എന്തും സംഭവിക്കുമെന്ന അവസ്ഥയാണ് ഏറെ നേരെ അനുഭവപ്പെട്ടത്. കേരള രാഷ്ട്രീയത്തിൽ സുരേന്ദ്രൻ എന്ന നേതാവിന് ലഭിക്കുന്ന മൈലേജ് ഇതോടെ ഏറെ ഉയർന്നു.

കോടതി വളപ്പിലും ബിജെപി.യുടെ പ്രമുഖ നേതാക്കളും പ്രധാന പ്രവർത്തകരും എത്തിച്ചേർന്നിരുന്നു. ഒരു മണിക്കൂറോളം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരായ സുരേന്ദ്ര്ന് ജാമ്യം ലഭിച്ചുവെന്നറിഞ്ഞതോടെ നാമജപവും മുദ്രാവാക്യം വിളിയും കോടതി കവാടത്തിൽ ശക്തമായി. ഗേറ്റ് കടന്ന് പ്രവർത്തകർ അകത്ത് കടക്കുന്നത് തടയാൻ ലാത്തിയേന്തിയ പൊലീസുകാരും നിലയുറപ്പിച്ചിരുന്നു.

തലശ്ശേരി ഫസൽ വധക്കേസിൽ മാഹിയിലെ ബിജെപി. പ്രവർത്തകൻ സുബീഷിനെ ഡി.വൈ. എസ്. പി. മാരായ പി.പി. സദാനന്ദനും പ്രിൻസ് എബ്രഹാമും കസ്റ്റഡിയിലെടുത്ത് ആർ.എസ്. എസ്സുകാരാണ് വധിച്ചതെന്ന് മൊഴിയെടുത്തിരുന്നു. ഇത് പൊലീസ് ബോധപൂർവ്വം കെട്ടിച്ചമച്ചതാണെന്നാരോപിച്ച് ബിജെപി. പ്രവർത്തകർ കണ്ണൂർ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. ഈ മാർച്ച് ഉത്ഘാടനം ചെയയ്തത് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ.സുരേന്ദ്രനായിരുന്നു. ഉത്ഘാടന പ്രസംഗത്തിൽ കണ്ണൂർ ഡി.വൈ. എസ്‌പി. പി.പി. സദാനന്ദനേയും സിഐ. യേയും ഭീഷണിപ്പെടുത്തിയ കേസിലാണ് സുരേന്ദ്രൻ ഇന്ന് കോടതിയിൽ ഹാജരാകാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചത്. മജിസ്ട്രേട്ടിന് മുന്നിൽ ഹാജരായി മൊഴി നൽകി പിഴ അടക്കേണ്ട കേസിലാണ് ഇത്രയും സന്നാഹം ഏർപ്പെടുത്തിയത്.

ഈ കേസിൽ സമൻസ് അയച്ചിട്ടും സുരേന്ദ്രൻ കോടതിയിൽ ഹാജരായിരുന്നില്ല. ഇതിന്റെ കാരണം മജിസ്ട്രേട്ട് എം. സി. ആന്റണി ചോദിച്ചപ്പോൾ സമൻസ് ലഭിച്ചില്ലെന്നായിരുന്നു സുരേന്ദ്രൻ മൊഴി നൽകിയത്. ഇതേ തുടർന്ന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 117 ഇ. വകുപ്പു പ്രകാരമുള്ള കേസിൽ സാധാരണ ഗതിയിൽ 500 രൂപ പിഴയടച്ച് തീർപ്പാക്കുകയാണ് പതിവ്. എന്നാൽ സുരേന്ദ്രനെ കോടതിയിൽ ഹാജരാക്കാൻ ഒരു ഡി.വൈ. എസ്. പി. നാല് സിഐ. മാർ നിരവധി എസ്‌ഐ. മാർ 200 ലേറെ പൊലീസുകാർ എന്നിവർ വേണ്ടി വന്നു.

നിരവധി പൊലീസ് വാഹനങ്ങളും ഓടേണ്ടി വന്നു. ഒരു വക്കീലിന് വക്കാലത്ത് നൽകി തീർപ്പാക്കേണ്ട കേസിൽ സർക്കാർ ഖജനാവിൽ നിന്നും പണം ചോർന്നത് ഇങ്ങിനെ. ബിജെപി. സംസ്ഥാന സെക്രട്ടറി എം. ടി രമേശ്, സംസ്ഥാന സെൽ കൺവീനർ കെ. രഞ്ജിത്ത്, കണ്ണൂർ കാസർഗോഡ് ജില്ലാ പ്രസിഡണ്ടുമാരായ പി.സത്യപ്രകാശ്, കെ. ശ്രീകാന്ത് എന്നിവരും സന്നിഹിതരായിരുന്നു.