മലപ്പുറം: കനത്ത മഴ വകവെക്കാതെ മന്ത്രി ജലീലിന്റെ മലപ്പുറം വളാഞ്ചേരിയിലെ വീടിന് മുന്നിൽ പ്രതിഷേധപ്പെരുമഴ. വളാഞ്ചേരിയിലെ മന്ത്രി വസതിക്കുമുന്നിൽ എംഎസ്എഫും കെഎസ്‌യുയും പ്രതിഷേധ മാർച്ച് നടത്തിയതിന് പിന്നാലെ ബിജെപിയും പ്രതിഷേധ പ്രകടനവുമായി രംഗത്തുവന്നു. പിണറായിയുടെ മന്ത്രിസഭയിലെ തീവ്രവാദ - മാഫിയ പ്രതിനിധിയാണ് മന്ത്രി കെ.ടി.ജലീലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് രവിതേലത്ത് പറഞ്ഞു. സ്വർണ്ണക്കടത്തു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി കോട്ടക്കൽ നിയോജക മണ്ഡലം കമ്മറ്റി മന്ത്രിയുടെ വളാഞ്ചേരിയിലെ വസതിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടത് സർക്കാരിൽ നുഴഞ്ഞു കയറി കേരളത്തിലെ ഹവാല - സ്വർണ്ണക്കടത്ത് നടത്തി തീവ്രവാദ രാജ്യദ്രോഹപ്രവർത്തനത്തിന് ഭരണകൂട പരിരക്ഷ നൽകുകയാണ് അദ്ദേഹം ചെയ്യുന്നത്. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും അദ്ദേഹത്തിന്റെ അറിവോടെയുള്ള സഹായങ്ങൾ ഇത്തരം ശക്തികൾ ചെയ്തു കൊടുത്തിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇവരുടെ സംരക്ഷണം ജലീലിന് ലഭിക്കുന്നത് എന്നും കരുതേണ്ടിയിരിക്കുന്നു. കെ.ടി.ജലീലിനെതിരെ മുസ്ലിം ലീഗിന്റെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉയരാത്തതിൽ ദുരൂഹത യുണ്ട്. പണ്ടത്തെ വിരോധം ലീഗിന് ജലീലിനോട് ഇപ്പോഴില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ജലീലിനെതിരെ ഉയരുന്ന 'കുറ്റാരോപണം മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗിലുള്ള ചില കച്ചവടക്കാരായ നേതാക്കളിലേക്കാണ് എത്തുകയെന്നും, അത് താമസിയാതെ വെളിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ മന്ത്രിയുടെ വളാഞ്ചേരിയിലെ വസതിയിലേക്ക് മാർച്ച് നടത്തി,.മാർച്ച് ബിജെപി ജില്ലാ പ്രസിഡന്റ് രവിതേലത്ത് ഉദ്ഘാടനം ചെയ്തു.ബിജെപി കോട്ടക്കൽ നിയോജക മണ്ഡലം പ്രസിഡന്റ് സജിഷ് പൊന്മള അധ്യക്ഷത വഹിച്ചു,.ജില്ലാ സെക്രട്ടറി പി.പി ഗണേശൻ, ബാബു കാർത്തല, രജ്ഞിത്ത് കാടാമ്പുഴ, അഖിൽ കാർത്തിവേൽ, പി.പി സുരേഷ് എന്നിവർ പ്രസംഗിച്ചു. വളാഞ്ചേരി ടൗണിൽ നിന്നാരംഭിച്ച മാർച്ച് മന്ത്രിയുടെ വസതിക്ക് മുന്നിൽ പൊലീസ് തടഞ്ഞു.

തവനൂർ എംഎൽഎയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ കെ ടി ജലീലിനെ സ്വർണ്ണക്കള്ളക്കടത്ത് വിഷയത്തിൽ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മലപ്പുറത്തും പ്രതിഷേധം ശക്തമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വിവിധ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. മലപ്പുറം കുന്നുമ്മലിൽ എംഎസ്എഫ് പ്രവർത്തകർ കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടു അദ്ദേഹത്തിന്റെ കോലം കത്തിച്ച് പ്രതിഷേധം നടത്തി. സമാനമായ രീതിയിൽ കെഎസ്‌യുവും മലപ്പുറത്ത് ജില്ലാ ആസ്ഥാനത്ത് പ്രതിഷേധം നടത്തി. അതേസമയം കെ ടി ജലീലിന്റെ മലപ്പുറത്തെ വളാഞ്ചേരിയിലെ വസതിക്കുമുന്നിൽ എംഎസ്എഫും കെഎസ്‌യുയും പ്രതിഷേധം നടത്തി.

ഇതിന് പിന്നാലെ മന്ത്രിയുടെ തവനൂരിലെ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസും പ്രതിഷേധം നടത്തി. ജില്ലയിൽ പലയിടങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു എങ്കിലും മഴ പോലും വകവെക്കാതെയാണ് പ്രതിപക്ഷ രാഷ്ട്രീയ സംഘടനകൾ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയത്.