- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബസ്വത്തായ സ്‌കൂളിന്റെ മാനേജർ സ്ഥാനത്തെ ചൊല്ലി തർക്കം; കാർ തകർത്തുവെന്നാരോപിച്ച് നൽകിയ പരാതിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് തറഞ്ഞു കയറിയ വെടിയുണ്ട; പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീട്ടിൽ റെയ്ഡിന് ചെന്ന പൊലീസ് സംഘത്തെ തടഞ്ഞ് ജനീഷ് കുമാർ എംഎൽഎ; സ്ഥാനാർത്ഥിയാണ്, നടപടി പാടില്ലെന്ന് എംഎൽഎയുടെ താക്കീത്
പത്തനംതിട്ട: സ്‌കൂളിന്റെ നടത്തിപ്പ് ആർക്കായിരിക്കണമെന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കാർ തകർത്തുവെന്ന് ആരോപിച്ച് പൊലീസിൽ പരാതി. ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ കാറിൽ തറഞ്ഞു കയറിയ നിലയിൽ വെടിയുണ്ട കണ്ടെത്തി. പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീട്ടിൽ റെയ്ഡിനെത്തിയ പൊലീസിന് നേരെ കെയു ജനീഷ് കുമാർ എംഎൽഎ തട്ടിക്കയറി. ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന തങ്ങളുടെ പാർട്ടിക്കാരന് നേരെ പൊലീസ് കള്ളക്കേസ് എടുക്കാൻ ശ്രമിക്കുന്നുവെന്ന എംഎൽഎയുടെ വാദം പൊലീസ് തള്ളി. പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഉടമാവകാശത്തെ ചൊല്ലിയുള്ള തർക്കമാണ് വെടിവയ്പിൽ കലാശിച്ചിരിക്കുന്നത്.
ആക്ലേത്ത് കുടുംബം രൂപീകരിച്ച ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ് നേതാജി ഹയർ സെക്കൻഡറി സ്‌കൂൾ പ്രവർത്തിക്കുന്നത്. സ്‌കൂൾ മാനേജർ രവീന്ദ്രൻ പിള്ളയുടെ മകനും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ പ്രഫസറുമായസുനിൽ കുമാറിന്റെ പ്രമാടത്തെ വീടിന്റെ പോർച്ചിൽ കിടന്ന കാറിന്റെ പിൻഭാഗത്ത് ഒരു ദ്വാരം ഉണ്ടാക്കിയതിന് പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ കേസ് എടുത്തിരുന്നു. കാർ പരിശോധിച്ച ശേഷം ഫോറൻസിക് വിഭാഗം നൽകിയ റിപ്പോർട്ടിൽ കാറിന് പിന്നിലുള്ളത് വെറും ദ്വാരമല്ലെന്നും ഇത് വെടിയേറ്റതാണെന്നും പറയുന്നു. ദ്വാരത്തിനുള്ളിൽ വെടിയുണ്ടയുടെ സാന്നിധ്യവും കണ്ടെത്തി.
സുനിൽ കുമാറിന്റെ പിതൃസഹോദരൻ ഗോപിനാഥപിള്ളയുടെ മകനും നേതാജി എച്ച്എസ്എസ് മാനേജ്മെന്റ് അംഗവും ആയ രാജേഷ് എന്നയാളെ ആണ് ഈ കേസിൽ പ്രതിയായി പൊലീസ് സംശയിച്ചിരുന്നത്. ഇതേ സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന രാജേഷ് മൂന്നു വർഷം മുൻപ് വിആർഎസ് എടുത്തിരുന്നു. തുടർന്ന് സ്‌കൂൾ ഭരണം കൈയടക്കാൻ ശ്രമിക്കുന്നുവെന്നാണ് സുനിൽകുമാറിന്റെയും കുടുംബത്തിന്റെയും ആക്ഷേപം. രാജേഷും സഹോദരഃൻ സതീഷും ചേർന്ന് സ്‌കൂൾ മാനേജർ രവീന്ദ്രൻ പിള്ളയുമായി തർക്കം നിലനിൽക്കുന്നുണ്ട് ഇരുവരും ചേർന്ന് രവീന്ദ്രൻ പിള്ളയെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന സതീഷ് വാട്സാപ്പ് മുഖേനെയാണ് വധഭീഷണി മുഴക്കിയത്. രണ്ട് ദിവസത്തിന് ശേഷമാണ് കാറിന്റെ പിൻഭാഗം തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് റെയ്ഡ് ചെയ്യാൻ വരുന്നുവെന്ന് മനസിലാക്കിയ രാജേഷ് കെയു ജനീഷ് കുമാർ എംഎൽഎയുടെ സഹായം തേടി. കേസ് കോന്നി പൊലീസ് സ്റ്റേഷനിലാണെന്ന് കരുതി എംഎൽഎ അവിടേക്ക് ആണ് ബന്ധപ്പെട്ടത്. എന്നാൽ, പത്തനംതിട്ട സ്റ്റേഷനിൽ നിന്നാണ് പൊലീസ് വന്നത്. പത്തനംതിട്ടയുടെ ലിമിറ്റിലാണ് പ്രമാടം. വിവരം അറിഞ്ഞു പാഞ്ഞു വന്ന എംഎൽഎ പൊലീസിനോട് തട്ടിക്കയറുകയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രമാടം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ പോകുന്നയാളാണ് രാജേഷെന്നും അയാളെ താറടിക്കാനാണ് വ്യാജ പരാതിയെന്നും എംഎൽഎ പറഞ്ഞു. പൊലീസിന് താക്കീതും നൽകി. എന്നാൽ, പൊലീസ് എംഎൽഎയുടെ ആവശ്യം അംഗീകരിച്ചില്ല.
പ്രമാടത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററാണ്. കോൺഗ്രസ് കുടുംബമാണ് എൽഡിഎഫ് സ്ഥാനാർത്ഥി രാജേഷിന്റേത്. അടൂർ പ്രകാശിന്റെയും വലംകൈയായ റോബിൻ പീറ്ററിന്റെയും സന്തത സഹചാരിയായിരുന്നു രാജേഷ്. നേതാജി സ്‌കൂളിൽ വഴി വിട്ടാണ് പ്ലസ് ടു കോഴ്സ് അനുവദിപ്പിച്ചത്. അതിന് പിന്നിൽ അടൂർ പ്രകാശിന്റെ സ്വാധീനം ഉണ്ടായിരുന്നതായും പറയപ്പെടുന്നു. സ്വത്തു തർക്കം വന്നപ്പോൾ അടൂർ പ്രകാശും റോബിൻ പീറ്ററും മാനേജർ രവീന്ദ്രൻ പിള്ളയ്ക്ക് ഒപ്പമാണ് നിന്നിരുന്നത്.
അതാണ് രാജേഷിനെ ചൊടിപ്പിച്ചത്. ഇവരിൽ നിന്ന് അകന്ന് സഹായം തേടി കോന്നി എംഎൽഎയെ രാജേഷ് സമീപിക്കുകയായിരുന്നു. പ്രമാടത്ത് റോബിനെ നേരിടാൻ ഒരാളെ നോക്കി നടന്ന സിപിഎം രാജേഷിനെ കൈയേൽക്കുകയും എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്യുകയുമായിരുന്നു. അങ്ങനെയാണ് രാജേഷ് എൽഡിഎഫ് സ്ഥാനാർത്ഥിയായിരിക്കുന്നത്. സിപിഎം ഇടപെടലിനെ തുടർന്ന് വെടിയുണ്ടയുടെ അന്വേഷണം ഇപ്പോൾ നിലച്ച മട്ടാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്