- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉപതെരഞ്ഞെടുപ്പ് വിജയം ഭാഗ്യം കൊണ്ടായിരുന്നില്ലെന്ന് തെളിയിച്ചു; ദേശീയ ശ്രദ്ധ നേടിയ ശക്തമായ ത്രികോണ മത്സരത്തിൽ തുണയായത് സാമുദായിക വോട്ടുകൾ; കോന്നിയിൽ അടുത്ത അടൂർ പ്രകാശ് ആകാൻ കെയു ജനീഷ്‌കുമാർ
പത്തനംതിട്ട: 1996 ൽ കോന്നിയിൽ കന്നി മത്സരത്തിന് ഇറങ്ങിയ അടൂർ പ്രകാശ് വെറും ആയിരത്തിൽ താഴെ വോട്ടിനാണ് വിജയിച്ചത്. ഭാഗ്യം കൊണ്ടുള്ള ജയമെന്ന് സകലരും വിധിയെഴുതി. അടുത്ത തെരഞ്ഞെടുപ്പിൽ മണ്ഡലം തിരിച്ചു പിടിക്കാമെന്നും സിപിഎം കരുതി. എന്നാൽ, സംഭവിച്ചത് മറ്റൊന്നാണ്. പിന്നീട് വന്ന നാലു തെരഞ്ഞെടുപ്പുകളിലും അടൂർ പ്രകാശ് തന്റെ ഭൂരിപക്ഷം ഉയർത്തിക്കൊണ്ടിരുന്നു. മണ്ഡലം തിരിച്ചു പിടിക്കാനുള്ള മോഹം അതിമോഹമായി അവശേഷിച്ചു സിപിഎമ്മിന്.
ഇതേ രീതിയിലാണ് കെയു ജനീഷ് കുമാറിന്റെ കോന്നിയിലേക്കുള്ള വരവ്. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ അത് കോൺഗ്രസിലെ പടലപ്പിണക്കം കൊണ്ടാണെന്ന് വിധി വന്നു. ഇക്കുറി റോബിൻ പീറ്ററും അടൂർ പ്രകാശും കൂടി മണ്ഡലം തിരിച്ചു പിടിക്കുമെന്നും ജനീഷിന്റെ ഭാഗ്യം ഇവിടെ തീരുമെന്നുമായിരുന്നു ഏവരും കരുതിയത്. അതുണ്ടായില്ലെന്ന് മാത്രമല്ല ദേശീയ ശ്രദ്ധ നേടിയ, ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ വളരെ കൂളായി ജനീഷ്‌കുമാർ വിജയിച്ചു കയറി. ഈഴവ വോട്ടുകൾ ജനീഷിന്റെ വിജയത്തിൽ നിർണായകമായി.
കോന്നിയിൽ പുതിയൊരു യുഗപ്പിറവിയുടെ സിംഹാസനത്തിൽ അരിയിട്ടു വാഴ്ചയാണ് ജനീഷ് നടത്തിയത്. ഇനി അടൂർ പ്രകാശിന്റെ ചരിത്രം പറഞ്ഞ് തൃപ്തിയടയാൻ മാത്രമേ യുഡിഎഫിനാകൂ. അടൂർ പ്രകാശ് നടത്തിയതിന് സമാനമായ ഒരു വിജയ പരമ്പരയ്ക്കാണ് ജനീഷ് തുടക്കമിട്ടത്. അടൂർ പ്രകാശിന്റെ സന്തത സഹചാരിയും ജില്ലാ പഞ്ചായത്ത് അംഗവുമായ യു.ഡി.എഫിലെ റോബിൻ പീറ്ററിനെയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെയും പരാജയപ്പെടുത്തിയാണ് 8508 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജനീഷ് കുമാർ വീണ്ടും നിയമസഭയിലേക്ക് എത്തുന്നത്.
ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലം കൂടിയാണിത്. ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഡിഎഫിന് വേണ്ടി രാഹുൽ ഗാന്ധിയും ഉൾപ്പടെയുള്ള ദേശീയ നേതാക്കൾ പ്രചാരണത്തിന് എത്തി. ജനീഷിന് വേണ്ടി പിണറായി വന്നപ്പോൾ കണ്ട ജനസാഗരം തന്നെ തുടർ വിജയത്തിന്റെ സൂചന നൽകിയിരുന്നു. കോൺഗ്രസും ബിജെപിയും വിജയം ഉറപ്പിച്ച മണ്ഡലം കൂടിയായിരുന്നു കോന്നി. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ ഇരുന്നാണ് അദ്ദേഹം ഇന്നലെ വോട്ടെണ്ണൽ വീക്ഷിച്ചത്.
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും തുടർന്ന് എൽഎൽബിയും കരസ്ഥമാക്കിയിട്ടുണ്ട് ജനീഷ്. പത്തനംതിട്ട ബാറിലെ അഭിഭാഷകനാണ്. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഭരണസമിതി അംഗമായി പ്രവർത്തിക്കുന്നു. സീതത്തോട് കെആർപിഎംഎച്ച്എസ് എസിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായി പൊതു പ്രവർത്തനം ആരംഭിച്ചു. റാന്നി സെന്റ് തോമസ് കോളജ് യൂണിയൻ ചെയർമാൻ, യൂണിയൻ കൗൺസിലർ, മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എസ്എഫ്ഐ റാന്നി ഏരിയാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സിപിഎം സീതത്തോട് ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2010 ൽ സീതത്തോട് ഗ്രാമപഞ്ചായത്തംഗമായി.
നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
2017 ൽ റഷ്യയിലെ സോച്ചിയിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധികരിച്ച് സംസാരിച്ചു. പിതാവ്: പരേതനായ പിഎ ഉത്തമൻ. അമ്മ വിജയമ്മ. ഭാര്യ: അനുമോൾ (എച്ച്ഡിസി വിദ്യാർത്ഥിനി ). മക്കൾ: നൃപൻ കെ. ജനീഷ്, ആസിഫ അനു ജനീഷ്.
കോന്നിയിലെ വോട്ടിങ് നില
ഭൂരിപക്ഷം-8508
1)അഡ്വ.കെ.യു.ജനീഷ് കുമാർ(സിപിഎം)-62318
2)കെ. സുരേന്ദ്രൻ(ബിജെപി)-32811
3)റോബിൻ പീറ്റർ (കോൺഗ്രസ്)-53810
4) രഘു പി (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് പാർട്ടി ഓഫ് ഇന്ത്യ)- 214
5) സുകു ബാലൻ (അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ)-122
6)മനോഹരൻ (സ്വതന്ത്രൻ)- 75
നോട്ട-372
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്