- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തന്നെ പുറത്താക്കുക കെ സുധാകരന്റെ അജണ്ട; കോൺഗ്രസിനെ ബലഹീനമാക്കാനാണ് ശ്രമം; രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്ക് വിളിക്കാത്തത് മനഃപൂർവം; നേതൃത്വത്തെ വീണ്ടും വിമർശിച്ചു കെ വി തോമസ്; ലക്ഷ്യം വെക്കുന്നത് പാർട്ടി നടപടി ഇരന്നുവാങ്ങി രക്തസാക്ഷി പരിവേഷം നേടി മറുകണ്ടം ചാടാൻ
കൊച്ചി: കോൺഗ്രസ് നേതൃത്വത്തിൽ നിന്നും പണി ഇരന്നുവാങ്ങി മറുകണ്ടം ചാടാൻ മുതിർന്ന നേതാവ് കെ വി തോമസിന്റെ നീക്കം. ഇതിന്റെ ഭാഗമായി നേതൃത്വത്തിനെതിരെ തുടർ വിമർശനങ്ങളുമായി മുന്നോട്ടു പോകാനാണ് അദ്ദേഹത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി ഇന്ന് വീണ്ടും കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ വിമർശനവുമായി തോമസ് രംഗത്തുവന്നു.
കെ. സുധാകരൻ അടക്കമുള്ള നേതാക്കൾക്ക് തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ അജണ്ടയുണ്ടെന്ന് കെ വി തോമസ് പറഞ്ഞു. ഹൈക്കമാൻഡുമായി സംസാരിച്ച ശേഷം സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചതായിരുന്നു. എന്നിട്ടും സുധാകരൻ മാധ്യമങ്ങളോട് താൻ പുറത്തെന്ന് പറഞ്ഞുനടന്നുവെന്നും തോമസ് ആരോപിച്ചു.
തനിക്കെതിരെ ഒരു അച്ചടക്ക നടപടിയും ആരംഭിച്ചിട്ടില്ല. കാരണംകാണിക്കൽ നോട്ടീസ് മാത്രമേ തന്നിട്ടുള്ളൂ. ഇന്നലെ രാത്രി താൻ അതിന് ഇ-മെയിൽ മറുപടി നൽകി. ഇന്ന് പോസ്റ്റൽ ആയി അയച്ചു. എന്നിട്ടും കോൺഗ്രസ് യോഗത്തിലേക്ക് എന്തുകൊണ്ടാണ് തന്നെ ക്ഷണിക്കാത്തത്? ഇതേ സമീപനമാണ് സുധാകരൻ എടുത്തത്. താരിഖ് അൻവറുമായും കെ.സി.വേണുഗോപാലിനോടും സംസാരിച്ച ശേഷം കണ്ണൂർ സെമിനാറിൽ പോകുന്നില്ലെന്ന് അറിയിച്ചതാണ്. പിറ്റേ ദിവസം മുതൽ സുധാകരൻ തുടങ്ങി. എന്നെ പുറത്താക്കണമെന്ന ഒരു അജണ്ട ഇവിടെയുള്ളവർക്കുണ്ട്. അതിപ്പോൾ തുടങ്ങിയതല്ല. ഇതിൽ എന്ത് രാഷ്ട്രീയ മര്യാദയാണുള്ളതെന്നും കെ.വി.തോമസ് ചോദിച്ചു.
'എന്റെ കാര്യം വരുമ്പോൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പുറത്താക്കാൻ നോക്കുന്നു. എന്നെ യോഗത്തിലേക്ക് വിളിച്ചിട്ടില്ലെന്ന് എല്ലാ നേതാക്കൾക്കും അറിയാം. അവർ ചോദിക്കേണ്ടേ സുധാകരനോട് ഇക്കാര്യം? അതുണ്ടായില്ല. ഇത് ശരിയായ സമീപനമല്ല. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഇടപെട്ട ഒരു കാര്യമാണ്. സെമിനാറിൽ പോകേണ്ട എന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശം ഞാൻ അനുസരിച്ചപ്പോൾ, പിറ്റേ ദിവസം മുതൽ സുധാകരൻ ചീത്ത പറച്ചിൽ തുടങ്ങി.
2018 മുതൽ തന്നെ പുറത്താക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. എനിക്ക് പ്രായമായെന്നും ഏഴ് പ്രാവശ്യം ജയിച്ചെന്നും പറഞ്ഞാണ് പുറത്താക്കാനുള്ള നീക്കം നടത്തിയത്. ഞാൻ ഇവർക്ക് കണ്ണിലെ കരടാണ്. എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. 2004-ൽ ഞാൻ ഐ ഗ്രൂപ്പ് വിട്ടത് ഒരു കാരണമാകും. ഇവർ എത്ര ശ്രമിച്ചാലും മനസ്സ് കൊണ്ടും ശരീരംകൊണ്ടും ഞാൻ കോൺഗ്രസുകാരനാണ്', തോമസ് കൂട്ടിച്ചേർത്തു.
ഇങ്ങനെയൊരു നേതൃത്വം കേരളത്തിൽ വേണോ എന്ന് ആലോചിക്കണം. തന്റെയും കെ.സുധാകരന്റെയും സാമ്പത്തികം അന്വേഷിക്കണം. പാർട്ടിയിൽ സ്ഥാനമാനങ്ങൾ നേടിയത് താൻ മാത്രമല്ല. സ്ഥാനം ലഭിച്ചിട്ടുണ്ടെങ്കിൽ പാർട്ടിക്കായി തിരിച്ചും ചെയ്തിട്ടുണ്ട്. തന്നെക്കാൾ പ്രായമുള്ളവർ ഉയർന്ന സ്ഥാനങ്ങളിൽ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗവും കെപിസിസി നിർവാഹക സമിതിയും ഇന്നും നാളെയുമായി ചേരാനിരിക്കെയാണ് കെ.വി.തോമസിന്റെ ആരോപണം. രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്കു കെ.വി. തോമസിനെ ക്ഷണിച്ചിട്ടില്ല. കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുത്തതിന് അദ്ദേഹത്തിനെതിരെ കർശന നടപടി എടുക്കണമെന്നാണു കെപിസിസിയിലെ പൊതുനിലപാട്. വിഷയത്തിൽ ഐസിസിയുടെ കാരണം കാണിക്കൽ നോട്ടിസിനു കെ.വി.തോമസ് മറുപടി നൽകിയ സാഹചര്യത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനത്തിനായി കാക്കുകയാണ് കെപിസിസി നേതൃത്വം.
മറുനാടന് മലയാളി ബ്യൂറോ