- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ വി തോമസിനെ പുറത്താക്കുമോ? ഒതുക്കി ഒരു സൈഡിൽ ഇടുമോ? എ കെ ആന്റണിയുടെ മനസിൽ എന്തെന്ന് അറിയാതെ കോൺഗ്രസുകാർ; കോൺഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന ചേരുമ്പോൾ ആദ്യ ഘട്ടത്തിൽ വിശദീകരണം തേടും; തന്നെ ചവിട്ടിപ്പുറത്താക്കാൻ പറ്റില്ലെന്ന് കെ വി തോമസ്
ന്യൂഡൽഹി: പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കോൺഗ്സ്നേതാവ് കെ വി തോമസിന് ഇന്ന് നിർണായക ദിനം. തോമസിനെതിരെയുള്ള നടപടിയിൽ കോൺഗ്രസ് ഇന്ന് തീരുമാനമെടുത്തേക്കും. വിഷയം ചർച്ച ചെയ്യാനായി എ കെ ആന്റണി അധ്യക്ഷനായ അഞ്ചംഗ അച്ചടക്ക സമിതി ഇന്ന് യോഗം ചേരും.
ആദ്യഘട്ടമെന്ന നിലയിൽ കെ വി തോമസിനോട് വിശദീകരണം തേടും. വിശദീകരണം കിട്ടിയ ശേഷമാകും തുടർ നടപടി. കെ വി തോമസിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് കെപിസിസിയുടെ ശുപാർശ. അച്ചടക്കം ലംഘിച്ച കെ വി തോമസിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു.
കൊച്ചിയിൽ തോമസ് നടത്തിയ വാർത്താസമ്മേളനവും സെമിനാറിൽ പങ്കെടുത്തതും അച്ചടക്ക ലംഘനവും പ്രവർത്തകരുടെ വികാരത്തെ ഹനിക്കുന്നതുമായ നടപടിയാണെന്ന് എഐസിസിക്ക് അയച്ച കത്തിൽ കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തുന്നു. കെ വി തോമസിന് എതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്നായിരുന്നു എഐസിസിയുടെ മുൻനിലപാട്.
എന്നാൽ കെ വി തോമസ് എഐസിസി അംഗമായതിനാൽ നടപടി ഹൈക്കമാൻഡ് സ്വീകരിക്കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുന്നത് അടക്കമുള്ള കെപിസിസിയുടെ ആവശ്യം ഹൈക്കമാൻഡ് അംഗീകരിച്ചേക്കും. തോമസിന്റെ പിണറായി സ്തുതിയും കെ റെയിൽ പിന്തുണയും വഴി പാർട്ടിയിൽ തോമസിനോട് മൃദുസമീപനമുള്ളവരും നിലപാട് മാറ്റുമെന്നാണ് കെപിസിസി നേതൃത്വം പ്രതീക്ഷിക്കുന്നത്.
അതേസമയം തന്നെ ചവിട്ടിപ്പുറത്താക്കാൻ പറ്റില്ലെന്ന് കെ.വി.തോമസ് പറഞ്ഞു. ഓട് പൊളിച്ചുവന്ന ആളല്ല താൻ. അവസാന ശ്വാസംവരെ കോൺഗ്രസുകാരനായി തുടരുമെന്നും കെ.വി.തോമസ് പറഞ്ഞു. ഇന്നലെയും കെപിസിസി നേതൃത്വത്തെ കുറ്റപ്പടെുത്തി കൊണ്ടാണ് കെ വി തോമസ് രംഗത്തുവന്നത്. കെപിസിസി അധ്യക്ഷൻ ഭീഷണിപ്പെടുത്തിയെന്നും അതുകൊണ്ടാണ് വിലക്ക് ലംഘിച്ച് കണ്ണൂരിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നെ ബുള്ളറ്റിന് മുന്നിൽ നിർത്തി തീരുമാനമെടുപ്പിക്കാമെന്നൊന്നും കരുതേണ്ട. നടപടിയെടുക്കേണ്ടത് ഇവിടെയല്ല, കോൺഗ്രസ് പ്രസിഡന്റാണെന്നും കെ.വി തോമസ് പറഞ്ഞു. ഞാൻ ഇപ്പോഴും കോൺഗ്രസുകാരൻ തന്നെയാണ്. സെമിനാറിൽ പങ്കെടുത്തതുകൊണ്ട് അങ്ങനെയല്ലാതാവുന്നില്ല. കെ.റെയിലിന് കൈപൊക്കിയ ആളല്ല ഞാൻ. എന്നാൽ അന്ധമായി ഒന്നിനേയും എതിർക്കാൻ പാടില്ല. ഭരിക്കുന്നത് ആരെന്ന് നോക്കി വികസനത്തെ തടയുന്നത് ശരിയല്ലെന്നും കെ.വി തോമസ് ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ