കാബൂൾ : അഫ്ഗാനിസ്താനിലെ കാബൂൾ വിമാനത്താവളത്തിനു സമീപം തിക്കിലും തിരക്കിലും പെട്ട് ഏഴ് അഫ്ഗാനിസ്ഥാൻ പൗരന്മാർ മരിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം. ആയിരക്കണക്കിനുപേർ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ തിക്കും തിരക്കും സംഘർഷത്തിലേക്കു നയിച്ചുവെന്നും ഇതാണ് മരണത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ട്.

നിലവിലെ സാഹചര്യം ഏറെ വെല്ലുവിളി ഉയർത്തുന്നതാണെന്നും ജനങ്ങൾക്ക് പരമാവധി സുരക്ഷ ഒരുക്കാൻ ശ്രമിക്കുകയാണെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് താലിബാൻ വീണ്ടും അധികാരത്തിലേറിയതിനെ തുടർന്ന് നിരവധിപ്പേരാണ് ദിവസവും അഫ്ഗാനിസ്താൻ വിട്ടുപോകുന്നത്.

അഫ്ഗാനിസ്താനിൽ താലിബാൻ നിയന്ത്രണം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടുമ്പോൾ വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പലായനം ചെയ്യാനായി സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിനാളുകളാണ് വിമാനത്താവളങ്ങളിലും പരിസരങ്ങളിലും കാത്തിരിക്കുന്നത്.

അതേ സമയം സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി അഫ്ഗാനിസ്താനിലെ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അമേരിക്കയും ജർമനിയും. കാബൂൾ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നാണ് തങ്ങളുടെ പൗരന്മാർക്ക് ഇരുരാജ്യങ്ങളും നൽകിയിരിക്കുന്ന നിർദ്ദേശം.

താലിബാൻ നിയന്ത്രണം ഏറ്റെടുത്ത ശേഷം കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത ചൂടും പൊടിയും വകവെക്കാതെ സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആയിരക്കണക്കിന് പേരാണ് കാബൂൾ വിമാനത്താവളത്തിലേക്ക് രാജ്യം വിടാനുള്ള വിമാനം തേടി എത്തുന്നത്.

യാത്രാ രേഖകളില്ലാതെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവരെ വഴിയിൽ തടഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോകാൻ താലിബാൻ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച മുതൽ റൺവേയിലും പരിസരത്തുമായി കുറഞ്ഞത് 12 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നാറ്റോയും താലിബാനും അറിയിക്കുന്നത്.

'കാബൂൾ വിമാനത്താവളത്തിലെ കവാടങ്ങൾക്ക് പുറത്ത് സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നതിനാൽ, യുഎസ് സർക്കാർ പ്രതിനിധികളുടെ വ്യക്തിഗത നിർദ്ദേശം ലഭിക്കാത്തപക്ഷം വിമാനത്താവളത്തിലേക്ക് യാത്ര ഒഴിവാക്കാൻ ഞങ്ങൾ യു.എസ്. പൗരന്മാരോട് നിർദ്ദേശിക്കുന്നു,' യു.എസ്. എംബസി വക്താവ് അറിയിച്ചു.

പൗരന്മാർ കാബൂൾ വിമാനത്താവളത്തിലേക്ക് പോകുന്നത് ജർമൻ എംബസിയും വിലക്കിയിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് താലിബാൻ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്നും അതിനാൽ വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി ഇമെയിലിലൂടെയാണ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്.

സുരക്ഷാഭീഷണി തള്ളിക്കളയാനാവില്ലെന്നും രാജ്യത്ത് നിന്ന് പോകാൻ ശ്രമിക്കുന്ന ആളുകൾക്ക് ഈ ആഴ്ചയോടെ തന്നെ അതിനുള്ള സാഹചര്യം മെച്ചപ്പെടുത്തുമെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് സംസാരിച്ച ഒരു താലിബാൻ പ്രതിനിധി പറഞ്ഞു.

അതേസമയം അഫ്ഗാനിൽ പുതിയ സർക്കാർ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ താലിബാൻ വേഗത്തിലാക്കിയിരിക്കുകയാണ്. താലിബാൻ സഹസ്ഥാപകനായ മുല്ല ബരാദർ ശനിയാഴ്ച മറ്റ് നേതാക്കളുമായുള്ള ചർച്ചകൾക്കായി കാബൂളിലെത്തിയിരുന്നു.