തിരുവനന്തപുരം: റേഡിയോ വെക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. അരുവിക്കര കാച്ചാണിയിലാണ് സംഭവം. ജ്യേഷ്ടൻ അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

അരുവിക്കര ബിസ്മി നിവാസിൽ സമീർ ( 27) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ഹിലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. സഹോദരങ്ങൾ തമ്മിൽ റേഡിയോ വയ്ക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായി. സമീർ റേഡിയോ ഓഫ് ചെയതത് ഹിലാലിന് ഇഷ്ടപ്പെട്ടില്ല. മാതാപിതാക്കൾ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. എന്നാൽ രാത്രി ഹാളിൽ ഉറങ്ങിക്കിടന്ന സമീറിനെ ഹിലാൽ കമ്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പേരൂർക്കട ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സഹോദരങ്ങൾ തമ്മിൽ നേരത്തേ പ്രശ്‌നമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഹിലാൽ പതിവായി റേഡിയോ ഉച്ചത്തിൽ വയ്ക്കുമായിരുന്നു. ഇന്നലെയും ഇയാൾ റേഡിയോ ശബ്ദംകൂട്ടി വച്ചു. ഇതോടെയാണ് തർക്കം തുടങ്ങുന്നത്. ഇതിനെ ചോദ്യം ചെയ്ത ഷമീർ റേഡിയോ ഓഫ് ചെയ്തു. ഇതിനിടെ വീട്ടുകാർ ഇടപെട്ടു. എങ്കിലും പക തീർന്നില്ല. ഷമീർ കിടന്നുറങ്ങുമ്പോൾ ഹിലാൽ ഇരുമ്പുപൈപ്പുകൊണ്ട് തലയ്ക്കടിക്കുകയിരുന്നു. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഷമീറിനെ ആശുപത്രിയിൽ എത്തിച്ചത്.

ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. കൊല നടക്കുമ്പോൾ ചേട്ടനും അനുജനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇരുവരും ഒരുമിച്ച് വീട്ടിനുള്ളിലെ ഹാളിൽ കിടക്കുകയായിരുന്നു. രാത്രിയിലും ചേട്ടൻ ഹിലാൽ റേഡിയോയിൽ പാട്ട് കേട്ട് കൊണ്ട് കിടന്നപ്പോൾ അനുജൻ സമീർ റേഡിയോ ഓഫ് ചെയ്തു. ഇതിനെ തുടർന്ന് തർക്കമുണ്ടാവുകയും തൊട്ടടുത്തുണ്ടായിരുന്ന കമ്പി ഉപയോഗിച്ച് അനുജന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു.

സംഭവമറിഞ്ഞെത്തിയ അയൽക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു. ചേട്ടൻ ഹിലാലിനെ കസ്റ്റഡിയിലെടുത്തു. ഹിലാലിന് മാനസിക പ്രശ്‌നമുണ്ടന്നാണ് പൊലീസ് നൽകുന്ന സൂചന. മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറി. പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.