- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവും ഇപ്പോഴത്തെ ഭാര്യയും ചേർന്ന് കള്ളക്കഥകൾ ചമച്ചു, കുട്ടിക്ക് മയക്കുമരുന്ന് നൽകി; മകൾ നിരപരാധിയെന്ന് ആവർത്തിച്ച് മാതാപിതാക്കൾ; ഭാര്യ മകനെ പീഡിപ്പിച്ചെന്ന് പൊലീസിൽ പരാതിപ്പെട്ടില്ലെന്ന് ഭർത്താവ്; കുട്ടിയിലെ വൈകല്യങ്ങൾ പൊലീസിൽ അറിയിച്ചു; കടയ്ക്കാവൂർ കേസിൽ അടിമുടി വൈരുദ്ധ്യങ്ങൾ; യുവതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: കടയ്ക്കാവൂർ പോക്‌സോ കേസിന് പിന്നിലെ യഥാർത്ഥ കഥ മറുനാടൻ പുറത്തു കൊണ്ടുവന്നതോടെ യുവതിയുടെ നിരപരാധിത്തം തെളിയിക്കാൻ വേണ്ടി വലിയ ഇടപെടലുകളാണ് ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. അടിമുടി വൈരുധ്യങ്ങൾ നിറഞ്ഞ കേസിൽ പൊലീസ് പ്രതീക്കൂട്ടിലായതോടെ സ്വാധീനത്തിന് പൊലീസ് വഴങ്ങിയോ എന്ന കാര്യം അന്വേഷിക്കാൻ ഐജി ഹർഷിത അട്ടല്ലൂരിയെ നിയോഗിച്ചിട്ടുണ്ട്. വനിതാ കമ്മീഷന്റെ ഭാഗത്തും നിന്നും കേസിൽ ഇടപെടൽ ഉണ്ടായിട്ടുണ്ട്.
ഭർത്താവിന്റെ കള്ളപ്പരാതിയാണ് യുവതിയെ അഴിക്കുള്ളിലാക്കിയതെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ഈ സാഹച്യത്തിൽ യുവതിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. പോക്‌സോ കേസ് ആയതിനാൽ ജാമ്യം കിട്ടുമോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. ജാമ്യം കിട്ടാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കാൻ യുവതിക്ക് മറുനാടൻ സജ്ജീകരണം ചെയ്തിട്ടുണ്ട്.
അതേസമയം മകൾ നിരപരാധിയെന്ന് വ്യക്തമാക്കി കടയ്ക്കാവൂരിൽ പോക്സോ കേസിൽ അറസ്റ്റിലായ യുവതിയുടെ മാതാപിതാക്കൾ വീണ്ടും അവർത്തിച്ചു കൊണ്ട് രംഗത്തുവന്നു. ഭർത്താവും ഇപ്പോഴത്തെ ഭാര്യയും ചേർന്ന് കള്ളക്കഥകൾ ചമയ്ക്കുകയാണെന്നാണ് മാതാപിതാക്കൾ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. കുട്ടിക്ക് മയക്കുമരുന്നു നൽകിയെന്നും ഇവർ ആരോപിക്കുന്നു. സ്ത്രീധനത്തിനാണ് വേണ്ടിയാണ് മകൾക്കെതിരെ കള്ളക്കേസ് നൽകിയതെന്നും യുവതിയുടെ മാതാപിതാക്കൾ പറഞ്ഞു.
മകളുടെ വിവാഹം കഴിഞ്ഞിട്ട് പതിനെട്ട് വർഷമായി. വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങി. നൽകാമെന്നേറ്റതല്ലാതെ കൂടുതൽ തുക ആവശ്യപ്പെടരുതെന്ന് നിക്കാഹിന്റെ സമയത്ത് എഴുതി വാങ്ങിയതാണ്. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞ് മകളുടെ ഭർത്താവിന്റെ അമ്മ കൂടുതൽ തുക ആവശ്യപ്പെട്ടു തുടങ്ങിയെന്ന് മാതാപിതാക്കൾ പറഞ്ഞു.
അതേസമയം, ഭാര്യ മകനെ പീഡിപ്പിച്ചുവെന്ന് കാണിച്ച് പൊലീസിൽ പരാതിപ്പെട്ടിട്ടില്ലെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു. കുട്ടിയിൽ ചില വൈകല്യങ്ങൾ കണ്ടതോടെ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ എത്തി. കുട്ടിയോട് എസ്ഐയും വനിതാ പൊലീസ് ഉദ്യോഗസ്ഥയും ചില കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അതിന് ശേഷം കൗൺസിലിംഗിന് വിധേയമാക്കുകയായിരുന്നുവെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു.
പൊലീസിന്റെ വീഴ്ച വനിതാ കമ്മിഷനും ചൂണ്ടിക്കാട്ടി. പോക്‌സോ കേസിന്റെ നിജസ്ഥിതി ശിശുക്ഷേമസമിതിയും അന്വേഷിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കേസും കെട്ടിച്ചമച്ച പരാതിയെന്ന ആരോപണവും ഏറെ അസ്വസ്ഥതയുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു. അറസ്റ്റിലായ യുവതിയുടെ ഇളയമകന്റെ വെളിപ്പെടുത്തൽ ശരിവയ്ക്കുന്ന തരത്തിലാണ് യുവതിയും ഭർത്താവും തമ്മിലുള്ള കുടുംബപ്രശ്‌നങ്ങൾ. മൂന്നു വർഷമായി കുടുംബം വേർപ്പെട്ട് കഴിയുകയാണ്. ഇതിനിടെ വിവാഹമോചനം നേടാതെ ഭർത്താവ് രണ്ടാം വിവാഹം കഴിച്ചു. അതിനെ എതിർത്തതോടെ ഭീഷണി തുടങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
രണ്ടാം വിവാഹത്തിനു ശേഷം മൂന്നു മക്കളുമായി ഭർത്താവ് വിദേശത്ത് പോയിരുന്നു. അവിടെവച്ച് മകന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ട് ചോദ്യം ചെയ്തപ്പോഴാണ് വർഷങ്ങളായി നടക്കുന്ന പീഡനവിവരം പറഞ്ഞതെന്നാണ് മൊഴി. രഹസ്യമൊഴിയുൾപ്പെടെ രേഖപ്പെടുത്തിയാണ് അറസ്റ്റെന്ന് പൊലീസും വിശദീകരിക്കുന്നു. എന്നാൽ കുടുംബപ്രശ്‌നമോ മൊഴിയിലെ പൊരുത്തക്കേടുകളോ അന്വേഷിക്കാൻ പൊലീസ് തയാറായില്ല. പരാതിയുമായി ചെന്നപ്പോൾ പൊലീസുദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പരാതിപ്പെടുന്നുണ്ട്.
നേരത്തെ അതേസമയം എഫ്ഐആറിൽ പരാതിക്കാരന്റെ സ്ഥാനത്ത് പേരു ചേർത്ത സംഭവത്തിൽ പരാതി നൽകാനൊരുങ്ങുകയാണ് ബാലക്ഷേമ സമിതിയും. ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും പരാതി നൽകാനാണ് നീക്കം. കൗൺസിലിങ് നൽകാൻ ആവശ്യപ്പെട്ട് പൊലീസ് നൽകിയ കത്തും പരാതിക്കൊപ്പം നൽകും. പൊലീസിനോടും വിശദീകരണം ആവശ്യപ്പെടും. എഫ്ഐആറിൽ പരാതിക്കാരന്റെ സ്ഥാനത്ത് ശിശുക്ഷേമ സമിതി ചെയർ പേഴ്‌സന്റെ പേരു ചേർത്തത് നേരത്തെ വിവാദമായിരുന്നു.
ഇതിനെതിരെ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ. എൻ സുനന്ദ രംഗത്തെത്തിയിരുന്നു. കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന വിവരം പൊലീസിനെ അറിയിച്ചത് ശിശുക്ഷേമസമിതിയല്ലെന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ. എൻ സുനന്ദ വ്യക്തമാക്കിയത്. പൊലീസ് ശിശുക്ഷേമസമിതിയോട് കുട്ടിക്ക് കൗൺസിലിങ് കൊടുത്ത് റിപ്പോർട്ട് നൽകാൻ മാത്രമാണ് പറഞ്ഞത്. അത് ചെയ്തിട്ടുണ്ടെന്നും പൊലീസ് എഫ്ഐആറിൽ വിവരമറിയിച്ചത് സിഡബ്ല്യുസി ആണെന്ന് എഴുതിയത് തെറ്റാണെന്നും ശിശുക്ഷേമസമിതി അധ്യക്ഷ വ്യക്തമാക്കിയിരുന്നു. ഇതും കേസിലെ കള്ളക്കളിയെന്ന ആരോപണത്തിന് കരുത്തു പകരുന്നതാണ്.
ആറ്റിങ്ങൽ ഡി.വൈ.എസ്‌പി എസ്.വൈ സുരേഷ് 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് യുവതിയെ അറസ്റ്റ് ചെയ്യിപ്പിച്ചതെന്ന് ആരോപണമുന്നയിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് മുമ്പാകെ ലഭിച്ചിട്ടുണ്ട്. തട്ടത്തുമലയിലുള്ള ഒരു അഭിഭാഷകൻ ഇടനിലക്കാരനായാണ് പണം ഡി.വൈ.എസ് പി കൈമാറിയതെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ സിഐക്ക് മേൽ ഡി.വൈ.എസ്‌പി യുവതിയെ അറസ്റ്റ് ചെയ്യാൻ സമ്മർദ്ദം ചെലുത്തി. എന്നാൽ സിഐ ഇത് വിസമ്മതിക്കുകയും അവധിയിൽ പോകുകയും ചെയ്തു. തുടർന്ന് കടയ്ക്കാവൂർ എസ്‌ഐ വിനോദ് വിക്രമാദിത്യൻ ഡി.വൈ.എസ്‌പിയുടെ നിർദ്ദേശം അനുസരിച്ച് ഡിസംബർ 28 ന് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നായിരുന്നു ആരോപണം.
യുവതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇക്കാര്യങ്ങൾ മാധ്യമങ്ങൾ വഴി പുറം ലോകത്തെ അറിയിച്ചതിന് 1 ലക്ഷം രൂപ കൂടി ഡി.വൈ.എസ്‌പിക്ക് യുവതിയുടെ മുൻ ഭർത്താവ് കൈമാറി എന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടർന്ന് ഡി.ജി.പി സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അസി.കമ്മീഷ്ണർ പദവിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായാണ് വിവരം. ഇതോടെ യുവതിയെ മനഃപൂർവ്വം കുടുക്കി ജയിലിലടക്കാൻ പൊലീസ് ഒത്താശ ചെയ്തു എന്ന വിവരമാണ് പുറത്ത് വരുന്നത്. ഈ പശ്ചാത്തലത്തിലാണ് ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണ നടത്തുന്നത്.
ബി.എസ്.സി വിദ്യാർത്ഥിനി ആയിരിക്കവെയാണ് ടെമ്പോ ക്ലീനർ ആയ വ്യക്തി യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിൽ നാല് മക്കളുണ്ട്. യുവതിയുടെ ബന്ധുക്കളുടെ സഹായത്തോടെ വിദേശത്ത് പോവുകയും ബിസിനസ് ആരംഭിക്കുകയും ചെയ്ത ഭർത്താവ് മറ്റൊരാളുടെ ഭാര്യയും രണ്ടു മക്കളുടെ മാതാവായ സ്ത്രീയുമായി വേറെ താമസമാക്കി. ഇതോടെയാണ് യുവതിയും ഭർത്താവും തമ്മിൽ നിയമപ്രശ്നങ്ങൾ ആരംഭിച്ചത്. ഇതിനു മുമ്പ് തന്നെ ഭർത്താവ് സാമ്പത്തികം ആവശ്യപ്പെട്ടു യുവതിയെയും മക്കളെയും മർദ്ദിച്ചിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതി. നിലവിൽ മൂന്ന് മക്കളും പിതാവിനൊപ്പം വിദേശത്താണ്.
2019 ഡിസംബറിൽ പിതാവിനൊപ്പം വിദേശത്ത് എത്തിയ രണ്ടാമത്തെ മകനാണ് ഒരുവർഷത്തിനുശേഷം ചൈൽഡ് ലൈൻ മുന്നിൽ മാതാവിനെതിരെ മൊഴി നൽകിയത്. നിലവിൽ 13 വയസ്സുള്ള കുട്ടിയോട് അഞ്ചാംക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ മോശമായ രീതിയിൽ മാതാവ് പെരുമാറുന്നതായി മൊഴിയിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസും അറസ്റ്റും ഉണ്ടായത്. ഈ മൊഴി പിതാവ് പറഞ്ഞു പഠിപ്പിച്ച് പറയിച്ചത് ആണെന്നാണ് ബന്ധുക്കളുടെ ആരോപണം.
മറുനാടന് മലയാളി ബ്യൂറോ