- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ കൈയേറ്റം ചെയ്തെന്ന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു; പഞ്ചായത്ത് അംഗത്തെ മർദിച്ചുവെന്ന കേസ് ഏനാത്ത് പൊലീസ് എഴുതി തള്ളി; പഞ്ചായത്തംഗം സർക്കാർ ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തിയെന്ന പരാതിയിൽ ക്രിമിനൽ കേസും അറസ്റ്റ് ഭീഷണിയും: ഹെൽത്ത് ഇൻസ്പെക്ടറെ തിരിച്ചെടുക്കേണ്ട ഗതികേടിൽ കടമ്പനാട് പഞ്ചായത്ത് കമ്മറ്റി
അടൂർ: 22 വയസുള്ള കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് മാനദണ്ഡം ലംഘിച്ച് കോവിഡ് വാക്സിൻ സ്വീകരിച്ചുവെന്ന് വാർത്ത പുറത്തു വരികയും വിവാദമാവുകയും ചെയ്ത പശ്ചാത്തലത്തിൽ ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്ത പഞ്ചായത്ത് കമ്മറ്റിക്ക് ഇപ്പോൾ മനസ്താപം.
ഹെൽത്ത് ഇൻസ്പെക്ടർക്കെതിരേ നൽകിയ കള്ളക്കേസുകളിൽ ഒന്ന് പൊലീസ് തന്നെ എഴുതി തള്ളുകയും മറ്റൊന്ന് ഹൈക്കോടതി സ്റ്റേ ചെയ്യുകയും , ഹെൽത്ത് ഇൻസ്പെക്ടർ പഞ്ചായത്ത് അംഗത്തിനെതിരേ ഡ്യൂട്ടി തടസപ്പെടുത്തിയതിന് നൽകിയ പരാതി നിലനിൽക്കുകയും ചെയ്യുന്നതോടെയാണ് പഞ്ചായത്ത് കമ്മറ്റി വെട്ടിലായത്.
കടമ്പനാട് പിഎച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുഴിവേലിയെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാണ് പഞ്ചായത്ത് കമ്മറ്റി സസ്പെൻഡ് ചെയ്തത്. പഞ്ചായത്തി രാജിൽ പറയുന്ന അധികാരം ദുർവിനിയോഗം ചെയ്തായിരുന്നു സസ്പെൻഷൻ. പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപിനെ കൈയേറ്റം ചെയ്തുവെന്നും തടയാൻ ശ്രമിച്ച അംഗം ലിന്റോ യോഹന്നാനെ മർദിച്ചുവെന്നും കാട്ടി രണ്ടു പരാതികളാണ് ഏനാത്ത് പൊലീസിൽ നൽകിയത്. തന്നെ ലിജോ യോഹന്നാൻ മർദിച്ചുവെന്ന് കാട്ടി സുരേഷ് കുഴിവേലിയും പരാതി നൽകിയിരുന്നു.
പ്രസിഡന്റിന്റെയും പഞ്ചായത്തംഗത്തിന്റെയും പരാതികളിൽ ഒരോ കേസ് വീതം സുരേഷിന് എതിരേ എടുത്തു. ഇതിൽ പഞ്ചായത്തംഗത്തിന്റെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് പൊലീസ് തന്നെ എഴുതി തള്ളി. പഞ്ചായത്ത് പ്രസിഡന്റിനെ കൈയേറ്റം ചെയ്തുവെന്ന കേസ് സുരേഷിന്റെ ഹർജിയിൽ ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തു.
പിന്നെയാണ് കളി മാറിയത്. സർക്കാർ ജീവനക്കാരന്റെ ഡ്യൂട്ടി തടസപ്പെടുത്തുകയും മർദിക്കുകയും ചെയ്തതിന് പഞ്ചായത്തംഗം ലിന്റോ യോഹന്നാനെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു. സിപിഎം അടൂർ ഏരിയാ കമ്മറ്റി നേതാവിന്റെ സമ്മർദത്തെ തുടർന്ന് പൊലീസ് അറസ്റ്റ് വൈകിപ്പിക്കുകയായിരുന്നു. എന്നാൽ, ലിന്റോയെ അറസ്റ്റ് ചെയ്യുമെന്ന നിലപാടിലാണ് ഇപ്പോൾ പൊലീസ്.
ഇതോടെയാണ് പണി പാളിയത്. സുരേഷ് കുഴിവേലിയുമായി രമ്യതയിൽ പോകാൻ തീരുമാനിച്ചത് അങ്ങനെയാണ്. പഞ്ചായത്ത് കമ്മറ്റി സസ്പെൻഡ് ചെയ്തതിന് എതിരേ സുരേഷ് ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. സസ്പെൻഷൻ നിലനിൽക്കില്ലെന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഇന്ന് ചേരുന്ന പഞ്ചായത്ത് കമ്മറ്റി യോഗം സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിക്കും.
പകരം, ലിന്റോയ്ക്കെതിരായ പരാതി പിൻവലിക്കാൻ സുരേഷിനോട് ആവശ്യപ്പെടാനാണ് നീക്കം. പരാതി പിൻവലിച്ചു കഴിയുമ്പോൾ ഇവിടെ നിന്ന് വടക്കൻ ജില്ലയിലേക്ക് തട്ടാനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ട്. പരാതി പിൻവലിക്കാൻ തന്നെ ആരും സമീപിച്ചിട്ടില്ലെന്നും വന്നാൽ തന്നെ അതിന് ഒരുക്കമല്ലെന്നുമാണ് സുരേഷിന്റെ നിലപാട്. അടുത്തു തന്നെ സർവീസിൽ നിന്ന് വിരമിക്കാൻ പോകുന്നയാളാണ് സുരേഷ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്